Connect with us

Wayanad

വിത്തുത്സവം നാളെ മുതല്‍ നടവയലില്‍

Published

|

Last Updated

കല്‍പ്പറ്റ: വാണിജ്യനീതിയും സുസ്ഥിര കൃഷിയും അടിത്തറയാക്കി പ്രവര്‍ത്തിക്കുന്ന ചെറുകിട കര്‍ഷകരുടെ പ്രസ്ഥാനമായ ഫെയര്‍ ട്രേഡ് അലയന്‍സ് കേരളയുടെ ആഭിമുഖ്യത്തില്‍ നാളെ മുതല്‍ 26 വരെ നടവയലില്‍ വിത്തുത്സവം നടത്തും.
അന്യം നിന്നുപോകുന്ന കാര്‍ഷികവിളകളുടെയും കേരളത്തിന്റെ തനത് ജനുസുകളുടെയും വിത്തുകളുടെ പ്രദര്‍ശനവും കൈമാറ്റവും വിത്തുത്സവത്തിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരമ്പരാഗത കര്‍ഷകര്‍, കര്‍ഷക സംഘടനകള്‍, സ്വകാര്യ സംരംഭകര്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് തദ്ദേശീയ വിത്തുകളുടെയും പക്ഷി-മൃഗജനുസുകളുടെയും പ്രദര്‍ശനവും കൈമാറ്റവും നടത്തുക.
മുപ്പതോളം ഇനം ചേനകളുള്‍പ്പെടെ 250ലേറെ കിഴങ്ങുവര്‍ഗങ്ങളും നിരവധി ഇല വര്‍ഗങ്ങളും 22 കുരുമുളക് ഇനങ്ങളും വയനാടിന് തനതായി ഉണ്ട്. ഇതിലേറെയും അന്യം നിന്നുപോവുകയാണ്. ഇപ്പോഴത്തെ തലമുറയ്ക്ക് ഇവയെക്കുറിച്ച് അറിയാത്ത സാഹചര്യമാണ്. കുറിച്യ കോഴി പോലുള്ള വിവിധ ഇനം കോഴികളും കാസര്‍ഗോഡ് മുണ്ടന്‍, വെച്ചൂര്‍ പശു പോലുള്ള പശു വര്‍ഗങ്ങളും അട്ടപ്പാടി ബ്ലാക്ക് പോലുള്ള ആട് വര്‍ഗങ്ങളും നമ്മുടെ നാട്ടിലുണ്ട്. വിവിധ ഇനം നെല്‍വിത്തിനങ്ങളും അന്യം നിന്നുകൊണ്ടിരിക്കുകയാണ്. സങ്കരഇനമല്ലാത്ത എല്ലാ വിത്തുകളും വിത്തുത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. കേരളത്തിലെയും കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലേയും ഉള്‍പ്പെടെ സുസ്്ഥിര കൃഷി രംഗത്തെ പ്രമുഖര്‍ വിത്തുത്സവത്തില്‍ പങ്കെടുക്കും. സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം, പ്രദര്‍ശനം, വിദ്യാര്‍ഥികള്‍ക്ക് ശില്പശാല, കലാസന്ധ്യ എന്നിവയും ഇതോടനുബന്ധിച്ച് നടത്തും.
നാളെ വൈകുന്നേരം നാലിന് ചലചിത്ര നടനും സംവിധായകനുമായ ശ്രീനിവാസന്‍ വിത്തുത്സവം ഉദ്ഘാടനം ചെയ്യും. നടവയല്‍ ഹോളിക്രോസ് ഫൊറോന വികാരി ഫാ. ഷാജി മുളകുടിയാങ്കല്‍, ഫെയര്‍ ട്രേഡ് അലയന്‍സ് കേരള സംസ്ഥാന പ്രസിഡന്റ് തോമസ് കളപ്പുര, എഫ്ടിഎകെ പ്രമോട്ടര്‍ ടോമി മാത്യു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, ഫാ. ജോയി കൊച്ചുപാറ, സംഗീത ശര്‍മ, ഫെയര്‍ ട്രേഡ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയിലെ ഡെബ്ര ഡോണ തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ പ്രമുഖ ജൈവകൃഷിശാസ്ത്രജ്ഞനായ ജി. നമ്മാള്‍വാറിനെ അനുസ്മരിച്ച് ഓര്‍ഗാനിക് ഫാമിംഗ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കണ്‍വീനര്‍ ക്ലോഡ് അല്‍വാരിസ് പ്രഭാഷണം നടത്തും. വൈകുന്നേരം ഏഴിന് ഇടനിലങ്ങള്‍ എന്ന നാടകം അവതരിപ്പിക്കും.
24ന് വിത്തുത്സവത്തില്‍ വനിതാദിനമായി ആചരിക്കും. എഫ്ടിഎകെ സംസ്ഥാന വൈസ് പ്രസിഡന്റ് ആനിയമ്മ റോയ് ഉദ്ഘാടനം ചെയ്യും. ദേശീയ ജനിതക അവാര്‍ഡ് ജേതാവ് സജീവന്‍ കാവുങ്കര ഇലയറിവ് പാചക ശില്പശാലയ്ക്ക് നേതൃത്വം നല്‍കും. വിത്തുസംഭരണവും സംരക്ഷണവും, കാര്‍ഷിക പ്രതിസന്ധിയും വിത്ത് സ്വരാജും തുടങ്ങിയ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. വൈകുന്നേരം വയനാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടന്‍ പാട്ട്. 25ന് വിദ്യാര്‍ഥിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജൈവകൃഷിയും പരിസ്ഥിതിയും എന്ന വിഷയത്തില്‍ ക്വിസ് മത്സരവും നെല്‍വിത്ത് സംരക്ഷണം, സീറോ ബജറ്റ് ഫാമിംഗ് എന്നീ വിഷയങ്ങളില്‍ സെമിനാറും നടക്കും. കുടിയേറ്റ ജൈവകര്‍ഷകരെ നാട്ടുവെട്ടം എഡിറ്റര്‍ ജോസ് സെബാസ്റ്റിയനും കര്‍ഷക നേതാവ് എ.സി. വര്‍ക്കിയെ ഇന്‍ഫാം ജില്ലാ പ്രസിഡന്റ് ബേബി ജെയിംസും ജൈവകര്‍ഷനും നെല്‍വിത്ത് സംരംക്ഷകനുമായ ചെറുവയല്‍ രാമനെ കെ.എം. ജോര്‍ജും ആദരിക്കും. വൈകുന്നേരം ഏച്ചോം തുടി കലാകേന്ദ്രം അവതരിപ്പിക്കുന്ന കലാപരിപാടിയും നടക്കും. 26ന് റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തല്‍, പ്രഭാഷണം, വിത്തുത്സവം അവലോകനം എന്നിവയും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ തോമസ് നെല്ലാന്തടം, ഫെയര്‍ ട്രേഡ് അലയന്‍സ് കേരള പ്രമോട്ടര്‍ ടോമി മാത്യു, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജ് മന്ത്രിക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ബേബി കുളത്തിങ്കല്‍, ജില്ലാ സെക്രട്ടറി പോള്‍ വി. ടോം എന്നിവര്‍ പങ്കെടുത്തു.

Latest