പെരിന്തല്‍മണ്ണ സമ്പൂര്‍ണ പെന്‍ഷന്‍ നഗരസഭയാക്കും

Posted on: January 22, 2014 8:08 am | Last updated: January 22, 2014 at 8:08 am

pensionമലപ്പുറം: പെരിന്തല്‍മണ്ണ നഗരസഭാ പരിധിയലെ നാലായിരത്തോളം പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ച് പെരിന്തല്‍മണ്ണ നഗരസഭ സമ്പൂര്‍ണ പെന്‍ഷന്‍ നഗരസഭയാക്കും.
വയോജനങ്ങള്‍, കര്‍ഷക തൊഴിലാളികള്‍, ഭിന്നശേഷിയുള്ളവര്‍, വിധവകള്‍, 50 വയസിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. സമ്പൂര്‍ണ പെന്‍ഷന്‍ പ്രഖ്യാപനം ഈമാസം 30 ന് നടക്കും. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ പെന്‍ഷന്‍ ലഭ്യമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കര്‍ശന പരിശോധന ഏര്‍പ്പെടുത്താനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
പെരിന്തല്‍മണ്ണ ചോലാംകുന്നില്‍ ഗ്യാസ് ശ്മശാനം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് പ്രദേശവാസികളുമായി നഗരസഭാധികൃതര്‍ ചര്‍ച്ച നടത്തും.
നഗരസഭയില്‍ നടപ്പാക്കി വരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് നിലവിലുള്ള തൊഴിലാളികളുടെ എണ്ണം അപര്യാപ്തമായതിനാല്‍ കൂടുതല്‍ തൊഴിലാളികളെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമിക്കും.
നഗരമധ്യത്തിലുള്ള ഹൈടെക് ഷോപ്പിങ് കോംപ്ലക്‌സില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ നിയന്ത്രണാധീതമായ കടന്നുകയറ്റം തടയാന്‍ പോലീസ് സഹായത്തോടെ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ജനശ്രദ്ധയാകര്‍ഷിക്കുന്നതിനായി കോംപ്ലക്‌സിന് മുന്‍വശം സൗന്ദര്യവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കൗണ്‍സില്‍ തീരുമാനിച്ചു. നഗരസഭയില്‍ പുതുതായി ആരംഭിച്ച സ്റ്റേഡിയം കോംപ്ലക്‌സില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉടന്‍ നടപ്പാക്കും.