നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ വന്ധ്യതാ നിവാരണ യൂനിറ്റ്

Posted on: January 22, 2014 8:07 am | Last updated: January 22, 2014 at 8:07 am

നിലമ്പൂര്‍: നിലമ്പൂര്‍ താലൂക്കാ ശുപത്രിയില്‍ വന്ധ്യതാ നിവാരണ യൂനിറ്റിന്റെ പ്രവര്‍ത്തനം താമസിയാതെ തുടങ്ങും.
പുതിയതായി ആശുപത്രിയില്‍ ചുമതലയേറ്റ സ്ത്രീരോഗവിദഗ്ധയുടെ സേവനം ഉപയോഗപ്പെടുത്തിയാണ് വന്ധ്യതാ നിവാരണ ക്ലിനിക് തുടങ്ങുക. ഈ മേഖലയില്‍ ജര്‍മനിയില്‍ നിന്ന് വിദഗ്ധ പരിശീലനം നേടിയാണ് ഡോ.ലക്ഷ്മി നിലമ്പൂരില്‍ ചാര്‍ജ്ജെടുത്തത്.
നിലവില്‍ ഗവ.താലൂക്ക് ആശുപത്രിയിലുള്ള ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരെ നിലനിര്‍ത്തി തന്നെയാണ് പുതിയ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പദവിയില്‍ ഡോ.ലക്ഷ്മി ചാര്‍ജ്ജെടുത്തത്. വന്ധ്യതാ നിവാരണ യൂനിറ്റ് തുടങ്ങുന്നതിനാവശ്യമായ പ്രത്യേക ക്ലിനിക് മുറി തയ്യാറാക്കേണ്ടതുണ്ട്.
അത്യാവശ്യം വേണ്ട ഉപകരണങ്ങളും വാങ്ങണം. ഇതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ യോഗം ചേരും. അടുത്ത യോഗത്തില്‍ ഇതിനാവശ്യമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യൂനിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനാവശ്യമായ അള്‍ട്രാ സൗണ്ട് മെഷീന്‍ ആശുപത്രിയിലുണ്ട്. എന്നാല്‍ അത്യാവശ്യം ലഭിക്കേണ്ട സൗകര്യം ഒരുക്കേണ്ടതുണ്ട്.
ഇതിലേക്കാവശ്യമായ വിദഗ്ധര്‍ക്ക് പരിശീലനവും നല്‍കേണ്ടിവരും. ഇവ അടിയന്തിരമായി നടപ്പാക്കുന്നതോടെ വന്ധ്യതാ നിവാരണ യൂനിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.
പുതിയ യൂനിറ്റ് പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ധാരാളം രോഗികള്‍ക്ക് ദൂരെ പോയി ചികില്‍സ ചെയ്യാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാകും, കൂടാതെ കുറഞ്ഞ ചെലവില്‍ ചികില്‍സ ലഭ്യമാക്കാനും കഴിയും.