അനധികൃതമായി കടത്തിയ റേഷന്‍ മണ്ണെണ്ണ പിടികൂടി

Posted on: January 22, 2014 8:00 am | Last updated: January 22, 2014 at 8:00 am

വടകര: ഗുഡ്‌സ് ഓട്ടോയില്‍ അനധികൃതമായി കടത്തുകയായിരുന്ന 350 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ അടക്കാത്തെരു ജംഗ്ഷന് സമീപം വെച്ചാണ് ഓട്ടോയും മണ്ണെണ്ണയും റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി സജീവന്‍ പിടികൂടിയത്. ഡ്രൈവര്‍ താഴെ അങ്ങാടി ഉമര്‍കുട്ടിയെ (30)അറസ്റ്റ് ചെയ്തു.
ഓട്ടോ ഡ്രൈവറോട് ബില്‍ ആവശ്യപ്പട്ടതോടെ ഉദ്യോഗസ്ഥനു നേരെ കൈയേറ്റശ്രമമുണ്ടായി. ഉദ്യോഗസ്ഥന്റെ കൈയിലുണ്ടായിരുന്ന ബില്‍ തട്ടിപ്പറിക്കാനുള്ള ശ്രമം വിഫലമായതോടെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ആക്രമിക്കാന്‍ തുനിഞ്ഞു. ഇത് നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥനെ ഒരു സംഘം ആളുകള്‍ തൊട്ടടുത്ത കടയില്‍ എത്തിച്ചു. ഡ്രൈവര്‍ ഫോണ്‍ ചെയ്ത് വിളിച്ചു വരുത്തിയതനുസരിച്ച് മണ്ണെണ്ണ മാഫിയ സംഘത്തില്‍പ്പെട്ട കുറേ പേര്‍ എത്തി ഉദ്യോഗസ്ഥനു നേരെ കയര്‍ത്തു. തുടര്‍ന്ന് വടകര പോലീസ് എത്തിയാണ് ഉദ്യോഗസ്ഥനെ മോചിപ്പിച്ചതും ഓട്ടോറിക്ഷയും മണ്ണെണ്ണയും കസ്റ്റഡിയിലെടുത്തും.
സംഭവത്തെപ്പറ്റി റേഷന്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നതിങ്ങനെ: ഔദ്യോഗിക ഡ്യൂട്ടിക്കിടയി ല്‍ റേഷന്‍ മണ്ണെണ്ണ ഗുഡ്‌സ് ഓട്ടോയില്‍ കടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അടക്കാത്തെരു ജംഗ്ഷനില്‍ വെച്ച് വാഹനത്തിന് കൈ കാണിക്കുകയും വാഹനം നിര്‍ത്തിയ ശേഷം ഡ്രൈവറോഡ് ബില്‍ ആവശ്യപ്പെടുകയും ചെയ്തു. ബില്‍ പരിശോധിച്ചപ്പോള്‍ ഇന്നലെ കാലത്ത് 9.30ന് റേഷന്‍ മണ്ണെണ്ണയുടെ മൊത്ത വ്യാപാരിയായ മേപ്പയില്‍ ജ്യോതി കിറോസിന്‍ എന്നതിന്റെ ബില്‍ നല്‍കുകയും ചെയ്തു. പെര്‍മിറ്റുള്ള ബില്‍പ്രകാരം 516 ലിറ്റര്‍ മണ്ണെണ്ണ വേണം. എന്നാല്‍ രണ്ട് ബാരലിലായി 350 ലിറ്റര്‍ മണ്ണെണ്ണ മാത്രമാണുണ്ടായിരുന്നത്.
എന്നാല്‍ കുറഞ്ഞ മണ്ണെണ്ണയുടെ കണക്ക് ചോദിച്ചപ്പോഴാണ് കൈയേറ്റ ശ്രമുണ്ടായത്. ബില്‍ പ്രകാരം കൊണ്ടുപോയ മണ്ണെണ്ണ ഇറക്കിയ ശേഷം അനധികൃതമായി മറിച്ചുവില്‍പ്പന നടത്തിയ മണ്ണെണ്ണയാണിതെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു.
നേരത്തെയുണ്ടായ പെര്‍മിറ്റിന്റെ മറവിലായിരുന്നു അനധികൃത കടത്ത്. മത്സ്യബന്ധന വള്ളങ്ങള്‍ക്ക് നല്‍കിവരുന്ന പെര്‍മിറ്റിന്റെ മറവിലാണ് അനധകൃത മണ്ണെണ്ണ കടത്ത്. റേഷന്‍ മൊത്ത വ്യാപാരി തന്നെ റേഷന്‍ മണ്ണെണ്ണ മറിച്ചു വില്‍ക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. കാര്‍ഡുടമകള്‍ക്ക് നല്‍കേണ്ട മണ്ണെണ്ണ നല്‍കാതെയാണ് റേഷന്‍ കട ഉടമകളും മൊത്ത വ്യാപാരിയും മാഫിയകളുടെ സഹായത്തോടെ മണ്ണെണ്ണ തിരിമറി നടത്തുന്നത്.