Connect with us

Editorial

ചാനലുകള്‍ക്ക് നിരീക്ഷണ സമിതി

Published

|

Last Updated

ടെലിവിഷന്‍ പരിപാടികളുടെ നിലവാരം പരിശോധിക്കാനും പരാതികള്‍ പരിഹരിക്കാനും നിരീക്ഷണ സമിതി നിലവില്‍ വന്നിരിക്കുന്നു. പി ആര്‍ ഡി ഡയറക്ടര്‍ കണ്‍വീനറായുള്ള സംസ്ഥാന തല സമിതിക്കു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രുപം നല്‍കി. താമസിയാതെ കലക്ടര്‍മാര്‍ കണ്‍വീനര്‍മാരായുള്ള ജില്ലാതല സമിതികളും രൂപവത്കരിക്കുമെന്ന് മന്ത്രി കെ സി ജോസഫ് നിയമസഭയെ അറിയിക്കുകയുണ്ടായി. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കിയിരുന്നു.
ജനങ്ങളെ ഏറ്റവുമധികം സ്വാധീനിക്കുന്ന മാധ്യമമാണ് ടെലിവിഷന്‍. ആധുനിക ജീവിതത്തിന്റെ ഭാഗമായി അത് മാറിക്കഴിഞ്ഞു. ടി വി ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ചു സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല ആധുനിക തലമുറക്ക്. വാര്‍ത്തകള്‍ അപ്പപ്പോള്‍ ജനങ്ങളിലെത്തിക്കുന്ന ടി വി, ജനോപകാരപ്രദമായ ഒട്ടേറെ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. അധികാരത്തിന്റെ ഇടനാഴികളില്‍ നടക്കുന്ന നാറുന്ന കഥകളും അഴിമതികളും ക്രമക്കേടുകളും പുറം ലോകത്തെ അറിയിക്കുന്നതില്‍ ഇവ മികച്ച പങ്കാണ് വഹിക്കുന്നത്. എന്നാല്‍ ചാനലുകളുടെ പെരുപ്പവും റേറ്റിംഗിന് വേണ്ടിയുള്ള കിടമത്സരവും പരിപാടികളുടെ നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്ത് 300ലധികം കമ്പനികള്‍ക്കു കീഴില്‍ 800ലധികം ചാനലുകള്‍ ഉണ്ടെന്നാണ് കണക്ക്. പണ്ട് മലയാളത്തില്‍ ദൂരദര്‍ശന്‍ ടി വി ചാനല്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഇന്ന് മുപ്പതോളം ചാനലുകളുണ്ട്. കിടമത്സരത്തിനിടെ പിടിച്ചു നില്‍ക്കാനുള്ള വ്യഗ്രതയില്‍ സദാചാരത്തിന്റെയും ധാര്‍മികതയുടെയും സകല സീമകളെയും ലംഘിക്കുന്ന വൃത്തികെട്ടതും യുവ, കൗമാര പ്രായക്കാരില്‍ ദൂരവ്യാപകമായ പ്രത്യഘാതങ്ങളുളവാക്കുന്നതുമായ പരിപാടികളാണ് ഇവയില്‍ ബഹുഭൂരിഭാഗവും പ്രക്ഷേപണം ചെയ്തുവരുന്നത്. നഗ്നതയുടെയും ലൈംഗികതയുടെയും അതിപ്രസരം മൂലം കുടുംബത്തിന് ഒത്തിച്ചിരുന്ന് ചാനല്‍ ദൃശ്യങ്ങള്‍ കാണാനാകാത്ത അവസ്ഥയാണിന്ന്. വാര്‍ത്തകളില്‍ പോലും വ്യാപകമാണ് ഈ സാംസ്‌കാരികാപചയമെന്ന് സരിത പ്രശ്‌നത്തിന്റെയും ശ്വേതാ മേനോന്‍ അപമാനിക്കപ്പെട്ട സംഭവത്തിന്റെയും മറ്റും സംപ്രേഷണ രീതികളില്‍ നിന്ന് വ്യക്തമാണ്. വിഷയം ലൈംഗികവും കുറ്റാരോപിതര്‍ പ്രശസ്തരോ, ഉന്നതരോ ആകുകയുംചെയ്യുമ്പോള്‍, വിഷയാസക്തി ബാധിച്ച ചാനലുകള്‍ സഭ്യേതര മാര്‍ഗങ്ങളിലൂടെ അതാഘോഷിക്കുകയാണ്. മുഴുനുണകളോ, അര്‍ധസത്യങ്ങളോ നിറഞ്ഞതും ഭാവനാസമ്പന്നവുമായ വാര്‍ത്തകളാണ് ചാനലുകളൊന്നടങ്കം ജനങ്ങളിലെത്തിക്കുന്നത്. സദാചാരത്തിന് നിരക്കാത്ത വികലാശയങ്ങള്‍ പ്രേക്ഷകരില്‍ കുത്തി വെക്കാനുള്ള ശ്രമവും വാത്താ വിശകലനത്തിനിടെ കാണപ്പെടുന്നു. അടുത്തിടെ ലൈംഗിക പീഡനത്തിനെതിരെയുള്ളചര്‍ച്ചകളില്‍ പങ്കെടുത്ത ചില “പുരോഗമനവാദികള്‍” ഭാര്യയോടോ ഭര്‍ത്താവിനോടോ ഒപ്പം ഒതുങ്ങി മാന്യമായ ദാമ്പത്യജീവിതത്തിലേര്‍പ്പെടുന്നവരെ മൂല്യങ്ങളുടെ തടവറയില്‍ ജീവിക്കുന്നവരായി വ്യാഖ്യാനിച്ചതും കുടുംബത്തിന് പുറത്ത് സ്വതന്ത്ര രതിയെന്ന ആശയത്തെ സമൂഹത്തിലേക്ക് കടത്തിവിടാന്‍ തന്ത്രപൂര്‍വമായി ശ്രമിച്ചതും പലരും ശ്രദ്ധിച്ചിരിക്കും. ജനക്ഷേമത്തിനും നാടിന്റെ നന്മക്കും വികസനത്തിനുമുതകുന്ന ഏത്രയോ വാര്‍ത്തകള്‍ തേടിപ്പിടിച്ചു ജനങ്ങളുടെയും അധികൃതരുടെയും ശ്രദ്ധയില്‍ എത്തിക്കാനുണ്ടെങ്കിലും അതിലാര്‍ക്കും താത്പര്യമില്ല. മാധ്യമ ലോകത്തെ വേറിട്ട ശബ്ദമായും നൈതികതയുടെ ദര്‍ശനമായും അവകാശപ്പെട്ടു ബദല്‍ മീഡിയ എന്ന ലേബലില്‍ കടന്നുവരുന്നവര്‍ പോലും ഏറെ താമസിയാതെ സാമ്പ്രദായിക മാധ്യമങ്ങളോട് രാജിയാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
ചാനലുകളില്‍ വരുന്ന സീരിയലുകളുടെയും റിയാലിറ്റി ഷോകളുടെയും സ്ഥിതി മഹാമോശമാണ്. കൗമാരക്കാരില്‍ പോലും അക്രമ വാസനയും അരാജകത്വചിന്തയും ലൈഗിക തൃഷ്ണയും വളര്‍ത്താനല്ലാതെ നല്ല എന്തെങ്കിലും സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കുന്ന പരിപാടികള്‍ അപൂര്‍വമാണ്. ടെലിവിഷനില്‍ ആക്രമണ രംഗങ്ങളും ലൈംഗികതയും കണ്ടതിനു ശേഷം കളികളിലേര്‍പ്പെടുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ ആക്രമണോത്സുകത കാണിക്കുന്നതായും കൂട്ടുകാരികളുമായി ലൈംഗിക ചാപല്യങ്ങള്‍ പ്രകടിപ്പിക്കുന്നതായും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളില്‍ ചാനലുകള്‍ ചെലുത്തുന്ന സ്വാധീനം തീര്‍ത്തും അപകടകരമാണ്. ഈ സാഹചര്യത്തില്‍ ചാനല്‍ പരിപാടികള്‍ നിരീക്ഷിച്ചു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം സ്വഗതാര്‍ഹമാണ്. എന്നാല്‍ ഇതിനായി നിയോഗിക്കപ്പെടുന്നവര്‍ സാന്മാര്‍ഗിക പ്രതിബദ്ധതയും ധാര്‍മികാധിഷ്ഠിതമായ ഉള്‍ക്കാഴ്ചയും സര്‍വോപരി ചാനല്‍ നടത്തിപ്പുകാരുടെ കച്ചവട താത്പര്യത്തിലൂന്നിയുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ആര്‍ജ്ജവവും ഉ ള്ളവരായിരിക്കണം. പ്രത്യുത മറ്റു പല സര്‍ക്കാര്‍ സമിതികളെയും പോലെ ഇതും പാഴ്‌വൃത്തിയായി പരിണമിക്കും.

---- facebook comment plugin here -----

Latest