ഉക്രൈനിലെ പ്രക്ഷോഭം അനിയന്ത്രിതം: റഷ്യ

Posted on: January 22, 2014 12:00 am | Last updated: January 22, 2014 at 12:07 am

കീവ്: ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ പ്രതിഷേധം അനിയന്ത്രിതമായതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള സംഘര്‍ഷം അരാജകാവസ്ഥയിലെത്തിയതായും യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ സംഘര്‍ഷം കത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉക്രൈന്‍ പാര്‍ലമെന്റിലേക്കുള്ള റോഡില്‍ കാവല്‍ നില്‍ക്കുന്ന പോലീസുകാര്‍ക്കുനേരെ ഇന്നലെ രാത്രിയിലും യുവാക്കള്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വന്‍ മര്‍ദനമഴിച്ചുവിട്ടു. സംഘര്‍ഷം രാജ്യത്തെ അസ്ഥിരമാക്കിയേക്കുമെന്ന് ലാവ്‌റോവ് മുന്നറിയിപ്പ് നല്‍കി.
സ്ഥിതിഗതികള്‍ കൈവിട്ട് പോകുകയാണെന്നും പ്രതിഷേധം കത്തുന്നതിനുപുറകില്‍ പുറത്തുള്ളവരുടെ കരങ്ങളുണ്ടെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചതായും യൂറോപ്യന്‍ യൂനിയന്‍ വിദേശ നയ മേധാവി കാതറിന്‍ അഷ്ടണ്‍, ജര്‍മന്‍ വിദേശകാര്യ മന്ത്രി ഗുയ്‌ഡോ വെസ്റ്റര്‍വെല്‍ എന്നിവര്‍ ഡിസംബറില്‍ പ്രതിഷേധക്കാരെ സന്ദര്‍ശിച്ചത് സൂചിപ്പിച്ചുകൊണ്ട് ലാവ്‌റോവ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ഉക്രൈന്‍ പാസ്സാക്കിയ പ്രതിഷേധവിരുദ്ധ നിയമം ബുധനാഴ്ചയോടെ പ്രാബല്യത്തില്‍ വരും. റഷ്യയുമായി അടുക്കുന്നതിലും യൂറോപ്യന്‍ യൂനിയനുമായി കരാര്‍ ഒപ്പ് വെക്കാത്തതിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ കഴിഞ്ഞ നവംബര്‍ മുതല്‍ കീവില്‍ തമ്പടിച്ചുവരികയാണ്. സമീപസമയത്ത് നടന്ന സംഘര്‍ഷത്തില്‍ പരുക്കേറ്റ 80ഓളം പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഉക്രൈന്‍ ആഭ്യന്തര മന്ത്രി പറഞ്ഞു. 32 പ്രതിഷേധക്കാര്‍ അറസ്റ്റിലായിട്ടുണ്ട്.