ഉര്‍ദുഗാന്‍ സര്‍ക്കാര്‍ തുര്‍ക്കിയെ പിന്നോട്ട് നയിക്കുന്നു: ഗുലന്‍

Posted on: January 22, 2014 12:00 am | Last updated: January 22, 2014 at 12:06 am

ന്യൂയോര്‍ക്ക്: തുര്‍ക്കിയിലെ ത്വയ്യിബ് ഉര്‍ദുഗാന്‍ സര്‍ക്കാര്‍ ജനാധിപത്യ പരിഷ്‌കരണ നടപടികള്‍ പിന്നോട്ടടിപ്പിക്കുകയാണെന്ന് അമേരിക്കയില്‍ കഴിയുന്ന വിമത നേതാവ് ഫത്ഹുല്ലാ ഗുലന്‍. സൈനിക അട്ടിമറിക്ക് ശ്രമിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ പുനര്‍വിചാരണക്ക് അനുമതി നല്‍കിയ ഉര്‍ദുഗാന്‍ ആധുനിക കാലത്ത് രാജ്യം അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തില്‍ നേടിയ മുന്നേറ്റങ്ങള്‍ തകര്‍ക്കുകയാണെന്ന് ഗുലന്‍ പറഞ്ഞു. പുനര്‍ വിചാരണക്ക് കളമൊരുങ്ങുന്നതോടെ സൈന്യത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ വരുതിയിലാക്കുകയെന്ന പ്രക്രിയയാണ് അട്ടിമറിക്കപ്പെടുന്നതെന്നും അദ്ദേഹം വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് ഉര്‍ദുഗാന്റെ വലംകൈയായിരുന്ന ഫത്ഹുല്ലാ ഗുലന്‍ തെറ്റിപ്പിരിഞ്ഞതോടെ യു എസിലേക്ക് പോകുകയായിരുന്നു. തുര്‍ക്കിയുടെ വ്യാവസായിക മേഖലയിലും ഭരണതലത്തിലും അദ്ദേഹത്തിന് ഇപ്പോഴും ശക്തമായ സ്വാധീനമുണ്ട്. രാജ്യത്തെ ഏറ്റവും പ്രചാരമുള്ള പത്രം ഗുലന്റെ ഉടമസ്ഥതയിലുള്ളതാണ്. ഗുലന്റെ നിയന്ത്രണത്തിലുള്ള സന്നദ്ധ സംഘടനക്ക് രാജ്യത്തെ താഴേതട്ടില്‍ വരെ നല്ല വേരോട്ടമുണ്ട്. യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിനായുള്ള ശ്രമം ഉര്‍ദുഗാന്‍ ശക്തമാക്കിയ സാഹചര്യത്തില്‍ ഗുലന്റെ പുതിയ വിമര്‍ശങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.