യു പിയില്‍ ചട്ടമ്പിത്തരം ചോദ്യം ചെയ്തയാളെ മന്ത്രി തല്ലി

Posted on: January 22, 2014 12:00 am | Last updated: January 22, 2014 at 12:02 am

ലക്‌നോ: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ മന്ത്രി സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകനെ തല്ലി. ചട്ടമ്പിത്തരത്തെ ചോദ്യം ചെയ്ത പ്രവര്‍ത്തകനെ മന്ത്രി കുത്തുകയും ചെയ്തു. പൊതുമരാമത്ത് സഹമന്ത്രി സുരേന്ദ്ര പട്ടേലാണ് പൊതുജന മധ്യത്തില്‍ പ്രവര്‍ത്തകനെ തല്ലിയത്.
വാരാണസിയില്‍ പാര്‍ട്ടി യോഗത്തിനിടെ പ്രവര്‍ത്തകരുടെ പരാതികള്‍ കേള്‍ക്കുകയായിരുന്നു മന്ത്രി. പാര്‍ട്ടിക്കാരുടെ ചട്ടമ്പിത്തരം ചോദ്യം ചെയ്ത പ്രവര്‍ത്തകന് നേരെ മന്ത്രി കുതിച്ചെത്തുകയായിരുന്നു. ആദ്യം പ്രവര്‍ത്തകന്റെ വായ് അടക്കാന്‍ ശ്രമിക്കുകയും പിന്നീട് തല്ലുകയും കുത്തുകയുമായിരുന്നു. പ്രവര്‍ത്തകനെ മന്ത്രി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ കൈകൂപ്പി പ്രവര്‍ത്തകന്‍ മാപ്പ് ചോദിക്കുകയായിരുന്നു. മന്ത്രിസഭയിലെ ജൂനിയര്‍ അംഗവും പൊതുമരാമത്ത് മന്ത്രി ശിവപാല്‍ സിംഗ് യാദവിന്റെ അടുത്തയാളുമാണ് പട്ടേല്‍. നേരത്തെയും പട്ടേല്‍ സമാന സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ മാസം 29ന് പാര്‍ട്ടി സംഘടിപ്പിച്ച പുതപ്പ് വിതരണ പരിപാടിക്കിടെ സുരേന്ദ്ര പട്ടേല്‍ ചിലരെ തല്ലിയിരുന്നു.