കടല്‍ക്കൊല: കുറ്റപത്രം ഉടനെ

Posted on: January 22, 2014 12:00 am | Last updated: January 22, 2014 at 12:00 am

ന്യൂഡല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ എന്‍ ഐ എ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. വധശിക്ഷ ലഭിക്കുന്ന സുവ നിയമം നാവികര്‍ക്കെതിരെ ചുമത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
നാവികര്‍ക്കെതിരെ സുവ (സപ്രഷന്‍ ഓഫ് അണ്‍ലോഫുള്‍ ആക്ട്‌സ് എഗന്‍സ്റ്റ് സേഫ്റ്റി ഓഫ് മാരിടൈം നാവിഗേഷന്‍ ആന്‍ഡ് ഫിക്‌സ്ഡ് പ്ലാറ്റ്‌ഫോംസ് ഓണ്‍ കോണ്ടിനെന്റല്‍ ഷെല്‍ഫ് ആക്ട്) ചുമത്തുന്നത് സംബന്ധിച്ച് ഇറ്റാലിയന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും അടുത്ത മാസം മൂന്നിന് മുമ്പ് പരിഹരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് ഉറപ്പ് നല്‍കിയതിനാല്‍ അതിന് ശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുക.
2012 ഫെബ്രുവരി 15ന് കൊല്ലം നീണ്ടകരയില്‍ എന്റിക ലെക്‌സി എന്ന കപ്പലില്‍ നിന്ന് നാവികരായ മാസിമിലിയാനോ ലത്തോറെയും സാല്‍വതോര്‍ ഗിറോണെയും രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്നുവെന്നാണ് കേസ്. നാവികര്‍ ഇപ്പോള്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ്. കേസില്‍ സാക്ഷികളായ നാല് ഇറ്റാലിയന്‍ നാവികരെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചോദ്യം ചെയ്തതിലൂടെ എന്‍ ഐ എ അന്വേഷണം പൂര്‍ത്തിയാക്കി. കേസില്‍ കേരളാ പോലീസിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി, സുപ്രീം കോടതിയാണ് കേസ് ഡല്‍ഹിയിലേക്ക് മാറ്റിയത്. സുവ ചുമത്തുന്നതിനെതിരെ സൂപ്രീം കോടതിയില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.