ഉറുദു ഭാഷാ പ്രചാരണത്തിന് കൂടുതല്‍ കേന്ദ്രങ്ങള്‍: ഡോ. ഖാജാ ഇക്‌റാം

Posted on: January 22, 2014 12:56 am | Last updated: January 21, 2014 at 11:57 pm

കോഴിക്കോട്: ഉറുദു ഭാഷയുടെ പ്രചാരണം ലക്ഷ്യം വെച്ച് കേരളത്തില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കുമെന്ന് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉറുദു ലാംഗ്വേജ് (എന്‍ സി പി യു എല്‍) ഡയറക്ടര്‍ ഡോ. ഖാജാ ഇക്‌റാം. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളും സംഘടനാ സംവിധാനവും മതവിദ്യാഭ്യാസ രംഗത്ത് കേരളത്തില്‍ നടന്നു വരുന്ന മദ്‌റസാ സംവിധാനത്തിന്റെ വിസ്മയകരമായ മുന്നേറ്റവും നേരിട്ടു മനസ്സിലാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയത്.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മത പഠനത്തിനായി പുറത്തിറക്കിയ ഉറുദുവിലുള്ള പാഠപുസ്തകങ്ങള്‍ പരിശോധിച്ച അദ്ദേഹം മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്നും അഭിപ്രായപ്പെട്ടു. മുറാദാബാദ് എം പി ശഫീഖുര്‍റഹ്മാന്‍ ബര്‍ഖിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വിദ്യാഭ്യാസ ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്വീകരണയോഗം ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി ഉദ്ഘാടനം ചെയ്തു. സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ വി എം കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ് എം എ സെക്രട്ടറി യഅ്ഖൂബ് ഫൈസി, സി എച്ച് അബ്ദുല്‍ കരീം, കെ എം അബൂബക്കര്‍ മൗലവി, വി ഹസ്സന്‍ മാസ്റ്റര്‍ സംസാരിച്ചു. യൂസുഫ് മിസ്ബാഹി സ്വാഗതവും മുഹമ്മദ് ഉവൈസ് മന്‍സരി നന്ദിയും പറഞ്ഞു.