സംസ്ഥാനത്ത് അഞ്ച് ലക്ഷം തെരുവ് നായ്ക്കള്‍

Posted on: January 22, 2014 12:02 am | Last updated: January 21, 2014 at 11:55 pm

തിരുവനനന്തപുരം: സംസ്ഥാനത്തൊട്ടാകെ അലഞ്ഞ് തിരിഞ്ഞു നടക്കുന്നത് അഞ്ച് ലക്ഷം തെരുവ് നായ്ക്കളെന്ന് സര്‍ക്കാര്‍ കണക്ക്. ഇവയുടെ ശല്യം വലിയ സാമൂഹിക പ്രശ്‌നമായി മാറിയിരിക്കയാണെന്നും നഗര വികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ഗോവ സംസ്ഥാനത്ത് മാത്രമാണ് ഫലപ്രദമായി തെരുവ് നായ നിയന്ത്രണ നടപടി സ്വീകരിക്കാനായിട്ടുള്ളത്.
നായകളെ കൊല്ലുന്നത് സുപ്രീം കോടതി നിരോധിച്ചിട്ടുണ്ട്. രോഗാവസ്ഥയില്‍ ഉള്ളതിനെ കൊല്ലുന്നതിന് വിലക്കില്ല. തെരുവ് നായയെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാരും കക്ഷി ചേര്‍ന്നിട്ടുണ്ട്.
ഭൂമി ഏറ്റെടുത്ത് പട്ടികളെ കൂട്ടമായി കൂടുകളില്‍ സൂക്ഷിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലാണ്. ഇവയുടെ സ്വാഭാവിക മരണം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പത്ത് വര്‍ഷം വരെയാണു നായകളുടെ ശരാശരി ആയുസ്സ് എന്നും മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചക്ക് മറുപടി നല്‍കവെ മന്ത്രി അറിയിച്ചു. തെരുവ് നായ്ക്കളെ കൊല്ലുന്നത് കോടതിയലക്ഷ്യമാണെന്ന് ചോദ്യോത്തരവേളയില്‍ മന്ത്രി എം കെ മുനീര്‍ പറഞ്ഞു.