കലാകിരീടത്തിന് തീപ്പാറുന്ന പോരാട്ടം

    Posted on: January 21, 2014 11:59 pm | Last updated: January 21, 2014 at 11:59 pm

    പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലാം നാളിലേക്ക് കടക്കുമ്പോള്‍ കലാകിരീടത്തിന് തീപ്പാറുന്ന പോരാട്ടം. പോയിന്റ് നിലയില്‍ രണ്ടാം ദിവസം തന്നെ ആധിപത്യമുറപ്പിച്ച തൃശൂര്‍ ജില്ല തന്നെയാണ് ഇന്നലെയും മുന്നില്‍- 335 പോയിന്റ്. പോയ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോടും ആതിഥേയരായ പാലക്കാടും 330 പോയിന്റുമായി തൊട്ടുപിന്നില്‍. 325 പോയിന്റോടെ മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.

    ഒപ്പനയും ഭരതനാട്യവുമൊക്കെ വേദിയിലെത്തിയ ഇന്നലെ പാലക്കാട്ടുകാരുടെ വിശേഷ ഇനങ്ങളുടെയും ദിനമായിരുന്നു. ചെണ്ടയില്‍ ഇളമുറക്കാര്‍ നാദഗോപുരം തീര്‍ക്കുന്നതും നവ ചാക്യാന്മാര്‍ പരിഹാസത്തിന്റെ കൂരമ്പുകള്‍ പ്രയോഗിക്കുന്നതുമൊക്കെ നിറഞ്ഞ സദസ്സ് മനംനിറയെ ആസ്വദിച്ചു. കലോത്സവം നാലാം നാളില്‍ പ്രവേശിക്കുന്ന ഇന്ന് കുച്ചുപ്പുടിയുടെ ദ്രുതവേഗത്തിന് മുന്നിലേക്കാവും പ്രധാന വേദി ഉണരുന്നത്.