കഥയില്‍ പ്രതീക്ഷയുടെ പുതുനാമ്പുകള്‍

Posted on: January 21, 2014 11:00 pm | Last updated: January 21, 2014 at 11:47 pm

പാലക്കാട്: കവിത നിരാശപ്പെടുത്തിയപ്പോള്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മലയാള കഥാരചന മികച്ച നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കള്‍. ഇരു വിഭാഗങ്ങളിലും നിരവധി മികച്ച രചനകള്‍ ഉണ്ടായിരുന്നു.
മികവുറ്റ ഭാഷയും ശക്തമായ ആഖ്യാനവും പല കഥകളെയും ശ്രദ്ധേയമാക്കി. ‘ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ’ എന്നതായിരുന്നു ഹൈസ്‌കൂള്‍ വിഭാഗം കഥാരചനയുടെ വിഷയം.
കാസര്‍കോട് സൗത്ത് തൃക്കരിപ്പൂര്‍ ജി എച്ച് എസ് എസിലെ സായൂജ്യ വിജയന്‍ ഒന്നാം സ്ഥാനം നേടി.
മലപ്പുറം കൊടിഞ്ഞി മദ്‌റസത്തുല്‍ അന്‍വാര്‍ എച്ച് എസ് എസിലെ നാദിയക്കാണ് രണ്ടാം സ്ഥാനം. കോഴിക്കോട് പൊയില്‍ക്കാവ് എച്ച് എസ് എസിലെ പ്രിയത പ്രദീപിനാണ് മൂന്നാം സ്ഥാനം.
‘അടുത്ത വീട്ടില്‍ ഒരാള്‍ക്കൂട്ടം കാണാനുണ്ട്’ എന്നതായിരുന്നു ഹയര്‍ സെക്കന്‍ഡറി വിഭാഗം കഥാരചനയുടെ വിഷയം. മികച്ച നിലവാരമുള്ള കഥകളാണ് ഈ വിഭാഗത്തിലും ഉണ്ടായത്. മലയാള കഥയുടെ ഭാവി പുതു തലമുറയില്‍ ഭദ്രമാണെന്ന സൂചനയാണ് കഥാ മത്സരം സമ്മാനിക്കുന്നത്. യു കെ കുമാരന്‍, അക്ബര്‍ കക്കട്ടില്‍, ടി എന്‍ പ്രകാശ് എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.