എച്ച് എസ് കവിതയില്‍ നിലവാരത്തകര്‍ച്ച; എച്ച് എസ് എസില്‍ മികച്ച രചനകള്‍

Posted on: January 21, 2014 11:00 pm | Last updated: January 21, 2014 at 11:46 pm

പാലക്കാട്: ഹൈസ്‌കൂള്‍ വിഭാഗം കവിതാ രചനയില്‍ നിലവാരത്തകര്‍ച്ച. 17 പേര്‍ മത്സരിച്ചപ്പോള്‍ ഭൂരിഭാഗം പേരും നിരാശപ്പെടുത്തിയതായി വിധികര്‍ത്താക്കള്‍. ‘സായാഹ്ന മേഘങ്ങള്‍’ എന്നതായിരുന്നു വിഷയം. എന്നാല്‍ പ്രതീക്ഷിച്ച നിലവാരത്തില്‍ എത്താന്‍ ഭൂരിഭാഗം കുട്ടികള്‍ക്കും സാധിച്ചില്ല.
പ്രബന്ധമെഴുതുന്ന രീതിയിലാണ് പലരും കവിതയെഴുതിയതെന്നാണ് വിധി കര്‍ത്താക്കള്‍ പറയുന്നത്. കുറഞ്ഞ വാക്കില്‍ വലിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കവിത രചിക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചില്ല. രണ്ട് പേര്‍ നിലവാരം കാത്തു സൂക്ഷിച്ചെങ്കിലും ബാക്കിയുള്ളവരെല്ലാം നിരാശപ്പെടുത്തി. നല്ല കവിതകള്‍ ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ കുട്ടികളെ വായിക്കാന്‍ പ്രേരിപ്പിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് വിധികര്‍ത്താക്കള്‍ നിര്‍ദേശവും നല്‍കി.
അതേ സമയം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മികച്ച രചനകള്‍ ഉണ്ടായിരുന്നതായി വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. പ്രതീക്ഷയര്‍പ്പിക്കാവുന്ന കുട്ടികള്‍ മത്സരത്തില്‍ ഉണ്ടായിരുന്നു. പലരുടെയും രചനകള്‍ മികച്ച നിലവാരം കാത്തുസൂക്ഷിച്ചു. ‘അടുപ്പ് പറയുന്നത്’ എന്നതായിരുന്നു ഹയര്‍ സെക്കന്‍ഡറി വിഭാഗം കവിതയുടെ വിഷയം. പതിനാലു പേര്‍ മത്സരിച്ചതില്‍ 11 പേര്‍ക്ക് എ ഗ്രേഡ് ലഭിച്ചു.
മണമ്പൂര്‍ രാജന്‍ ബാബു, ചേരാവള്ളി ശശി, കാടാങ്കോട് പ്രഭാകരന്‍ എന്നിവരായിരുന്നു വിധി നിര്‍ണയിച്ചത്.