Connect with us

Palakkad

സദസ്സും മനസ്സും നിറച്ച് കോല്‍ക്കളി

Published

|

Last Updated

പാലക്കാട്: വീശിയടിക്കുന്ന പാലക്കാടന്‍ കാറ്റിനേക്കാള്‍ വേഗതയുണ്ടായിരുന്നു കോല്‍ക്കളി സംഘത്തിന്റെ നീക്കങ്ങള്‍ക്ക്. രഥോല്‍സവങ്ങളുടെയും കാളവേലകളുടെയും നാട്ടില്‍ മിന്നായം കണക്കെ മെയ് വഴക്കത്തോടെ കോലടിച്ച സംഘങ്ങള്‍ നഗരിക്ക് സമ്മാനിച്ചത് അത്ഭുതവും അമ്പരപ്പും .
കളിക്കോലുകളുടെ കൂട്ടിയുരുമ്മലില്‍ കൗമാര കലയുടെ അനിര്‍വചനീയ നിമിഷങ്ങള്‍ പിറന്നപ്പോള്‍ ചുട്ടു കത്തുന്ന ഉച്ച വെയിലിലും കാണികള്‍ അക്ഷമയോടെ കാത്തിരുന്നു. ഒപ്പം കൈയടിച്ചും താളമിട്ടും ലയിച്ച് ചേര്‍ന്നു. വിവിധ അറബി ഇശലുകള്‍ക്കൊത്ത് മെയ് വഴക്കത്തോടെ കോലടിച്ചാണ് കോല്‍ക്കളി സംഘങ്ങള്‍ ആസ്വാദകരുടെ മനസ്സിലേക്കു കൂടി കളിച്ചു കയറിയത്. പാരമ്പര്യ ശൈലിയില്‍ വിവിധ രൂപത്തില്‍ കളിച്ചു തുടങ്ങിയ സംഘങ്ങള്‍ പാലക്കാടിന് പുതിയ അനുഭവം തന്നെ സമ്മാനിച്ചു.
പ്രമുഖരായ ഗുരുക്കന്‍മാരുടെ ശിക്ഷണത്തില്‍ കോലെടുത്ത സംഘങ്ങള്‍ പലപ്പോഴും നഗരിയെ വിസ്മയിപ്പിച്ചു. ഹൈസ്‌കൂള്‍ വിഭാഗം ഖാലിദ് കൊയിലാണ്ടിയുടെ ശിക്ഷണത്തിലെത്തിയ കോഴിക്കോട് തിരുവങ്ങൂര്‍ എച്ച് എച്ച് എസാണ് മുന്നിലെത്തിയത്. കളിയില്‍ “ഒരു മണിമുത്തം” , “മറിഞ്ഞടി മാറിക്കളി” എന്നിവയായിരുന്നു ഖാലിദിന്റെ ശിഷ്യന്‍മാരുടെ മാസ്റ്റര്‍ പീസ്. 10 വര്‍ഷമായി ഈ രംഗത്തുള്ള ഖാലിദിന്റെ സേവനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം.

Latest