ഷാര്‍ജയിലെ ‘കജൂര്‍’ പാര്‍ക്ക് ഓര്‍മയായി

Posted on: January 21, 2014 6:48 pm | Last updated: January 21, 2014 at 6:48 pm

ഷാര്‍ജ: ഷാര്‍ജയിലെ പ്രശസ്തമായ കജൂര്‍ പാര്‍ക്ക് ഓര്‍മയായി. പാര്‍ക്കിലെ മുഴുവന്‍ ഈന്തപ്പന മരങ്ങളും മുറിച്ചു മാറ്റി. പകരം വിവിധ തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിച്ചു.

മുസല്ലയിലായിരുന്നു ഈ പുരാതന പാര്‍ക്ക്. നിറയെ ഈന്തപ്പന മരങ്ങളുണ്ടായിരുന്നതിനാലാണ് കജൂര്‍ എന്ന പേരിലറിയപ്പെട്ടത്. മരങ്ങളിലധികവും കാലപ്പഴക്കം ചെന്നവയായിരുന്നു. അതു കൊണ്ടു തന്നെ അപകട ഭീഷണിയുയര്‍ത്തിയിരുന്നു. ശക്തമായ കാറ്റില്‍ തകരുമെന്ന സ്ഥിതിയിലുമായിരുന്നു. ഇന്തപ്പന മരങ്ങള്‍ കാഴ്ചിരുന്നുവെങ്കിലും വിളവെടുപ്പ് കുറവായിരുന്നു. നിത്യവും നൂറുക്കണക്കിനാളുകള്‍ പാര്‍ക്കില്‍ ഒത്തുകൂടാറുണ്ട്. അവധി ദിനങ്ങളില്‍ ജനനിബിഡമായിരിക്കും.
വിദൂരങ്ങളില്‍ നിന്നു തങ്ങളുടെ ബന്ധുക്കളെ തേടി പലരും എത്തുന്ന പാര്‍ക്കാണിത്. റോള പാര്‍ക്കിനെ പോലെ തന്നെ ഷാര്‍ജയിലെ അറിയപ്പെടുന്ന മറ്റൊരു പാര്‍ക്കാണിത്. നെറ്റ് ഫോണ്‍, ബാലന്‍സ് തുടങ്ങിയ അനതികൃത വ്യവഹാരങ്ങളും ഇവിടെ നടക്കാറുണ്ട്. നിരവധി ദിവസങ്ങളുടെ ശ്രമഫലമായാണ് ഇന്തപ്പന മരങ്ങള്‍ മുറിച്ചു മാറ്റിയത്.
പുഷ്പിക്കുന്നതും അല്ലാത്തതുമായ തണല്‍ മരങ്ങളാണ് വെച്ചു പിടിപ്പിച്ചിട്ടുള്ളത്. തണല്‍ മരങ്ങള്‍ നട്ട നടപടി ആളുകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. കാലപ്പഴക്കം ചെന്ന ഈന്തപ്പനകളുടെ അപകട ഭീഷണി ഇതോടെ ഒഴിവായി. ഇനി ആളുകള്‍ക്ക് തണല്‍ മരത്തിന്റെ ശീതളഛായയില്‍ പാര്‍ക്കില്‍ ഒത്തുകൂടി ഉല്ലസിക്കാം.