ബെല്‍റ്റ് ബോംബ് വിചാരണക്കിടയില്‍ നാടകീയ രംഗം

Posted on: January 21, 2014 6:43 pm | Last updated: January 21, 2014 at 6:43 pm

ദുബൈ: ബെല്‍റ്റ് ബോംബ് ധരിച്ചിട്ടുണ്ടെന്ന് പ്രചരിപ്പിച്ച് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കെട്ടിടത്തില്‍ എത്തിയ ഉസ്‌ബെക് വനിതയുടെ വിചാരണക്കിടയില്‍ കോടതിയില്‍ നാടകീയ രംഗം. സ്വദേശി യുവാവില്‍ ജനിച്ച കുട്ടിക്ക് യു എ ഇ പൗരത്വം ലഭിക്കാനായിരുന്നു ഉസ്‌ബെക് വനിത കഴിഞ്ഞ സപ്തംബറില്‍ പ്രോസിക്യൂഷന്‍ കെട്ടിടത്തില്‍ എത്തി ബോംബ് ഭീഷണി മുഴക്കിയത്. 13 മണിക്കൂറുകളോളം കെട്ടിടത്തിലെ മുഴുവന്‍ ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയ യുവതിയെ പിന്നീട് പണിപ്പെട്ട് സമാധാനിപ്പിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ബോംബ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിചാരണക്കിടയിലാണ് ഇന്നലെ കോടതിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
യുവതിയുടെ വിചാരണക്കിടയില്‍ പത്തു വയസുകാരനായ മകന്‍, മാതാവ് നിരപരാധിയാണെന്ന് ഒച്ചവെക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയോട് ശാന്തനാവാന്‍ ആവശ്യപ്പെട്ടെങ്കിലും കേസ് കേള്‍ക്കുന്ന ന്യായാധിപന്‍ മഹര്‍ സലാമ അല്‍ മഹ്ദി കുട്ടിക്ക് പറയാന്‍ അനുമതി നല്‍കി. ഈ ഘട്ടത്തിലാണ് മാതാവ് നിരപരാധിയാണെന്നും ദരിദ്രയാണെന്നും ജീവിത സാഹചര്യമാണ് ഇത്തരം ഒരു ഉദ്യമത്തിന് പ്രേരിപ്പിച്ചതെന്നും കുട്ടി വിശദീകരിച്ചത്.