ദുര്‍ഗന്ധം:74 ഡ്രൈവര്‍മാര്‍ക്ക് പിഴ

Posted on: January 21, 2014 6:42 pm | Last updated: January 21, 2014 at 6:42 pm

ഷാര്‍ജ: വാഹനത്തിനകത്തെ ദുര്‍ഗന്ധവുമായി ബന്ധപ്പെട്ട് 74 ടാക്‌സി െഡ്രെവര്‍മാര്‍ക്ക് ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ പിഴ ചുമത്തി. 2013ലാണ് 74 പേര്‍ക്ക് 7,400 ദിര്‍ഹം പിഴ ചുമത്തിയത്. ടാക്‌സികളില്‍ നിന്നും ദുര്‍ഗന്ധം ഉയരുന്നതായി യാത്രക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ നിജസ്ഥിതി പരിശോധിച്ച് പിഴ ചുമത്തിയതെന്ന് ട്രാന്‍സ്‌പോര്‍ട്ടിന്റെ കാബ് ബുക്കിംഗ് ഡെസ്പാച്ച് വിഭാഗം മാനേജര്‍ മുഹമ്മദ് അല്‍ ബുറൈമി വ്യക്തമാക്കി.

യാത്രക്കാരുടെ സൗകര്യാര്‍ഥം ഇത്തരം പരാതികള്‍ പരിഹരിക്കുന്നതില്‍ ട്രാന്‍സ്‌പോര്‍ട്ടിന് പരിമിതിയുണ്ട്. ഡ്രൈവര്‍മാര്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന കോഴ്‌സുകളാണ് നല്‍കുന്നത്. പതിവായി ഇത്തരം പരിശീലനങ്ങള്‍ നല്‍കുമ്പോഴും പരാതികള്‍ ഉണ്ടാവുന്നത് കണ്ണടക്കാവുന്ന കാര്യമല്ല. പരാതികളെ ഗൗരവത്തോടെയാണ് ട്രാന്‍സ്‌പോര്‍ട്ട് കാണുന്നത്. 5,000ഓളം വരുന്ന ഡ്രൈവര്‍മാരില്‍ ചെറിയൊരു നൂനപക്ഷമാണ് ഇത്തരം പരാതികള്‍ക്ക് ഇടവരുത്തുന്നത്. ഓരോ ഡ്രൈവര്‍മാര്‍ക്കും 100 ദിര്‍ഹം പിഴയും ഒരു ബ്ലാക്ക് പോയന്റുമാണ് ശിക്ഷയായി നല്‍കിയിരിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ടിന്റെ നിയമാവലി അനുസരിച്ചാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നത്.
ട്രാന്‍സ്‌പോര്‍ട്ടിന്റെ കോള്‍ സെന്റര്‍ നമ്പറായ 600 52 52 52ല്‍ ഒരു പരാതി വിളിച്ചറിയിച്ചാല്‍ ആ ടാക്‌സി ഡ്രൈവറെ പറ്റുന്നതും വേഗത്തില്‍ വിളിച്ചുവരുത്തി സംഭവത്തെക്കുറിച്ച് ആരായാറുണ്ട്. ചോദ്യം ചെയ്യലില്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ പിഴ ചുമത്തും. പൊതുജനങ്ങള്‍ക്ക് 24 മണിക്കൂറും ട്രാന്‍സ്‌പോര്‍ട്ടിന്റെ കോള്‍ സെന്റര്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. പരാതികള്‍, നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ അറിയിക്കാവുന്നതാണെന്നും മുഹമ്മദ് അല്‍ ബുറൈമി പറഞ്ഞു.
2013 മാര്‍ച്ച് മുതല്‍ ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ ടി എ)യുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ സംവിധാനത്തിന് തുടക്കമിട്ടത് നിയമലംഘന വിഭാഗം തലവന്‍ റാശിദ് അല്‍ നുഐമി ഓര്‍മിപ്പിച്ചു.
നിയമവിരുദ്ധ ടാക്‌സി ഡ്രൈവര്‍മാരെ കുടുക്കുന്നതിനാണ് ഈ സംവിധാനം പ്രധാനമായും ഉപയോഗിക്കുന്നത്. ഷാര്‍ജയില്‍ നിന്നും ആളെ കയറ്റി ദുബൈക്ക് പോകുന്ന ഡ്രൈവര്‍മാരെ ഇതുവഴി ഫലപ്രദമായി പിടികൂടാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.