Connect with us

Gulf

ഭാവി ഊര്‍ജ ഉച്ചകോടിക്ക് പ്രൗഢമായ തുടക്കം

Published

|

Last Updated

അബുദാബി: സുസ്ഥിര വികസനത്തിന് ബദല്‍ ഊര്‍ജ മേഖലയുടെ അനന്ത സാധ്യതകള്‍ അനാവരണം ചെയ്ത് ആഗോള ഭാവി ഊര്‍ജ ഉച്ചകോടിക്ക് (വേള്‍ഡ് ഫ്യൂച്ചര്‍ എനര്‍ജി സമ്മിറ്റ്) അബുദാബിയില്‍ പ്രൗഢമായ തുടക്കം. കിരീടാവകാശിയും യു എ ഇ സായുധ സേന ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടന സെഷനില്‍ സംബന്ധിച്ചു. അബുദാബി സസ്റ്റൈനബിലിറ്റി വാരത്തിന്റെ ഭാഗമായാണ് ഏഴാമത് ഊര്‍ജ ഉച്ചകോടി നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ചത്.

നൂതന ഊര്‍ജ കണ്ടെത്തലുകള്‍ക്ക് കരുത്തുപകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ ഉച്ചകോടി. ഊര്‍ജ ബദല്‍ സങ്കേതങ്ങള്‍ക്ക് ശക്തിപകരുന്ന ഉച്ചകോടി, മേഖല നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുകയും പരിഹാര നിര്‍ദേശങ്ങള്‍ തേടുകയും ചെയ്യും. നാളെ സമാപിക്കുന്ന ഉച്ചകോടിയില്‍ 172 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും പ്രതിനിധികളും സംബന്ധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ രാജ്യങ്ങളുടെ പ്രാധിനിഥ്യം ഈ വര്‍ഷമുണ്ട്. ഉച്ചകോടി വിവിധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ബദല്‍ ഊര്‍ജ മേഖലക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. യു എ ഇയില്‍ നിന്നുള്ള നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രമുഖ കമ്പനികളും സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ഭാവി തലമുറക്ക് കൂടി ലഭ്യമാകത്തക്ക രീതിയില്‍ ഊര്‍ജ ഉപഭോഗം കുറക്കുന്നതിനും ബദല്‍ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനും വിപുലമായ ശ്രമങ്ങളാണ് നടക്കുന്നത്. സോളാര്‍ ഇന്ധനം ഉപയോഗിച്ചുള്ള വിവിധ ഉത്പന്നങ്ങള്‍ വ്യാപകമാക്കുന്നതിനും പരിചയപ്പെടുത്തുന്നതിനും ഉച്ചകോടിയും പ്രദര്‍ശനവും ശ്രദ്ധിക്കുന്നുണ്ട്. രണ്ടാമത് ലോക ജല ഉച്ചകോടിയും പ്രഥമ ഇക്കോ വേസ്റ്റ് സമ്മിറ്റും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്.
സെനഗല്‍ പ്രസിഡന്റ് മക്കി സാല്‍, സിറാലോന്‍ പ്രസിഡന്റ് ഏണസ്റ്റ് ബൈ കൊറോമ, എത്യോപ്യന്‍ പ്രധാനമന്ത്രി ഹെലെ മറിയം തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഭാവി തലമുറക്കുള്ള ഊര്‍ജ കരുതിവെപ്പും ജല സുരക്ഷയും ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്ന് ശൈഖ് മുഹമ്മദ് ഉദ്ഘാടന സെഷനില്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയുടെ അസ്ഥിവാരം ഇന്ധനത്തിലാണുള്ളത്. സുസ്ഥിര വികസനത്തിന് ബദല്‍ ഊര്‍ജ പദ്ധതികള്‍ പരിപോഷിപ്പിക്കാന്‍ യു എ ഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അബുദാബി ഗവണ്‍മെന്റിനു കീഴിലുള്ള ഊര്‍ജ കമ്പനിയായ മസ്ദറാണ് ഉച്ചകോടിക്ക് ആതിഥ്യമരുളുന്നത്.

---- facebook comment plugin here -----

Latest