Connect with us

Malappuram

വേതനം തടഞ്ഞു; പഞ്ചായത്തിന് മുന്നില്‍ യുവാവിന്റെ നിരാഹാര സമരം

Published

|

Last Updated

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ യുവാവിന്റെ നിരാഹാര സമരം. ചരക്കാപറമ്പ് എടത്തൊടി സുധീഷാണ് ഇന്നലെ രാവിലെ പത്ത് മണിയോടെ അനിശ്ചിതകാല നിരാഹാര സമരവുമായി ഒറ്റയാള്‍ പ്രതിഷേധം നടത്തിയത്.
ഗ്രാമപഞ്ചായത്തിന്റെ ജീപ്പിലെ താത്കാലിക ഡ്രൈവറായി 2000 മുതല്‍ 2011 ഫെബ്രുവരി വരെ ജോലി നോക്കിയിരുന്ന ഇയാളെ പുതിയ ഭരണസമിതി അധികാരത്തില്‍ വന്ന് മാസങ്ങള്‍ക്കകം ജോലിയില്‍ നിന്ന് മാറ്റിയിരുന്നു. ഇത് സംബന്ധിച്ച് ഇപ്പോഴത്തെ ഭരണസമിതിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. അക്കാലത്ത് ലഭിക്കേണ്ടിയിരുന്ന വേതനം ആവശ്യപ്പെട്ട് മൂന്ന് വര്‍ഷം മുന്‍പ് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും അപേക്ഷ നല്‍കിയിരുന്നതായും പുതിയ ഡ്രൈവര്‍ നിയമനവുമായി ബന്ധപ്പെട്ട് നടന്ന അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രണ്ടാമത് നിയമ നടപടിയുമായി മുന്നോട്ട് പോയ തനിക്കെതിരെ പ്രതികാര നടപടിയായിട്ടാണ് വേതനം തടഞ്ഞ് വെച്ചിരിക്കുന്നതെന്നും സുധീഷ് പറയുന്നു.
ഇത് സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടര്‍ ടി മിത്ര ഐ എ എസ് ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും തന്റെ ദുരിതം പരാതിയായി അറിയിച്ചതായും ഇയാള്‍ പറഞ്ഞു.
സംഭവം പ്രതിപക്ഷ നേതാവ് കെ ടി നാരായണന്‍ ഏറ്റെടുക്കുകയും ഡി ഡി പിയുമായി ബന്ധപ്പെടുകയും പ്രശ്‌ന പരിഹാരത്തിനായി പഞ്ചായത്ത് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ നാല്‍പത്തി അഞ്ച് ദിവസത്തിനകം ലഭിക്കാനുള്ള വതേനം നല്‍കാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ രേഖാമൂലമുള്ള ഉറപ്പിന്മേല്‍ ഉച്ചക്ക് രണ്ട് മണിയോടെ യുവാവ് സത്യഗ്രഹ സമരത്തില്‍ പിന്നും പിന്‍മാറുകയാണുണ്ടായത്.

Latest