Connect with us

Malappuram

അസോസിയേറ്റ് ബേങ്കുകളെ എസ് ബി ഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണം: ബെഫി

Published

|

Last Updated

മലപ്പുറം: അസോസിയേറ്റ് ബേങ്കുകളെ എസ് ബി ഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തെ ചെറുത്തു തോല്‍പ്പിക്കണമെന്ന് മലപ്പുറത്ത് സമാപിച്ച സ്‌റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂര്‍ സ്റ്റാഫ് യൂണിയന്‍ (ബെഫി ) ദേശീയ സമ്മേളനം ആഹ്വാനം ചെയ്തു.
സ്‌റ്റേറ്റ് ബേങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെയുള്ള അസോസിേയറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ഇപ്പോഴും അണിയറയില്‍ നടക്കുന്നുണ്ട്.
ഇത് സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്നതാണ്. ഈ നീക്കം നിരവധി ശാഖകളുടെ അടച്ചുപൂട്ടലിനും തൊഴിലവസരങ്ങള്‍ കുറക്കുന്നതിനും ബാങ്കിങ് സേവനം പരിമിതപ്പെടുത്തുന്നതിനും ഇടയാക്കും.
എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അക്ഷയകേന്ദ്രങ്ങളിലെ കിയോസ്‌കുകള്‍ വഴി ബാങ്കിംഗ് സേവനം എത്തിക്കുന്നതിന് പകരം ബാങ്കുകളില്ലാത്ത ഗ്രാമങ്ങളില്‍ ബേങ്ക് ശാഖകള്‍ തുറക്കുക എന്നിവയും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഇന്നലെ റിപ്പോര്‍ട്ടിന്‍മേലുള്ള പൊതുചര്‍ച്ചയില്‍ ഹരികുമാര്‍, അമല്‍രവി, കെ ശ്രീകുമാര്‍, ദേവദാസ്, എ ശ്രീനിവാസന്‍, ജാനവാസ്, സ്മിത എസ് നായര്‍, ഗോപകുമാര്‍, ഈര്‍മിള ബാബു, സലിം, ഷാഹുല്‍ഹമീദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചക്ക് എസ്ബിടി സ്റ്റാഫ് യൂണിയന്‍ ജനറല്‍ സെക്രട്ടറി പി വി ജോസ് മറുപടി പറഞ്ഞു. ബെഫി മുന്‍ ദേശീയ പ്രസിഡന്റ് പി സദാശിവന്‍ പിള്ള, കെ വി ജോര്‍ജ്, ബെഫി ദേശീയ പ്രസിഡന്റ് എ കെ രമേഷ്ബാബു എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ ബാലചന്ദ്രന്‍ നന്ദി പറഞ്ഞു.
13 ഭാരവാഹികളും 35 അംഗങ്ങളും മൂന്ന് ഹോണററി അംഗങ്ങളുമുള്‍പ്പെടെ 51 അംഗ കേന്ദ്രകമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.