Connect with us

Malappuram

ഐ ടി അറ്റ് സ്‌കൂള്‍ പ്രോജക്ട്: വിക്കി ഗ്രന്ഥശാല ഡിജിറ്റലൈസേഷന്‍ മത്സരത്തിന് തുടക്കം

Published

|

Last Updated

മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭാഷാ കമ്പ്യൂട്ടിംഗ് പരിജ്ഞാനം വര്‍ധിപ്പിക്കുക, പ്രാചീന മലയാളകൃതികള്‍ പരിചയപ്പെടാന്‍ അവസരം കൊടുക്കുക, പ്രാചീനകൃതികളുടെ ഡിജിറ്റലൈസേഷനില്‍ അവരെ പങ്കാളികളാക്കുക എന്നീ ഉദ്ദേശങ്ങള്‍ മുന്‍നിര്‍ത്തി, മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചത് ആഘോഷിക്കുന്നതിന്റെ ഭാഗമായി ഐടി അറ്റ് സ്‌കൂള്‍ സംഘടിപ്പിക്കുന്ന പ്രാചീനമലയാളകൃതികളുടെ ഡിജിറ്റലൈസേഷന്‍ മത്സരത്തിന് തുടക്കമായി.
ഈമാസം 31ന് അവസാനിക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് ഇബുക്ക് റീഡര്‍, ടാബ്‌ലറ്റുകള്‍ പോര്‍ട്ടബ്ള്‍ സ്‌കാനര്‍ തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. മത്സരത്തിന് രജിസ്റ്റര്‍ ചെയ്ത സ്‌കൂളുകള്‍ക്ക് പ്രാചീനഗ്രന്ഥങ്ങളുടെ താളുകള്‍ ഒരു കുട്ടിക്ക് അഞ്ച് എന്ന തോതില്‍ ആദ്യഘട്ടമായി വിതരണം ചെയ്തിട്ടുണ്ട്. ഓരോ ഫയലും പൂര്‍ത്തിയാകുന്ന മുറക്ക് യഥാവിധി പ്രൂഫ് റീഡിംഗ് നടത്തി അപ്‌ലോഡ് ചെയ്യേണ്ട ചുമതല അതാത് വിദ്യാലയങ്ങളിലെ വിക്കി കോര്‍ഡിനേറ്റര്‍മാര്‍ക്കാണ്. തെറ്റില്ലാതെ കൂടുതല്‍ പേജുകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്കാണ് സമ്മാനം നല്‍കുന്നത്.
വിക്കി ഗ്രന്ഥശാലക്ക്‌വേണ്ടി പ്രവര്‍ത്തിക്കുന്നതിലൂടെ കുട്ടികളുടെ ഭാഷാസ്‌നേഹം വര്‍ധിപ്പിക്കുന്നതിനും ഒരു സാമൂഹ്യക്കൂട്ടായ്മയില്‍ അവരെ ഭാഗവാക്കാക്കുന്നതിനും ഒരു പ്രത്യേക തൊഴില്‍ മേഖലയിലേക്ക് താല്പര്യമുള്ളവരെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിനും സാധിക്കുമെന്ന് ഐ ടി അറ്റ് സ്‌കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഹബീബുര്‍റഹ്മാന്‍ പുല്‍പാടന്‍ അറിയിച്ചു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് 9447678841 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Latest