കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയം ജനകീയ കൂട്ടായ്മയില്‍ യാഥാര്‍ഥ്യമാക്കണം: മുസ്‌ലിം ലീഗ്

Posted on: January 21, 2014 2:58 pm | Last updated: January 21, 2014 at 2:58 pm

മലപ്പുറം: ജനകീയ കൂട്ടായ്മയില്‍ പയ്യനാട് സ്റ്റേഡിയം കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചത് മലപ്പുറം ജില്ലയുടെ കായികമുന്നേറ്റത്തിന് വലിയ പ്രതീക്ഷയാണ് പകരുന്നതെന്നും ഇതേ മാതൃകയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയം വികസനവും ത്വരിതപ്പെടുത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
ദേശീയപാതയോരത്ത് കാലിക്കറ്റ് വാഴ്‌സിറ്റി കാമ്പസില്‍ ആവശ്യമായ ആത്രയും സ്ഥലം ഉപയോഗപ്പെടുത്തികൊണ്ട് വന്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കാവുന്ന സാഹചര്യമൊരുങ്ങിയിട്ടുണ്ട്. ഒട്ടേറെ കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ സാധിക്കും. അവസരങ്ങളുണ്ടായാല്‍ കഴിവ് തെളിയിക്കാന്‍ കഴിയുന്ന നിരവധി പ്രതിഭകള്‍ ജില്ലയിലുണ്ടെന്ന് ഇതിനകം കണ്ടതാണ്. വാഴ്‌സിറ്റി രൂപ കല്‍പ്പന ചെയ്തതനുസരിച്ച് അന്താരാഷ്ട്ര തലത്തിലുള്ള കായിക മത്സരങ്ങള്‍ക്കും പരിശീലനത്തിനും പഠനത്തിനും വേദിയാകാനുള്ള സാധ്യതകള്‍ സ്റ്റേഡിയത്തിന് കൈവരും. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അഞ്ചരകോടി രൂപ ചലവില്‍ സിന്തറ്റിക് ട്രാക്കും 35 കോടി രൂപ ചെലവില്‍ സായ് ട്രെയിനിംഗ് സെന്ററും വരുന്നുണ്ട്. ഒരേ സമയം 30000 പേര്‍ക്ക് ഇരുന്ന് കളികാണാന്‍ കഴിയുന്ന ഗ്യാലറികളും നിര്‍മിക്കാന്‍ പദ്ധതിയായി കഴിഞ്ഞു. ജനകീയ കൂട്ടായ്മയിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആക്കാന്‍ കഴിയും. 20 ഏക്കര്‍ സ്ഥലം സായിക്ക് ഇതിനകം വാഴ്‌സിറ്റി അനുവദിച്ചിട്ടുണ്ട്.
ടര്‍ഫ് ഫുട്‌ബോള്‍ ക്വാര്‍ട്ട്, അക്വാറ്റിക് കോംപ്ലക്‌സ്, തുടങ്ങി എല്ലാ സംവിധാനങ്ങളും ഇതിലുണ്ടാകുമെന്നാണറിയുന്നത്. എത്രയും വേഗത്തില്‍ ഇത് യാഥാര്‍ഥ്യമാക്കിയാല്‍ രാജ്യത്തെ മികച്ച കായിക ഭൂമിയാകാന്‍ മലബാറിന് കഴിയും. ഇപ്പോള്‍ തന്നെ ഒട്ടേറെ മത്സരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിനെയാണ് തെരഞെടുക്കുന്നത്. പി അബ്ദുല്‍ ഹമീദ് പറഞ്ഞു.