തെരുവ് നായകളുടെ അക്രമണം: രണ്ട് കുട്ടികള്‍ക്ക് പരുക്ക്‌

Posted on: January 21, 2014 2:01 pm | Last updated: January 21, 2014 at 2:01 pm

കാളികാവ്: ചോക്കാട് വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന രണ്ട് വയസുകാരനെ തെരുവ് നായ കടിച്ചു.
പെടയന്താള്‍ റോഡ്‌വക്കില്‍ താമസിക്കുന്ന പൂളംകുളം ശിഹാബുദ്ധീന്‍ എന്നയാളുടെ മകന്‍ ഷഹ്ബാന്‍(2) എന്ന കുട്ടിയെയാണ് ഞായറാഴ്ച രാവിലെ പത്ത്മണിക്ക് പട്ടികടിച്ചത്. കുട്ടിയുടെ കയ്യിനാണ് നായ കടിച്ചത്. നെഞ്ചിന്റെ ഭാഗത്ത് നായ മാന്തുകയും ചെയ്തിട്ടുണ്ട്.
നായയുടെ അക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പള്ളിശ്ശേരിയിലും നായുടെ കടിയേറ്റ് എട്ട് വയസുകാരിക്ക് പരുക്കേറ്റു.
ആറുവിരലന്‍ അബ്ദുല്‍ നാസര്‍ എന്നയാളുടെ നൂരിശാ ഫാത്തിമ(8) എന്ന കുട്ടിയെയാണ് ഞായറാഴ്ച ഉച്ചക്ക് തെരുവ് നായ കടിച്ചത്. കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് നായ കുട്ടിയെ ഓടിച്ചിട്ട് കടിച്ചത്. കുട്ടിയെ അക്രമിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.
ചോക്കാട് പെടയന്താള്‍ റോഡില്‍ തെരുവ് നായകളുടെ ശല്ല്യം രൂക്ഷമാണ്. പലതവണ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴുത്തിന് മുറിവേറ്റ് അഴുകിയ നിലയില്‍ ചോക്കാടിലൂടെ നടക്കുന്ന നായ ഉള്‍പ്പടെ നിരവധി തെരുവ് നായകളാണ് പ്രദേശത്ത് കറങ്ങുന്നത്.
പെടയന്താള്‍ റോഡില്‍ മണ്ണെടുത്ത സ്ഥലത്താണ് നായകളുടെ താവളം. മദ്രസകളിലേക്കും സ്‌കൂളുകളിലേക്കും പോകുന്ന കുട്ടികള്‍ക്ക് തെരുവ് നായകള്‍ ഭീഷണിയായിട്ടുണ്ട്.