കൃഷ്ണന്‍കുട്ടിയുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി

Posted on: January 21, 2014 1:58 pm | Last updated: January 21, 2014 at 1:58 pm

കാളികാവ്: ശാരീരിക അവശതകളും പട്ടിണിയുമായി കഴിഞ്ഞിരുന്ന കണാരന്‍പടിയിലെ പൊടിയാടന്‍ കൃഷ്ണന്‍കുട്ടിയുടെ വീട്ടിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി. കഴിഞ്ഞ ദിവസം സിറാജ് ഉള്‍പ്പടെയുള്ള പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് മുസ്ലിം ലീഗ് യൂത്ത്‌ലീഗ് കാളികാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി പി എ നാസറിന്റെ നേതൃത്വത്തില്‍ കൃഷണന്‍കുട്ടിയുടെ വീട്ടില്‍ കാല്‍ ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് കുഴല്‍കിണറില്‍ മോട്ടോര്‍ സ്ഥാപിച്ച് കുടിവെള്ളത്തിന് സംവിധാനമൊരുക്കിയത്.
ജോലിക്കിടെ മരത്തില്‍ നിന്ന് വിണ് ശാരീരിക അവശതയുള്ള കൃഷ്ണന്‍കുട്ടി ഭാര്യ ശോഭനയോടൊപ്പം സഞ്ചരിക്കുമ്പോള്‍ വാഹനം മറിഞ്ഞ് ഇരുവര്‍ക്കു പരിക്കേറ്റിരുന്നു.
ഭാര്യക്ക് കൂടി പരിക്കേറ്റതോടെ മൂന്ന് കുട്ടികള്‍ അടങ്ങുന്ന കുടംബത്തിന്റെ ഉപജീവനം പ്രതിസന്ധിയിലായി. ഇതേ കുറിച്ച് വാര്‍ത്ത വന്നതോടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കൃഷ്ണന്‍കുട്ടിയുടെ വീട്ടിലെത്തി സഹായം പ്രഖ്യാപിച്ചു. തുടര്‍ന്നാണ് വീട്ടിലേക്ക് വെള്ളം ലഭ്യമാക്കാന്‍ മോട്ടോറും ടാങ്കും ആവശ്യമായ ടാപ്പുകളും സ്ഥാപിച്ചത്. കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാന്‍ നിര്‍വ്വഹിച്ചു.
യൂത്ത്‌ലീഗ് പഞ്ചായത്ത് കമറ്റി പ്രസിഡന്റ് വി. പി എ നാസര്‍ അധ്യക്ഷത വഹിച്ചു. സമീര്‍ അഞ്ചച്ചവിടി, ഹാരിസ് പള്ളിശ്ശേരി, ഹനീഫ ഫൈസി പാറശ്ശേരി, എ. പി. അബദുട്ടി, ഫൈസല്‍ കുരിക്കള്‍ സംസാരിച്ചു.