ദയാഹരജിയില്‍ കാലതാമസം വന്നാല്‍ ശിക്ഷ ഇളവ് ചെയ്യാം: സുപ്രീംകോടതി

Posted on: January 21, 2014 11:51 am | Last updated: January 21, 2014 at 8:17 pm

10TH_SUPREME_COURT_1079055g

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ മുന്നിലുള്ള ദയാഹരജി തീര്‍പ്പാക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ വധശിക്ഷ റദ്ദാക്കാമെന്ന് സുപ്രീംകോടതി. വധശിക്ഷ നടപ്പാക്കുന്നതുസംബന്ധിച്ച പുതിയ മാര്‍ഗരേഖയിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെ കോടതി 15 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി ചുരുക്കുകയും ചെയ്തു. വീരപ്പന്റെ കൂട്ടാളികളും വധശിക്ഷ ഇളവ് ചെയ്തവരില്‍പ്പെടും. രാജീവ്ഗാന്ധി വധക്കേസുള്‍പ്പടെയുള്ള കേസിനെ ഈ വിധി ബാധിക്കും.

മാനസിക വൈകല്യമുള്ള കുറ്റവാളികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണം. വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ഏകാന്ത തടവ് ഭരണഘടനാ വിരുദ്ധമാണ്. ദയാഹരജി തള്ളിയാല്‍ 14 ദിവസത്തിനകം വധശിക്ഷ നടപ്പാക്കണം. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതില്‍ കാലതമാസം വരുത്താന്‍ പാടില്ല. ദയാഹര്‍ജി തള്ളിയത് കുടുംബാംഗങ്ങളെ അറിയിക്കണമെന്നും വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളെ കാണാന്‍ കുറ്റവാളിക്ക് അവസരം നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.