മഅദനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍

Posted on: January 21, 2014 7:23 am | Last updated: January 21, 2014 at 6:08 pm

Abdul_Nasar_Madaniന്യൂഡല്‍ഹി: ആശുപത്രിയിലെ ചികിത്സക്കുശേഷം പരിഗണിക്കാനായി മാറ്റിയ പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരാമര്‍ശിക്കും. കഴിഞ്ഞ നവംബര്‍ 18നാണ് ഹര്‍ജി കോടതി അനിശ്ചിത കാലത്തേക്ക് മാറ്റിയത്. ആദ്യം ചികിത്സ നടക്കട്ടെ എന്നിട്ടാവാം ജാമ്യാപേക്ഷ എന്നായിരുന്നു ഹര്‍ജി പരിഗണിക്കുന്നത് മാറ്റിക്കൊണ്ട് കോടതി പറഞ്ഞത്. കേസ് വാദത്തിനെടുക്കുന്നതു മുതലുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനുമായിരിക്കും കേസ് സുപ്രീംകോടതി ഇന്ന് പരാമര്‍ശത്തിനെടുക്കുക.

സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു മഅദനിയെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധന നടത്തി രോഗം നിര്‍ണയിച്ചതല്ലാതെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നില്ല. കടുത്ത പ്രമേഹവും അതുസംബന്ധമായ അസുഖങ്ങളുമാണ് മഅദനിയെ അലട്ടുന്നത്. മണിപ്പാല്‍ ആശുപത്രിയിലും കണ്ണിന്റെ ചികിത്സക്ക് അഗര്‍വാള്‍ ആശുപത്രിയിലുമായിരുന്നു മഅദനിയെ പ്രവേശിപ്പിച്ചിരുന്നത്. പ്രമേഹം ഗുരുതരമായ രീതിയില്‍ ശരീരത്തെ ബാധിച്ചിട്ടുണ്ട് എന്നതിനാല്‍ ഏറെക്കാലം ചികിത്സവേണ്ടിവരും എന്ന് ആശുപത്രി അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വീണ്ടും ജയിലിലേക്ക് മാറ്റുകയായിരുന്നു.