Connect with us

Ongoing News

സുനന്ദക്ക് മാരക രോഗങ്ങള്‍ ഇല്ലായിരുന്നു: മെഡി. റിപ്പോര്‍ട്ട്‌

Published

|

Last Updated

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന് മരണകാരണമാകുന്ന മാരക രോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സുനന്ദ ചികിത്സ തേടിയ തിരുവനന്തപുരം കിംസ് ആശുപത്രിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട.് അതേസമയം, സുനന്ദ പുഷ്‌കറിന് ശാരീരികാസ്വാസ്ഥ്യമുണ്ടായിരുന്നതായും ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുന്ന ലൂപസ് രോഗം ഉണ്ടായിരുന്നുവെന്നതിന്റെ പ്രാഥമിക സൂചനകള്‍ ഉള്ളതായും റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെങ്കിലും പെട്ടെന്ന് മരണകാരണാകുന്ന രോഗങ്ങളുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തനിക്ക് ലൂപസ് രോഗമുണ്ടായിരുന്നതായി സുനന്ദ പുഷ്‌കര്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നതായി ഡിസ്ചാര്‍ജ് സമ്മറിയിലും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിദഗ്ധ പരിശോധനയിലൂടെ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂവെന്നതിനാല്‍ ഡോക്ടര്‍മാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ലൂപസ് രോഗത്തെ തുടര്‍ന്നുള്ള കടുത്ത തലവേദനയും മറ്റ് പ്രശ്‌നങ്ങളും തനിക്കുണ്ടെന്നാണ് സുനന്ദ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്.
വിദേശരാജ്യങ്ങളില്‍ ലൂപസിന് പരിശോധന നടത്തിയപ്പോള്‍ രോഗമുണ്ടെന്ന് ഒരു സ്ഥലത്ത് നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ജോഗ്രന്‍ സിന്‍ഡ്രവും ഓവര്‍ലാപ് സിന്‍ഡ്രവും ഉണ്ടായിരുന്നു. മാംസപേശികള്‍ക്കും സന്ധികള്‍ക്കും കടുത്ത വേദനയുണ്ടാക്കുന്ന രോഗങ്ങളാണിവ. സുനന്ദ തന്നെ പറഞ്ഞിട്ടുള്ളതായോ രേഖപ്പെടുത്തിയിട്ടുള്ള അസുഖങ്ങള്‍ക്കൊന്നിനും മതിയായ ചികിത്സ നടത്തിയതായോ അവയോരോന്നിന്റെയും കൃത്യമായ കാരണം കണ്ടെത്താന്‍ പരിശോധനകള്‍ നടത്തിയതായോ സൂചനയില്ല. നിലവില്‍ സുനന്ദ മരുന്നൊന്നു കഴിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ലൂപസ് കണ്ടെത്താനുള്ള സ്‌ക്രീനിംഗ് ടെസ്റ്റായ എന്‍ എന്‍ എ പൊസീറ്റിവായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, റിപ്പോര്‍ട്ടില്‍ പറയുന്ന സുനന്ദയുടെ ശാരീരിക അസ്വസ്ഥതകളില്‍ 90 ശതമാനവു ലൂപസിന്റെ ലക്ഷണങ്ങളാണ്. ചെറുപ്രായം മുതല്‍ ഇടക്കിടെ പനി ബാധിക്കാറുണ്ട്. ചിലപ്പോള്‍ 104 ഡിഗ്രി വരെ പനിയുണ്ടാകാറുണ്ട്.
അതേസമയം, രക്തപരിശോധനയില്‍ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനവും തൃപ്തികരമാണ്. ചില പരിശോധനാ റിപോര്‍ട്ടുകളുടെ ഫലം വരാനുണ്ടായിരുന്നെങ്കിലും ആശുപത്രി വിടുമ്പോള്‍ സുനന്ദയുടെ നില തൃപ്തികരമായിരുന്നുവെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു.
ഈ മാസം 12, 13, 14 തീയതികളിലാണ് സുനന്ദ കിംസില്‍ ചികിത്സ തേടിയത്. സുനന്ദക്ക് മാരക രോഗങ്ങള്‍ ഇല്ലാതിരുന്നു എന്നാണ് അവരുടെ മരണശേഷം കിംസിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. കൂടുതല്‍ പരിശോധനകള്‍ക്കായി ഇന്നലെ വരാന്‍ പറഞ്ഞിരുന്നുവെന്ന് സുനന്ദ മരിച്ചതിന്റെ അടുത്ത ദിവസം കിംസ് ആസ്പത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അധികൃതര്‍ അറിയിച്ചിരുന്നു.

Latest