Connect with us

Kannur

എ ടി എം തട്ടിപ്പ്: പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ പിടിയില്‍ പ്രതികള്‍ ആറ് ലക്ഷം രൂപ പോലീസിന് കൊടുത്തുവിട്ടു

Published

|

Last Updated

തലശ്ശേരി: എ ടി എമ്മുകളില്‍ നിറക്കേണ്ടിയിരുന്ന 1,97,90,100 രൂപ തട്ടിയെടുത്തുവെന്ന കേസിലെ പ്രതികള്‍ പ്രശ്‌നത്തില്‍ നിന്ന് തടിയൂരാന്‍ ആറ് ലക്ഷം രൂപ പോലീസിന് കൈമാറി. ഒരു സുഹൃത്ത് വഴിയാണ് പ്രതികള്‍ പണം പോലീസിനെ ഏല്‍പ്പിച്ചത്. പണം കോടതിക്ക് കൈമാറുമെന്ന് തലശ്ശേരി പോലീസ് അറിയിച്ചു. എച്ച് ഡി എഫ് സി, ഐ ഡി ബി ഐ, ഐ സി ഐ സി ഐ ബേങ്കുകളുടെ തലശ്ശേരിയിലും പരിസരങ്ങളിലുമുള്ള എട്ടോളം എ ടി എമ്മുകളില്‍ നിറക്കേണ്ട പണമാണ് ഇവര്‍ തട്ടിയെടുത്തത്. ഈ കേസിലെ മുഖ്യപ്രതി എ ജെ മൃണാള്‍ നല്‍കിയെന്നറിയിച്ച് ധര്‍മടം ഗണേശന്‍കാവിനടുത്ത ഷിനോസ് പണം തലശ്ശേരി സി ഐ. വി കെ വിശ്വംഭരനെ ഏല്‍പ്പിക്കുകയായിരുന്നു. താന്‍ ശബരിമലക്ക് പോകാന്‍ നിശ്ചയിച്ച ദിവസമാണ് പണം നല്‍കിയതെന്നും തിരിച്ചുവരാന്‍ താമസിച്ചതിനാലാണ് കൈമാറാന്‍ വൈകിയതെന്നുമാണ് ഷിനോസ് പോലീസിനോട് പറഞ്ഞത്. അതിനിടെ, പ്രതികളായ ധര്‍മടത്തെ എ ജെ മൃണാള്‍ (34), ജാനകി നിവാസില്‍ ശരത്ത്കുമാര്‍ (24) എന്നിവരെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് ധര്‍മടം പോലീസ് സ്റ്റേഷന് തൊട്ടടുത്ത സജീന്ദ്രനെ (35) പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. മുംബൈ ആസ്ഥാനമായ റൈറ്റര്‍ സേഫ് ഗാര്‍ഡ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരാണ് പ്രതികള്‍. ഒളിവില്‍ കഴിയുന്ന പ്രതികള്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി കോടതി നാളെ പരിഗണിക്കും. അഡ്വ. വിജേഷ് ബാബു മുഖേനയാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ ഇവര്‍ ഹരജി നല്‍കിയത്. ഇന്നലെ ഹരജി വാദത്തിനെത്തിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ കേസ് ഡയറി ഹാജരാക്കാത്തതിനെ തുടര്‍ന്ന് നാളേക്ക് മാറ്റുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തങ്കച്ചന്‍ മാത്യു ഹാജരായി.

 

---- facebook comment plugin here -----

Latest