കോഴിപ്പോരും പല്ല് കൊഴിഞ്ഞ യുവാവും

Posted on: January 21, 2014 5:46 am | Last updated: January 20, 2014 at 11:47 pm

niyamasabhaകോഴിപ്പോരിന് പ്രസിദ്ധമാണ് തമിഴ്‌നാട്ടിലെ കരൂരും തേനിയും തിരുനെല്‍വേലിയുമെല്ലാം. ഉമ്മന്‍ ചാണ്ടിയും കോടിയേരിയും സഭയില്‍ നേരിട്ട് കണ്ടാല്‍ ഇപ്പോള്‍ ഈ പ്രദേശങ്ങളിലെവിടെയെങ്കിലും എത്തിയോ എന്ന് തോന്നിപ്പോകും. വിഷയം എന്തുമാകട്ടെ, പരസ്പരം ഏറ്റുമുട്ടുന്നത് ശീലമാക്കിയിരിക്കയാണ് ഇരുവരും. ഗ്യാസും കസ്തൂരിരംഗനും വിലക്കയറ്റവും വിട്ട് ഭൂമിയിലായിരുന്നു ഇന്നലെത്തെ പോരാട്ടം. കടകംപള്ളിയിലെ 44.5 ഏക്കറിലും കളമശ്ശേരിയിലെ 1.16 ഏക്കര്‍ ഭൂമിയിലുമായി ഇരുവരും അണിനിരന്നു. പ്രതിസ്ഥാനത്ത് കോടിയേരി അവതരിപ്പിച്ച സലിം രാജ,് ഉമ്മന്‍ ചാണ്ടിയുടെ പഴയ ഗണ്‍മാനയതോടെ പോരാട്ടത്തിന്റെ മൂര്‍ച്ചയും കൂടി.
തണ്ടപ്പേരും അടിയാധാരവും കരമടച്ച രശീതിയുമെല്ലാം എടുത്തിട്ടായിരുന്നു കോടിയേരിയുടെ പ്രകടനം. ആരോപണങ്ങളുടെ കുന്തമുനയെല്ലാം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിച്ചതോടെ ഉമ്മന്‍ ചാണ്ടി പഴയ കാലവും ചികഞ്ഞു. കോടിയേരി പോലീസ് മന്ത്രിയായ കാലത്താണ് ക്രിമിനല്‍ കേസ് സിവില്‍ കേസായി എഴുതിത്തള്ളിയതെന്ന് ഓര്‍മിപ്പിച്ചായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രകോപനം. അന്ന് പ്രതിപക്ഷത്ത് കുന്തംപോലെ ഇരുന്ന ഉമ്മന്‍ ചാണ്ടി എന്തുകൊണ്ട് ഒന്നും മിണ്ടിയില്ലെന്ന് അറിയാന്‍ കോടിയേരി ആഗ്രഹിച്ചു. അപ്പോഴേക്ക് കോടിയേരിയുടെ മാനസികാവസ്ഥ ഉമ്മന്‍ ചാണ്ടി മനസ്സിലാക്കി. മാനസിക നില ഇപ്പോള്‍ തന്നെ പരിശോധിക്കാന്‍ കോടിയേരി സന്നദ്ധത അറിയിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. സമയോചിതമായി ഇടപെട്ട സ്പീക്കര്‍ എല്ലാം രേഖയില്‍ നിന്ന് നീക്കി രംഗം തണുപ്പിച്ചു. അനിഷ്ട സംഭവങ്ങള്‍ക്ക് പലവട്ടം കളമൊരുങ്ങിയെങ്കിലും മുന്‍ തിരക്കഥ മാറ്റി എഴുതാന്‍ തുനിയാതെ പ്രതിപക്ഷം ഇറങ്ങിപ്പോക്കില്‍ അവസാനിപ്പിച്ചു.
യുവജനങ്ങളുടെ തകര്‍ത്താട്ടമായിരുന്നു ഇന്നലെ സഭയില്‍. അരങ്ങൊരുക്കിയത് യുവജന കമ്മീഷന്‍ ബില്ലും. ബില്‍ അവതരിപ്പിച്ചത് സഭയിലെ ഏക യുവവനിത പി കെ ജയലക്ഷ്മി. ചര്‍ച്ചയില്‍ പങ്കെടുത്തത് ഷാഫി പറമ്പില്‍ മുതല്‍ ആര്‍ രാജേഷ് വരെ ചോര തിളക്കുന്ന ചെറുപ്പക്കാര്‍. സഭ നിയന്ത്രിക്കാന്‍ ചെയറില്‍ പി സി വിഷ്ണുനാഥും. യുവകേസരികളുടെ ആനന്ദലബ്ധിക്ക് ഇതില്‍ കൂടുതല്‍ എന്തുവേണം. ബില്ലിന്റെ ഭാഗമല്ലെങ്കിലും ഹുസൈന്‍ബോള്‍ട്ട് മുതല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെയുള്ള കായിക താരങ്ങളും രാഹുല്‍ ഗാന്ധി മുതല്‍ അരവിന്ദ് കെജ്‌രിവാള്‍ വരെയുള്ളവരും ചര്‍ച്ചയില്‍ വന്നും പോയുമിരുന്നു.
ബില്ലിന്‍മേല്‍ പി ശ്രീരാമകൃഷ്ണനാണ് ആദ്യ നിരാകരണം സ്‌പോണ്‍സര്‍ ചെയ്തത്. യുവതിയായ പി കെ ജയലക്ഷ്മി യുവതക്കായി കൊണ്ടുവന്ന ബില്ലിനെ നിരാകരിച്ചത് പി സി ജോര്‍ജിനെ സഹിച്ചില്ല. അകാലത്തില്‍ വാര്‍ധക്യം ബാധിച്ച് പല്ല് കൊഴിഞ്ഞ യുവാവിനെ പോലെ ശേഷിയില്ലാത്ത ബില്ലായതിനാല്‍ പിന്തുണക്കാന്‍ ശ്രീരാമകൃഷ്ണന് തോന്നിയതുമില്ല. സര്‍ഗാത്മക യൗവനത്തെ ഇല്ലാതാക്കി യുവാക്കളെ ഉപയോഗിച്ച് തള്ളുന്ന വര്‍ത്തമാനകാലത്തിന് മറുപടി നല്‍കാന്‍ ബില്ലിന് കെല്‍പ്പില്ലെന്നും ശ്രീരാമകൃഷ്ണന്‍ കണ്ടെത്തി.
സ്വന്തം നേതാവായ യുവാവിനെ അനുയായികളുടെ ചവിട്ടില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിയാത്തതിനാല്‍ പോലീസ് ജീപ്പിന് മുകളില്‍ കയറേണ്ടി വന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ എങ്ങനെ യുവജനങ്ങളെയാകെ രക്ഷിക്കാന്‍ കഴിയുമെന്നായിരുന്നു ജി സുധാകരന്റെ നിഷ്‌കളങ്കമായ ചോദ്യം. അദ്ദേഹത്തിന്റെ യുവത്വം പിന്നിട്ടെന്നും ഇനിയും യുവാവെന്ന് വിളിക്കരുതെന്നുമായി ശ്രീരാമകൃഷ്ണന്‍. സ്‌കൂള്‍ ലീഡര്‍ ആകാന്‍ യോഗ്യതയില്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാത്തതെന്ന് എ കെ ബാലന്‍ നിരീക്ഷിച്ചു.
യുവജന സംഘടനയായ ഡി വൈ എഫ് ഐയെ യുവാക്കള്‍ തന്നെയാണോ നയിക്കുന്നതെന്ന് പി സി വിഷ്ണുനാഥ് സംശയിച്ചു. താനുള്‍പ്പെടെയുള്ളവര്‍ നിയമസഭയിലെത്തിയതിന്റെ ക്രെഡിറ്റ് നല്‍കിയാണ് രാഹുല്‍ വിമര്‍ശത്തെ ഷാഫി പറമ്പില്‍ നേരിട്ടത്. ഷാഫിക്ക് നല്ല പരിഗണന കിട്ടിയത് കൊണ്ടാണ് അദ്ദേഹത്തിന് രാഹുല്‍ വലിയ നേതാവായതെന്ന് വി എസ് സുനില്‍കുമാര്‍ പരിഹസിച്ചു.
ഡല്‍ഹിയില്‍ കേരള നേതാക്കള്‍ പ്രചരണം നടത്തിയ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് കെട്ടി വെച്ച കാശ് പോയതിന്റെ കാരണം രാജു എബ്രഹാം മനസ്സിലാക്കി വെച്ചിട്ടുണ്ട.് ഉമ്മന്‍ ചാണ്ടിയുടെ ഹിന്ദി കേട്ടവര്‍ കെജറിവാളിന് വോട്ട് ചെയ്‌തെന്നും രാജു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ ആം ആദ്മി പരാജയപ്പെടുത്തിയതിന് സി പി എമ്മിന് വീമ്പ് പറഞ്ഞു നടക്കാന്‍ അര്‍ഹതയുണ്ടോ എന്ന് പാലോട് രവി സംശയിച്ചു. എന്നാല്‍ ചൂലുകൊണ്ടുള്ള അടി സി പി എമ്മില്‍ നിന്നുതന്നെ കിട്ടണം എന്നു കോണ്‍ഗ്രസുകാര്‍ വാശി പിടിക്കരുതെന്ന് ശ്രീരാമകൃഷ്ണന്‍ ഉപദേശിച്ചു. #േതൊഴില്‍ ഇല്ലായ്മയാണോ തൊഴില്‍ അറിവില്ലായ്മയാണോ കേരളത്തിലെ യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നമെന്ന സംശയം ഷാഫി പറമ്പിലിനെ ഉലച്ചു. വിശാലമായ സാധ്യതകളുണ്ടായിട്ടും കാര്‍ഷിക വൃത്തിയില്‍ നിന്നും യുവാക്കള്‍ അകലുന്നതിന്റെ കാരണം കണ്ടെത്തണമെന്നും ഷാഫി. ദേശീയ സ്‌കൂള്‍ മീറ്റിന് പോയ കായിക താരങ്ങള്‍ക്ക് സീറ്റ് ലഭ്യമാക്കാത്തതും കലോത്സവത്തിലെ ക്രമക്കേടുകളുമെല്ലാം ചര്‍ച്ചയെ ചൂടുപിടിപ്പിച്ചു. കലോത്സവ വിധി നിര്‍ണയത്തില്‍ തട്ടിപ്പും ക്രമക്കേട് നടക്കുന്നുവെന്നതില്‍ ജി സുധാകരനും പി സി വിഷ്ണുനാഥും യോജിച്ചു. അരിവെപ്പുകാരും പട്ടി പിടിത്തക്കാരും വിധികര്‍ത്താക്കളാകുന്നുണ്ടെന്ന് രാജു എബ്രഹാമും. ഒരു സാധാരണക്കാരനെ ഡോക്ടറാക്കാന്‍ മൂന്ന് കോടി രൂപവരെ ചെലവഴിക്കുന്നുവെന്ന് സുനില്‍കുമാര്‍ ഗവേഷണം നടത്തി. അണ്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് 10 ാം ക്ലാസ് വരെ എട്ട് മുതല്‍ ഒന്‍പത് ലക്ഷം വരെ ചെലവ്. ഇങ്ങനെ ഡോക്ടറാകുന്ന ഒരാള്‍ക്ക് ആഭിമുഖ്യം സാധാരണക്കാരനോടായിരിക്കുമോയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു.