സ്വകാര്യ സര്‍വകലാശാലകള്‍ പരിഗണനയില്‍: വിദ്യാഭ്യാസമന്ത്രി

Posted on: January 21, 2014 12:44 am | Last updated: January 20, 2014 at 11:45 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകാലാശാലകള്‍ ആരംഭിക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുര്‍റബ്ബ്. ഇതുവരെ ഒരു കോളജിനും സ്വയംഭരണാവകാശം നല്‍കിയിട്ടില്ല. സ്വയംഭരണാവകാശം എന്നതുകൊണ്ട് അക്കദമിക് ഓട്ടോണമിയാണ് ഉദ്ദേശിക്കുന്നത്. അതിനാല്‍ യു ജി സിക്കും യുനിവേഴ്‌സിറ്റികള്‍ക്കും കോളജുകളുടെമേലുള്ള നിയന്ത്രണം നഷ്ടമാകില്ലെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
എ പി എല്‍ വിഭാഗത്തിന് ഫീസ് വര്‍ധനയുണ്ടാകും. പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനും പരീക്ഷ നടത്തിപ്പിനും സിലബസ് പരിഷ്‌കരണത്തിനും കോളജുകള്‍ക്ക് അധികാരമുണ്ടായിരിക്കും. രണ്ട് സര്‍ക്കാര്‍ കോളജുകളും 11 എയ്ഡഡ് കോളജുകളുമുള്‍പ്പെടെ 13 കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിനുള്ള ശിപാര്‍ശ യു ജി സിക്ക് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട സര്‍വകലാശാലകളോട് നിര്‍ദേശിച്ചിട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാലാ പ്രൊ വി സി വ്യാജ വിവരങ്ങള്‍ നല്‍കി വിസ സംഘടിപ്പിച്ച് വിദേശയാത്ര നടത്തിയത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിനായി അഡീഷനല്‍ ചീഫ് സെക്രട്ടറിയെയും ഹയര്‍ എജ്യുക്കേഷന്‍ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സര്‍വകലാശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത വിദ്യാഭ്യസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
കേരള സര്‍വകലാശാലയിലും കൊച്ചി സര്‍വകലാശാലയിലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നത്് സംബന്ധിച്ച തീരുമാനം ഗവര്‍ണറുടെ പരിഗണനയിലാണ്. എം ജി സര്‍വകലാശാല വി സിക്ക് മതിയായ യോഗ്യതയില്ലെന്ന പരാതിയും ഗവര്‍ണറുടെ പരിഗണനയിലാണ്. അധിക തസ്തികകള്‍ സൃഷ്ടിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാത്തതിനാലാണ് എം ജി സര്‍വകലാശാലയുടെ ഗ്രാന്റ് തടഞ്ഞുവെച്ചതെന്നും മന്ത്രി പറഞ്ഞു.
സര്‍വകലാശാലകളില്‍ കരാര്‍ നിയമനങ്ങള്‍ മുന്‍പും പലഘട്ടങ്ങളില്‍ നടന്നിട്ടുണ്ട്. എന്നാല്‍ കരാര്‍ നിയമനങ്ങള്‍ നല്ലതല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സര്‍വകലാശാലാ നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും എ പ്രദീപ്കുമാര്‍, എം എ ബേബി, കെ സുരേഷ്‌കുറുപ്പ്, ടി വി രാജേഷ്, വി ശിവന്‍കുട്ടി, ബെന്നി ബഹനാന്‍, സി ദിവാകരന്‍, കെ എന്‍ എ ഖാദര്‍, കോടിയേരി ബാലകൃഷ്ണന്‍, എന്‍ ഷംസുദ്ദീന്‍, ആര്‍ രാജേഷ് എന്നിവരെ മന്ത്രി അറിയിച്ചു.