മിഴിയിണ തഴുകി മൂന്നാം നാളിലേക്ക്‌

Posted on: January 21, 2014 12:29 am | Last updated: January 21, 2014 at 9:34 pm

kalolsavamപാലക്കാട്: മോഹിനിമാരുടെ ലാസ്യനടനം, കോല്‍ക്കളിയുടെയും ദഫ്മുട്ടിന്റെയും ചടുല സൗന്ദര്യം, വാദ്യങ്ങളുടെ മേളപ്പെരുക്കം… നൃത്തവും സംഗീതവും അരങ്ങിലെ തീവ്രാനുഭവങ്ങളുമൊക്കെയായി രണ്ടാം നാള്‍ കലോത്സവം കൂടുതല്‍ കമനീയമായി. അറബി ഭാഷയുടെ മനോഹാരിതയില്‍ അറബി സാഹിത്യോത്സവും ഭാഷയുടെ മിഴിവില്‍ സംസ്‌കൃതോത്സവവും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കടന്നുപോയ പകലിരവുകളുടെ ചന്തമായി.

മുഴുവന്‍ വേദികളും ഉണര്‍ന്ന ഇന്നലെ ആദ്യ ദിനത്തെ അപേക്ഷിച്ച് വേദികള്‍ പോലെ സദസ്സും സമ്പന്നമായിരുന്നു. അപ്പീലുകളുടെ കുത്തൊഴുക്കില്‍ മത്സരങ്ങള്‍ സമയനിഷ്ഠ തെറ്റിക്കുന്നത് ഇന്നലെയും കലോത്സവത്തിന്റെ കല്ലുകടിയായി. ഇക്കുറി നിയന്ത്രണങ്ങള്‍ കര്‍ശനമായിരുന്നിട്ടും മുന്‍ വര്‍ഷങ്ങളെ പോലെ അപ്പീലുമായി അവസാന നിമിഷത്തില്‍ പോലും മത്സരാര്‍ഥികള്‍ എത്തിക്കൊണ്ടിരുന്നപ്പോള്‍ പല വേദികളിലും തിരശ്ശീല വീഴാന്‍ നേരം പുലര്‍ന്നു. വേദി എട്ടില്‍ ഇന്നലെ വൈകീട്ട് അഞ്ചിന് ആരംഭിക്കേണ്ടിയിരുന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ കോല്‍ക്കളി മത്സരം ആരംഭിച്ചത് രാത്രി പത്തിന്. പങ്കെടുത്തതാവട്ടെ 24 സംഘങ്ങളും. പത്ത് സംഘങ്ങളാണ് അപ്പീലിലൂടെ കോല്‍ക്കളിക്ക് താളമിട്ടത്. ഇന്നലെ 544 അപ്പീലുകളാണ് പ്രോഗ്രാം കമ്മിറ്റിക്ക് ലഭിച്ചത്. ഇതിലേറെയും നൃത്ത ഇനങ്ങളാണ്. കേരള നടനത്തില്‍ 18 അപ്പീലുകളാണ് ഇന്നലെ എത്തിയത്.
കലോത്സവത്തിന്റെ മൂന്നാം ദിനം മിഴി തുറക്കുന്നത് സംഗീത സാന്ദ്രമായ രാപകലിലേക്കാണ്. ഭരതനാട്യത്തിന്റെ ചുവടുകളുമായി എത്തുന്ന നര്‍ത്തകിമാരും മൈലാഞ്ചിച്ചുവപ്പുമായി മൊഞ്ചത്തിമാരും ഇന്ന് പ്രധാന വേദിയുടെ ആകര്‍ഷണമാകും. കലാകിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ 141 പോയിന്റുകളുമായി തൃശൂരാണ് മുന്നില്‍. 137 പോയിന്റുകളുമായി കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പമാണ്.
വേദി നാലില്‍ രാവിലെ തുടങ്ങിയ നാടക മത്സരങ്ങള്‍ രാത്രി ഏറെ വൈകിയും തുടരുകയാണ്. ഈ വേദിയില്‍ ഇന്നും നാളെയും നാടക മത്സരങ്ങള്‍ അരങ്ങേറും. വേദികള്‍ തമ്മിലുള്ള ദൂരക്കൂടുതല്‍ മത്സരങ്ങള്‍ കാണാനെത്തുന്നവരെ വലച്ചു. വേദി ഒന്നില്‍ നിന്ന് രണ്ടാമത്തെ വേദിയിലേക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. ഒപ്പം ശക്തമായ ചൂടും പൊടിക്കാറ്റും ആസ്വാദകരെയും മത്സരാര്‍ഥികളെയും വലച്ചു.