Connect with us

Editorial

നിര്‍മാണ മേഖലയിലെ സ്തംഭനം

Published

|

Last Updated

കോണ്‍ഫഡറേഷന്‍ ഓഫ് കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷന്‍സ് (സി സി ഒ) പ്രഖ്യാപിച്ച ത്രിദിന ബന്ദിനെ തുടര്‍ന്ന് കേരളത്തിലെ നിര്‍മാണ മേഖല ഇന്നലെ മുതല്‍ ഏറെക്കുറെ സ്തംഭനത്തിലാണ്. നിര്‍മാണ മേഖലയില്‍ ഉളവായ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും സാധനസാമഗ്രികളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും അനുഭവപ്പെടുന്ന ക്രമാതീതമായ ഉയര്‍ച്ച നിയന്ത്രിക്കണമെന്നുമാവശ്യപ്പെട്ടാണ് സമരം. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ നിര്‍മാണച്ചെലവില്‍ 40 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായത്. സര്‍വീസ് ടാക്‌സ്, വാറ്റ്, എക്‌സൈസ് തീരുവകളുടെ വര്‍ധനവ്, കയറ്റിറക്കു മേഖലയിലെ ഏകീകരണമില്ലായ്മ, നോക്കുകൂലി, തൊഴിലാളി ക്ഷാമം മുതലെടുത്ത് അന്യസംസ്ഥാന തൊഴിലാളി ഏജന്റുമാരുടെ ചൂഷണം, മണല്‍ക്ഷാമം, പോലീസ് അതിക്രമങ്ങള്‍ തുടങ്ങിയവയാണ് മേഖലയിലെ പ്രതിസന്ധിക്ക് കാരണമായി സി സി ഒ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍.
പാരിസ്ഥിതിക പ്രശ്‌നങ്ങളെച്ചൊല്ലി ദേശീയ ഗ്രീന്‍ െ്രെടബ്യൂണല്‍ മണല്‍ വാരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് മണലിന് കടുത്ത ക്ഷാമം നേരിട്ടിരിക്കയാണ്. അനധികൃത മാര്‍ഗത്തിലൂടെ ലഭിക്കാനുണ്ടെങ്കിലും പൊന്നും വില നല്‍കണം. മണലിനു പകരം വന്ന എം സാന്‍ഡിനും വില കുതിക്കുകയാണ്. പുഴകളിലെ മണല്‍ വാരലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സമിതി രൂപവത്കരിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് െ്രെടബ്യൂണലിന്റെ ഉത്തരവിലുണ്ടെങ്കിലും ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് പ്രശ്‌നപരിഹാരം നീളാന്‍ കാരണമെന്നും എം സാന്‍ഡ് ലോബിയുടെ സമ്മര്‍ദമാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. മണല്‍ വാരലുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന പതിനായിരക്കണക്കിന് തൊഴിലാളി കുടംബങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്.
സിമന്റ്, ചെങ്കല്ല്, കമ്പി തുടങ്ങിയവയുടെ വിലയിലും സമീപകാലത്തായി വന്‍വര്‍ധനവാണുണ്ടായത്. വൈദ്യുതി ചാര്‍ജിലും കല്‍ക്കരി വിലയിലുമുണ്ടായ വര്‍ധന ചൂണ്ടിക്കാട്ടി യാതൊരു മാനദണ്ഡവുമില്ലാതെയാണ് സിമന്റ് കമ്പനികള്‍ വില കൂട്ടിക്കൊണ്ടിരിക്കുന്നത്. മെറ്റലിന്റെയും ഇഷ്ടികയുടെയും സിമന്റ് കട്ടയുടെയും വിലവര്‍ധനവിനും യാതൊരു നിയന്ത്രണവുമില്ല. തൊഴിലാളികളുടെ കൂലിയിലുണ്ടായ വര്‍ധനവും ക്രമാതീതമാണ്. വാങ്ങുന്ന വേതനത്തിനനുസൃതമായി ജോലി ചെയ്യുന്നുമില്ല. മുന്‍കാലങ്ങളില്‍ തൊഴിലാളികള്‍ ചെയ്യുന്ന ജോലിയില്‍ തികഞ്ഞ ആത്മാര്‍ഥത കാണിച്ചിരുന്നു. നിലവിലെ തൊഴില്‍ സംസ്‌കാരത്തില്‍ പൂര്‍ണമായും അത് നഷ്ടപ്പെട്ടിരിക്കുന്നു. തദ്ദേശീയ തൊഴിലാളികളേക്കാള്‍ കുറഞ്ഞ കൂലിക്ക് അന്യസംസ്ഥാന തൊഴിലാളികളെ ലഭിക്കാനുണ്ടെങ്കിലും അവരെക്കൊണ്ട് പണിയെടുപ്പിക്കുന്നതിന് പല ഭാഗങ്ങളിലും തദ്ദേശീയ തൊഴിലാളികള്‍ തടസ്സം നില്‍ക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളെ വെച്ചു പണിയെടുപ്പിക്കണമെങ്കില്‍, കയറ്റിറക്കു മേഖലയിലെ നോക്കുകൂലിക്ക് സമാനം ഒരു വിഹിതം തങ്ങള്‍ക്കും നല്‍കണമെന്നാണ് അവരുടെ ആവശ്യം.
കൃത്യമായ ബജറ്റുമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്ന സാധാരണക്കാരെയും ചെറുകിട നിര്‍മാണ കമ്പനികളെയുമാണ് വിലക്കയറ്റവും കൂലിവര്‍ധനവും ഏറ്റവുമധികം ബാധിക്കുന്നത്. ബേങ്കുകളില്‍ നിന്ന് വായ്പയെടുത്തും മറ്റും വീട് പണിയുന്നവരെ ഇത് ദുരിതത്തിലാക്കുകയാണ്. മേഖലയിലെ ഇത്തരം പ്രതിസന്ധികളെ തുടര്‍ന്ന് പാതിവഴിയില്‍ നിലച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെമ്പാടുമുണ്ട്. നിര്‍മാതാക്കളെ മാത്രമല്ല പതിനായിരക്കണക്കിന് തൊഴിലാളികളെയും ഇത് പട്ടിണിയിലാക്കും. കേരളത്തില്‍ കായികാധ്വാനം ഏറ്റവുമധികം വിനിയോഗിക്കപ്പെടുന്നത് നിര്‍മാണ മേഖലയിലാണ്. 12 ശതമാനത്തോളം തൊഴിലുകള്‍ നേരിട്ട് നിര്‍മാണമേഖലയുമായി ബന്ധപ്പെട്ടാണുള്ളത്. അതില്‍ 90 ശതമാനവും അസ്ഥിരതൊഴിലാളികളുമാണ്. ഗള്‍ഫ് നാടുകളിലെ തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജിതമായതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു മടങ്ങിയെത്തുന്നവരുടെ എണ്ണം പൂര്‍വോപരി വര്‍ധിച്ചു വരവെ നിര്‍മാണ മേഖല കൂടി സ്തംഭിച്ചാല്‍ സര്‍ക്കാറിനും അത് വലിയ തലവേദനായി മാറും. സി സി ഒ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഊര്‍ജിത നീക്കങ്ങള്‍ ആവശ്യമാണ്. സാധന സാമഗ്രികളുടെ അടിക്കടിയുള്ള വിലവര്‍ധനവ് നിയന്ത്രിക്കാന്‍ മാര്‍ഗം ആരായുന്നതോടൊപ്പം വേതന വര്‍ധനവിനും മാനദണ്ഡം നിശ്ചയിക്കുന്നതിന് തൊഴിലാളികളും സഹകരിക്കേണ്ടതുണ്ട്.

Latest