Connect with us

Articles

ഗ്രീക്ക് ദുരന്തനാടകമോ ഒരിന്ത്യന്‍ സര്‍ക്കസോ?

Published

|

Last Updated

ജന്മലബ്ധമാം പഥം കര്‍മ ലബ്ധമെന്നോര്‍ത്തു
വന്മദം ഭാവിക്കുന്നൊരുന്നത നക്ഷത്രമേ
വെമ്പുക വിളറുക നിന്‍ പുരോഭാഗത്തതാ
ധീരതേജസ്സാം നാളെ
എന്നു ജി ശങ്കരസറസുറുപ്പ് എഴുതുമ്പോള്‍ രാഹുല്‍ ഗാന്ധി ജനിച്ചിട്ടു പോലും ഉണ്ടാകില്ല. അച്ഛന്‍ ആനപ്പുറം കയറിയതിന്റെ തഴമ്പ് മക്കളുടെ ചന്തിയില്‍ തപ്പിനോക്കി ഹരം കൊള്ളുന്ന പാരമ്പര്യാരാധകരായ ആള്‍ക്കൂട്ടത്തെ കവി അന്നേ കണ്ടിരുന്നു. ട്രെഡീഷന്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാള രൂപമാണ് പാരമ്പര്യം. ട്രെഡീഷനും ട്രെയിഡും തമ്മില്‍ ബന്ധമുണ്ടെന്നാണ് വാക്കുകളുടെ രൂപപ്പെടലിനെയും അര്‍ഥപ്രാപ്തിയെയും കുറിച്ചു പഠനം നടത്തിയ ഭാഷാശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ട്രെയിഡ് എന്നാല്‍ വസ്തുതകളുടെ കൈമാറ്റം ആണ്. തങ്ങളുടെ കൈവശമുള്ളവ അതാവശ്യമുളളവര്‍ക്കു നല്‍കി തങ്ങള്‍ക്കാവശ്യമായത് അവരില്‍ നിന്നു സ്വീകരിക്കുന്നു. ഇതായിരുന്നു ആദ്യത്തെ ട്രെയിഡ്. പിന്നീടതിലേക്ക് ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ കടന്നുവരികയും അത് ഒരു തരം മാന്യമായ കൊള്ളയടിക്കലിന്റെ പര്യായം ആയി മാറുകയും ചെയ്തു. ഇതു തന്നെയാണ് ട്രെഡീഷന്‍ അഥവാ പാരമ്പര്യത്തിലും സംഭവിച്ചത്. പഴമയില്‍ നിന്നു പകര്‍ന്നുകിട്ടിയതത്രയും മഹത്വമാര്‍ന്നത് എന്ന കാഴ്ചപ്പാട് വ്യാപകമായി. അതിലെ ശരിതെറ്റുകളൊന്നും ചികഞ്ഞു നോക്കേണ്ടതില്ല എന്ന ധാരണ പ്രബലമായി ഈ ധാരണ ഒരു ഭരണ വ്യവസ്ഥക്കു തന്നെ വഴിയൊരുക്കി. ആ വ്യവസ്ഥയാണ് ചരിത്രത്തില്‍ അരിസ്റ്റോക്രസി അഥവാ കുലീനവാഴ്ച എന്നറിയപ്പെട്ടത്.
പ്ലേറ്റോയും അരിസ്റ്റോട്ടിലും ഒക്കെ ഈ ഭരണ വ്യവസ്ഥക്ക് ന്യായീകരണം ചമച്ച ചിന്തകന്മാരായിരുന്നു. പക്ഷേ, അവരൊരു വ്യവസ്ഥ ഉന്നയിച്ചിരുന്നു. സദാചാരപരമായും ബുദ്ധിപരമായും ഊന്നത്യം പ്രകടിപ്പിക്കുന്നവരും ജനതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രാപ്തരും ആയിരിക്കണം ഭരണം നടത്തേണ്ടത് എന്നായിരുന്നു വ്യവസ്ഥ. ഇത്തരം വ്യവസ്ഥകള്‍ പരിഗണിക്കപ്പെടാതെ കുലീന വാഴ്ച ഒരു പരമ്പരാഗത ഏര്‍പ്പാടായി മിക്ക യൂറോപ്യന്‍ സമൂഹങ്ങളിലും തുടര്‍ന്നുപോന്നു. കുലീനവര്‍ഗജാതരെ ഔദ്യോഗികമായ സ്ഥാനമാനങ്ങള്‍ നല്‍കിക്കൊണ്ട് ക്രമപ്പെടുത്തുകയും അതുവഴി ആ പദത്തെ സ്ഥൂലാര്‍ഥത്തില്‍ പ്രഭുത്വം എന്നതിനു സമാനമായി മാറ്റുകയും ചെയ്തു. അതോടെ കുലീന വാഴ്ച പ്രഭുത്വവാഴ്ചക്ക് വഴിമാറി. ക്രമേണ മറ്റൊരു ഭരണവ്യവസ്ഥ രൂപമെടുത്തു. അതിന്റെ പേരായിരുന്നു ഒലിഗാര്‍ക്കി. ഇതിനോടൊക്കെ ഏറ്റുമുട്ടിക്കൊണ്ടാണ് ജനാധിപത്യം എന്ന നവജാത ശിശു പിറന്നുവീണത്. തങ്ങളുടെ അധികാര വാഴ്ചക്ക് ഈ ശിശു ഭീഷണിയാകുമെന്നു കണ്ടറിഞ്ഞ കംസന്മാരും ഹേരോദോസുമാരുമൊക്കെ ജാഗ്രത പുലര്‍ത്തി. അവരാ ശിശുവിനെ വളര്‍ച്ചയെത്തുന്നതിനു മുമ്പ് കൊന്നുകളയാന്‍ സര്‍വ തന്ത്രങ്ങളും പയറ്റി. അവരുടെ ആക്രമണത്തില്‍ ഏറ്റ പരുക്കുകളെ അതിജീവിച്ചുകൊണ്ടാണെങ്കിലും ഒരു വികലാംഗന്റെ വ്യക്തിത്വത്തോടെ ജനാധിപത്യം ഇന്നു നമുക്കിടയില്‍ മുടന്തിമുടന്തി നടക്കുന്നു. ഈ മുടന്തനെ രക്ഷിക്കാനാണോ ശിക്ഷിക്കാനാണോ എന്നറിയില്ല ഒരു വശത്തു നരേന്ദ്ര മോദിയും മറുവശത്ത് രാഹുല്‍ (ഗാന്ധി) യും അവരുടെ തിരഞ്ഞെടുപ്പു രഥം തെളിച്ചുതുടങ്ങി. ആ രഥയോട്ടത്തിന്റെ കാണാന്‍ പോകുന്ന പൂരത്തിന്റെ ആമുഖമാണ് കോട്ടയത്ത് മോദിയും കായംകുളം, പുനലൂര്‍ സംസ്ഥാന പാതയില്‍ രാഹുലും പ്രകടിപ്പിച്ചത്.
രാഹുല്‍ (ഗാന്ധി) കേരളത്തില്‍ വരുന്നതും പോകുന്നതും വാര്‍ത്തയാകുന്നത് ഇതാദ്യമല്ല. അദ്ദേഹം കോണ്‍ഗ്രസില്‍ ഔദ്യോഗിക ചുമതല ഏല്‍ക്കുന്നതിനു മുമ്പ് ഒരു കരീബിയന്‍ സുന്ദരിയുമായി കുമരകത്ത് ഉല്ലാസ യാത്ര നടത്തിയത് വാര്‍ത്തയായിരുന്നു. നിയമത്തിനു മുമ്പില്‍ എല്ലാ പൗരന്മാരും സമന്മാരാണെങ്കിലും ചിലര്‍ കൂടുതല്‍ സമന്മാരാണെന്നു തെളിയിക്കുന്നതായിരുന്നു ആ ഉല്ലാസ യാത്ര. നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ ബാധ്യസ്ഥരായ പോലീസുകാര്‍ തന്നെ അന്നു രാഹുലിന് കാവല്‍ നിന്നു. ഇത് തന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ചത്. ഇതൊരു യാദൃച്ഛിക സംഭവമൊന്നും ആയിരുന്നില്ലെന്നു രാഹുലിന്റെ പെരുമാറ്റ ശീലങ്ങളുമായി പരിചയപ്പെട്ട ആര്‍ക്കും അറിയാം. ഉത്തരപ്രദേശിലെ കലാവതിയുടെ കുടിലില്‍ കയറിയിറങ്ങിയതും അവരുടെ ദുരിത ജിവിതത്തെക്കുറിച്ച് വാചകമടിച്ച് മാധ്യമശ്രദ്ധ നേടിയതും ഓര്‍ക്കുക.
യാത്രക്കിടയില്‍ സെക്യൂരിറ്റി ചട്ടങ്ങള്‍ മറികടന്നു തട്ടുകടകളില്‍ നിന്നും പുട്ടടിക്കുന്നതും ക്യാമറക്കു പോസ് ചെയ്യുന്നതും നമ്മളെത്രയോ തവണ കണ്ടതാണ്. ജനകീയനാകാനുള്ള കുറുക്കുവഴികള്‍! കേന്ദ്രത്തില്‍ മന്ത്രിപ്പണി ചെയ്യുന്ന കൊടിക്കുന്നേല്‍ സുരേഷിനെപ്പോലുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ നെഞ്ചത്തൂടെ നടന്നുകയറി രാഹുലിനെ കെട്ടിപ്പിടിക്കാന്‍ വെപ്രാളം കാണിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അടിയന്തരമായും ചികിത്സ നല്‍കണം. സ്വന്തം പൂര്‍വികന്മാരില്‍ നിന്നും രാഹുല്‍ പഠിച്ചത് ഈ ജനകീയത മാത്രം. അവരൊക്കെ ജനകീയരായത് ഇങ്ങനെ എളുപ്പവഴിയില്‍ ക്രിയചെയ്തിട്ടൊന്നുമല്ല. അവരുടെ കാലത്തെ ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടും അവക്കു പരിഹാരം കണ്ടെത്തിക്കൊണ്ടും ആയിരുന്നു.
കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും തമ്മില്‍ എന്താണ് എവിടെയാണ് വ്യത്യാസം? അറവുശാലയിലേക്കു നയിക്കുന്ന ആടിന്റെ മുമ്പില്‍ പ്ലാവില ഉയര്‍ത്തി വേഗം നടക്കുന്ന കശാപ്പുകാരന്റെ പിന്നാലെ നടക്കുന്ന ആടുകളെന്ന് നമ്മുടെ യൂത്ത് കോണ്‍ഗ്രസുകാരെ ആരെങ്കിലും പരിഹസിച്ചാല്‍ അവരെ ആര്‍ക്കാണ് കുറ്റം പറയാന്‍ പറ്റുക! മത്സരപരിക്ഷ എഴുതിയും ഇന്റര്‍വ്യൂവിന് ഹാജരായും നേതൃത്വം കൈപ്പറ്റിയ നേതാക്കള്‍ക്ക് ജനാധിപത്യത്തെ കുറിച്ചുളള ധാരണയെന്തായിരിക്കും? സ്വന്തം നേതാക്കളെ സ്വയം തീരുമാനിക്കാന്‍ കഴിയാത്ത അനുയായിവൃന്ദം. തങ്ങളെ അനുയായികളായി അംഗീകരിച്ചുകിട്ടാന്‍ നേതൃത്വങ്ങളുടെ പാദധൂളികളെ പിന്തുടരുന്ന ഭിക്ഷാംദേഹികള്‍! ഒരു നാടിന്റെ യുവത്വത്തെ അപ്പാടെ ഷണ്ഡവത്കരിച്ചതിന്റെ പാപഭാരം ആരിലാണ് ആരോപിക്കേണ്ടത്?
ആരാണീ രാഹുല്‍ ഗാന്ധി? അദ്ദേഹത്തിന്റെ അടുത്തു നില്‍ക്കാനും തൊട്ടുനോക്കാനും കെട്ടിപ്പിടിക്കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ശ്രമിക്കുന്നതിന്റെ രാഷ്ട്രീയ രസതന്ത്രമെന്താണ്? ഇതൊക്കെ വിശദീകരിക്കേണ്ട ബാധ്യത ഇവിടുത്തെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. രാഷ്ട്രീയമെന്നാല്‍ അത് സിനിമാ അഭിനയമോ ക്രിക്കറ്റ് കളിയോ പോലെ വല്ലതുമാണോ? ഇവിടെ സിനിമാ നടന്മാരും നടികളും ക്രിക്കറ്റ് കളിക്കാരുമൊക്കെയാണ് ഇത്തരത്തില്‍ താര പരിവേഷം പൂണ്ട് ജനങ്ങള്‍ക്കിടയില്‍ തിളങ്ങാറുളളത്. അതുപോലും അവരാഗ്രഹിച്ചിട്ടല്ല. അവര്‍ അവരുടെ സ്വന്തം ജീവിതം അവരുടെ സ്‌പോണ്‍സര്‍മാര്‍ക്ക് വിറ്റു തുലച്ചവരാണ്. അവരുടെ നിര്‍ദേശ പ്രകാരം ഉത്സവപ്പന്തലിലെ കൊമ്പനാനകളും പിടിയാനകളും ആയി നിന്നുകൊടുക്കാന്‍ അവര്‍ ചിലപ്പോഴൊക്കെ നിര്‍ബന്ധിതരായെന്നുവരും. അതവരുടെ തൊഴിലിന്റെ ഭാഗമാണ്. വെള്ളിത്തിരയില്‍ തിളങ്ങുന്ന മനുഷ്യ ശരീരങ്ങളെ അടുത്തുകാണുമ്പോള്‍ ശരാശരിയില്‍ താഴെ മാത്രം ബുദ്ധിയള്ള മനുഷ്യര്‍ അവരെ അടുത്തുചെന്നുകാണാനും ഒത്താല്‍ ഒന്ന് തൊട്ടു നോക്കാനും ആവേശം പ്രകടിപ്പിക്കുക സ്വാഭാവികം. ജനത്തിന്റെ ഈ ദൗര്‍ബല്യം മനസ്സിലാക്കിയാണ് സിനിമാക്കഥയിലെ “ഏഴൈ തോഴന്‍ എം ജി ആറും പുരടിച്ച്ത്തലൈവി ജയലളിത”യുമൊക്കെ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ചേക്കേറിയതും തമിഴ് മക്കള്‍ക്കിടയില്‍ അത് ക്ലിക്കായതും. ഈ മാതൃക പിന്‍പറ്റുന്ന ഒരു പ്രധാനമന്ത്രിയെയാണോ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത്?
യൂത്ത് കോണ്‍ഗ്രസുകാര്‍ മാത്രമല്ല ആഭ്യന്തര മന്ത്രിയുള്‍പ്പെടെയുളള കോണ്‍ഗ്രസുകാരും തങ്ങളുടെ നേതാവിനു മതിയായ സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടു എന്നു സമ്മതിക്കുന്നതിനു പകരം നമ്മള്‍ ടി വിയില്‍ കണ്ട കോപ്രായം, അതത്രയും നേതാവിന്റെ ജനപ്രീതിയുടെ അടയാളമായി വ്യാഖ്യാനിക്കാനാണ് ശ്രമിച്ചത്. അതിനു സഹായകമായ രീതിയില്‍ പിണറായി വിജയന്റെ ഒരു പ്രയോഗത്തെ എടുത്തമ്മാനമാടുകയായിരുന്നു. വാക്കുകള്‍ വളരെ കൃത്യമായ അര്‍ഥബോധത്തോടെ അളന്നുതൂക്കി പ്രയോഗിക്കുന്ന പ്രകൃതമാണ് പിണറായിയുടെത്. നികൃഷ്ടജീവി, കോമാളി ഈ വക വാക്കുകള്‍ കൊണ്ടു വിശേഷിപ്പിക്കേണ്ടവരെ മറ്റെന്തു വാക്കുകള്‍ കൊണ്ടാണ് വിശേഷിപ്പിക്കേണ്ടത്? ജനങ്ങള്‍ക്കിടയില്‍ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശുദ്രര്‍ എന്നിങ്ങനെ ചാതുര്‍വര്‍ണ്യം ചമച്ചവര്‍ വാക്കുകള്‍ക്കും ഇങ്ങനെ ഒരു തരംതിരിവ് നടത്തിയിരിക്കണം. കോമാളിഭനും ഒക്കെ അവര്‍ക്ക് വാക്കുകളുടെ കൂട്ടത്തിലെ ശൂദ്രന്മാരാണ്. പദ വിജ്ഞാനിയം സംബന്ധിച്ച സുചകസൂചിത തരംതിരിവുകള്‍ വിശദീകരിക്കുന്ന ഉത്തരാധൂനിക പാഠങ്ങളൊന്നും ഇവരുടെ തലക്കുള്ളിലേക്കെത്തി നോക്കിയിട്ടു പോലും ഉണ്ടാകില്ല.
കോമാളി എന്നാല്‍ വിദൂഷകനാണ്. സംസ്‌കൃത നാടകത്തില്‍ മാത്രമല്ല ഷേക്‌സ്പിയര്‍ നാടകങ്ങളിലും കോമാളി നായക കഥാപാത്രത്തെ വെല്ലുന്ന അഭിനയ പാടവം കാഴ്ചവെക്കാറുണ്ട്. അത്തരം നാടകങ്ങളില്‍ കോമാളിയില്ലെങ്കില്‍ നായകനില്ല. സര്‍ക്കസിലേക്ക് വരുമ്പോള്‍ സംഗതി മാറി. റിങ്ങില്‍ ജീവന്‍ പണയം വെച്ച് അഭ്യാസം കാണിക്കുന്ന താരങ്ങളുടെ പിഴവുകള്‍ ജനശ്രദ്ധയില്‍ നിന്നും മറച്ചുപിടിക്കുകയാണ് കുള്ളന്മാരായ കോമാളികളുടെ ജോലി. കോണ്‍ഗ്രസുകൂടാരത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഒരു ഗ്രീക്ക് ദുരന്ത നാടകമാണോ ഒരു ഇന്ത്യന്‍ സര്‍ക്കസാണോ എന്ന് പറയാന്‍ കഴിയില്ല. രണ്ടിലേതായാലും അതില്‍ നായകന്‍ തന്നെ കോമാളിവേഷവും കെട്ടേണ്ടിവരുന്നത് കഷ്ടമാണ്.