പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇറ്റലിയില്‍ മരിച്ച പിതാവിനും മകള്‍ക്കും കേരളത്തില്‍ അന്ത്യവിശ്രമം

Posted on: January 20, 2014 11:44 pm | Last updated: January 20, 2014 at 11:44 pm

തൊടുപുഴ: പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗീതയെയും പിതാവിനെയും മലയാള മണ്ണ് ഏറ്റുവാങ്ങി. കാതങ്ങള്‍ക്കപ്പുറം കടലിനക്കരെ ഇറ്റലിയുടെ മണ്ണില്‍ അവരെ തനിച്ചാക്കി പോരേണ്ടി വന്ന മേഴ്‌സിക്ക് ഇനി കണ്‍മുന്നില്‍ മകളുടെയും ഭര്‍ത്താവിന്റെയും കുഴിമാടം കാണാം.
ഇറ്റലിയില്‍ ശിശുരോഗ വിദഗ്ധനായിരുന്നു കോതമംഗലം ഇലഞ്ഞിക്കല്‍ ഡോ.ജോസ് തര്യന്‍. ഭാര്യ മേഴ്‌സിയും ഏക മകള്‍ ഗീതയും അവിടെയായിരുന്നു. 1983ല്‍ ഒമ്പതാം വയസില്‍ രക്താര്‍ബുദം പിടിപെട്ട് ഗീത മരിച്ചു. മേഴ്‌സിയെ തനിച്ചാക്കി 20 വര്‍ഷം മുമ്പ് ഡോ. ജോസും യാത്രയായി. ഇരുവരെയും അവിടെയാണ് സംസ്‌കരിച്ചത്.
തൊടുപുഴ കാപ്പില്‍ കുടുംബാംഗം മേഴ്‌സി ഇതിനു ശേഷം നാട്ടിലേക്ക് മടങ്ങി. മകളുടെ ഓര്‍മ നിലനിര്‍ത്താന്‍ മേഴ്‌സി അറക്കുളം മൂന്നുംകവലയില്‍ 1994 മാര്‍ച്ചില്‍ ഗീതാ വില്ലേജ് എന്ന അഗതി മന്ദിരം ആരംഭിച്ചു. അനേകം പെണ്‍കുട്ടികളെ ഇവിടെ പഠിപ്പിച്ച് ജോലി നേടിക്കൊടുക്കുകയും വിവാഹം കഴിപ്പിച്ച് അയക്കുകയും ചെയ്തു. നിലവില്‍ 40 ലേറെ അന്തേവാസികള്‍ ഇവിടെയുണ്ട്.
ഇറ്റലി വിട്ടപ്പോള്‍ മുതല്‍ മേഴ്‌സിയുടെ മോഹമായിരുന്നു മകളുടെയും ഭര്‍ത്താവിന്റെയും ഭൗതികാവശിഷ്ടം ഇവിടെ സംസ്്ക്കരിക്കണമെന്നത്. നിയമപരമായ കടമ്പകള്‍ കടന്ന്് അതിന് അനുമതി ലഭിച്ചത് ഈയിടെയാണ്. ഇന്നലെ പുലര്‍ച്ചെ 3.30 ന് നെടുമ്പാശേരിയില്‍ എത്തിച്ച ഭൗതീകാവശിഷ്ടം മേഴ്‌സി ഏറ്റുവാങ്ങി. 7.45 ഓടെ ഗീതാ വില്ലേജില്‍ എത്തിച്ചു. അന്തേവാസികളും കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചു. 11.30 ഓടെ മൂലമറ്റം സെന്റ് ജോര്‍ജ് ചര്‍ച്ചില്‍ സംസ്‌കാരം നടത്തി. ഫാ. ജോസ് മോനിപ്പള്ളി, ഫാ അലക്‌സ് മൂലക്കുന്നേല്‍ എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു സംസ്്കാരം.