മഹാരാഷ്ട്രയില്‍ വൈദ്യുതി നിരക്ക് 20 ശതമാനം കുറച്ചു

Posted on: January 20, 2014 11:40 pm | Last updated: January 20, 2014 at 11:40 pm

lightമുംബൈ: മഹാരാഷ്ട്രയില്‍ വ്യവസായശാലകള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കില്‍ 20 ശതമാനത്തിന്റെ കുറവ് വരുത്തി സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, ടാറ്റ പവര്‍, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് എന്നിവയില്‍ നിന്ന് വൈദ്യുതി സ്വീകരിക്കുന്ന മുംബൈയിലെ ഉപയോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
വൈദ്യുതി നിരക്ക് കുറക്കുന്നതിലൂടെ സര്‍ക്കാറിന് മാസത്തില്‍ 706 കോടിയുടെ അധിക ബാധ്യതയാണ് ഉണ്ടാകുക. സംസ്ഥാനത്തെ 23 ലക്ഷത്തോളം വരുന്ന വൈദ്യുതി ഉപയോക്താക്കളില്‍ 14.3 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളും 3.7 ലക്ഷം കാര്‍ഷിക ഉപഭോക്താക്കളും 1.47 ലക്ഷം വാണിജ്യ ഉപഭോക്താക്കളും 3.7 ലക്ഷത്തോളം വ്യാവസായിക ഉപയോക്താക്കളും ഈ ആനുകൂല്യത്തിന്റെ പരിധിയില്‍ വരും.
ഡല്‍ഹിയില്‍ അധികാരമേറ്റ എ എ പി സര്‍ക്കാര്‍ അവിടെ 50 ശതമാനത്തിന്റെ കുറവാണ് വൈദ്യുതി നിരക്കില്‍ വരുത്തിയത്. ഇതിനു പിന്നാലെ മഹാരാഷ്ട്രയില്‍ വൈദ്യുതി നിരക്ക് കുറക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ഉന്നയിച്ചുവരികയായിരുന്നു.
ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ആവശ്യപ്പെട്ട് ഈ മാസം 23 മുതല്‍ നിരാഹാര സമരം നടത്തുമെന്ന് കോണ്‍ഗ്രസ് എം പി സഞ്ജയ് നിരുപം പ്രഖ്യാപിച്ചിരുന്നു. സ്വകാര്യ വൈദ്യുതി വിതരണക്കാരില്‍ നിന്നും ഈ ആനുകൂല്യം ഉപഭേക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശിവജി സിംഗ് ആവശ്യപ്പെട്ടു.