തകര്‍ച്ച നേരിടുന്ന വീടുകള്‍ക്ക് ധനസഹായമില്ല: ഭീതിയോടെ നിര്‍ധന കുടുംബാംഗങ്ങള്‍

Posted on: January 20, 2014 11:09 pm | Last updated: January 20, 2014 at 11:09 pm

മൊഗ്രാല്‍: മേല്‍ക്കൂര തകര്‍ന്നും മറ്റും തകര്‍ച്ചാ ഭീഷണി നേരിടുന്ന വീടുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി ഫണ്ട് അനുവദിക്കാത്തത് ദുരിതമാകുന്നു. കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലാണ് ഇത്തരത്തില്‍ നൂറോളം കുടുംബങ്ങള്‍ വീട് അറ്റകുറ്റപ്പണികള്‍ നടത്താന്‍ നിവൃത്തിയില്ലാതെ ഭീതിയില്‍ കഴിഞ്ഞുകൂടുന്നത്.
2011-12 വര്‍ഷത്തില്‍ വീട് അറ്റകുറ്റപ്പണിക്കായി ജനറല്‍ വിഭാഗത്തിലെ നിര്‍ധനര്‍ക്ക് കുമ്പള ഗ്രാമപഞ്ചായത്ത് പതിനായിരം രൂപ വെച്ച് നൂറുകണക്കിനു കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കിയിരുന്നു. എന്നാല്‍ പ്രസ്തുത പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പ്രസ്തുത പദ്ധതിയുടെ ഉപയോഗം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമേ നല്‍കാവൂ എന്ന നിലപാടിലാണത്രെ പഞ്ചായത്ത് ഭരണസമിതി. എന്നാല്‍ ഈ തീരുമാനം ബോര്‍ഡ് എടുത്തതല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പഞ്ചായത്ത് അംഗങ്ങളെല്ലാം അറ്റകുറ്റപ്പണികള്‍ക്കായി ഫണ്ട് അനുവദിക്കണമെന്ന അഭിപ്രായക്കാരാണത്രെ. പഞ്ചായത്ത് പരിധിയിലെ ഓരോ വാര്‍ഡിലും പത്തോ പതിനഞ്ചോ ഇത്തരത്തില്‍ തകര്‍ച്ച നേരിടുന്ന വീടുകള്‍ ഉള്ളതായി അംഗങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കാലവര്‍ഷത്തില്‍ മേല്‍ക്കൂരക്ക് പ്ലാസ്റ്റിക് ഷീറ്റുകള്‍ കെട്ടിയും മറ്റുമാണ് തകര്‍ച്ച നേരിടുന്ന വീടുകളിലെ കുടുംബങ്ങള്‍ കഴിഞ്ഞുകൂടുന്നത്. ഈവര്‍ഷവും ഇതേ അവസ്ഥ തന്നെയായിരിക്കുമെന്ന ഭയവും കുടുംബാംഗങ്ങള്‍ക്കുണ്ട്. പല വീടുകളും ചോര്‍ന്നൊലിച്ചതിനാല്‍ ചുമരുകള്‍ക്ക് ബലക്ഷയം സംഭവിച്ചതിനാല്‍ വീട് നിലംപതിക്കുമോ എന്ന ആശങ്കയുമുണ്ട്.
2013-14, 2014-15 വാര്‍ഷിക പദ്ധതിയില്‍ ഇത്തരത്തില്‍ തകര്‍ച്ച നേരിടുന്ന വീടുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കായി ഫണ്ട് നീക്കിവെക്കണമെന്നാവശ്യപ്പെട്ട് ദേശീയവേദി പ്രസിഡന്റ് മുഹമ്മദ് അബ്‌കോ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി.