Connect with us

Gulf

മസ്‌കത്ത് ഫെസ്റ്റിവലിന് 60 രാജ്യങ്ങളില്‍ നിന്ന് പ്രാതിനിധ്യം

Published

|

Last Updated

മസ്‌കത്ത്: വ്യാഴാഴ്ച ആരംഭിക്കുന്ന മസ്‌കത്ത് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത് 60 രാജ്യങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യം. അടുത്ത മാസം 22ന് അവസാനിക്കുന്ന ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സാംസ്‌കാരികം, കല, കായികം, വിനോദം, മാര്‍ക്കറ്റിഗ് തുടങ്ങിയ മേഖലിയിലാണ് രാജ്യത്ത് നിന്നുള്ള സംഘങ്ങള്‍ക്ക് പുറമെ ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്നത്. ഫെസറ്റിവലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. എല്ലാവര്‍ക്കും വേണ്ടിയുള്ള മത്സരം എന്ന പ്രമേയത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള അവസരം ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ട് ദശലക്ഷം സന്ദര്‍ശകരെയാണ് ഈവര്‍ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം സന്ദര്‍ശകരുടെ എണ്ണം 1.6 ദശലക്ഷം ആയിരുന്നു.
മസ്‌കത്ത് ഫെസ്റ്റിവലോടെ രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത്ത ബിന്‍ത് സൈഫ് അല്‍ മഹ്‌റൂഖിയ പറഞ്ഞു. ടൂറിസം മേഖലയെ പരിചയപ്പെടുത്തുന്നതിന് ഫെസ്റ്റിവല്‍ കേന്ദ്രങ്ങളില്‍ കോര്‍ണറുകള്‍ സ്ഥാപിക്കും. ടൂറിസം ഏജന്‍സികളെയും ലക്ഷ്യം വെച്ചാണ് കോര്‍ണറുകള്‍ സ്ഥാപിക്കുന്നത്. വിനോദ സഞ്ചാരികള്‍ വര്‍ധിച്ചതിനാല്‍ ഹോട്ടല്‍ മുറികളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. നിരവധി ഹോട്ടലുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുമാണ് കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ നൂതന സൗകര്യങ്ങളോടെയുള്ള വിവിഘ ഹോട്ടലുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 12,500 ഹോട്ടല്‍ മുറികളാണ് ലഭ്യമായിട്ടുള്ളതെന്നും സൈഫ് അല്‍ മഹ്‌റൂഖിയ പറഞ്ഞു. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്ള ആസ്വാദന പരിപാടികള്‍, വിനോദ പരിപാടികള്‍, ഫണ്‍ ഏരിയ, ഇലക്‌ട്രോണിക് ഗെയിംസ്, ചില്‍ഡ്രന്‍സ് ഷോ തുടങ്ങിയവ നസീം ഗാര്‍ഡനിലാണ് അരങ്ങേറുക. സാംസ്‌കാരിക പൈതൃക പ്രദര്‍ശനം, പരമ്പരാഗത പ്രദര്‍ശനങ്ങള്‍, രാജ്യത്തിനകത്തെയും പുറത്തെയും സാംസ്‌കാരിക ആഘോഷങ്ങള്‍, വിനോദ പരിപാടികള്‍, സാഹസിക പ്രകടനങ്ങള്‍ തുടങ്ങിയവ അമിറാത്ത് പാര്‍ക്കിലും നടക്കും. ഫെസ്റ്റിവല്‍ വര്‍ണാഭമാക്കുന്നതിന് വ്യത്യസ്തമായ പരിപാടികളാണ് ഉള്‍പെടുത്തിയിരുക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രാ സൗകര്യങ്ങള്‍ വികസിപ്പിക്കുകയും യാത്രാ റൂട്ടികളില്‍ താത്കാലിക മാറ്റം വരുത്തുകയും ചെയ്യും. രണ്ട് പാര്‍ക്കുകള്‍ക്ക് സമീപത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വിപുലമായ സൗകര്യമൊരുക്കുമെന്നും നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.