ദുബൈയില്‍ നഗര ഭംഗിക്ക് ചേരാത്ത കെട്ടിടങ്ങള്‍ 200 പൊളിച്ചു മാറ്റി

Posted on: January 20, 2014 6:04 pm | Last updated: January 20, 2014 at 6:04 pm

Building demolition in Abu Dhabiഅബൂദാബി: നഗര ഭംഗിക്ക് അനുയോജ്യമല്ലാതെ നിലനിന്നിരുന്ന 200 കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയതായി അബൂദാബി നഗര സഭ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്നതും നഗരത്തിന്റെ ആകര്‍ഷണീയതക്ക് നിരക്കാത്തതുമായ കെട്ടിടങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ത്തിനിടെ പൊളിച്ചു മാറ്റിയത്. ചെറുതും വലുതുമായ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയവയില്‍ ഉള്‍പ്പെടും. പഴക്കം കാരണം താമസം സുരക്ഷിതമല്ലെന്ന് വിദഗ്ധ പരിശോധനയിലൂടെ അധികൃതര്‍ക്ക് ബോധ്യപ്പെട്ട കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്. അതോടൊപ്പം നഗരഭംഗിക്ക് തടസ്സമാകുന്നതുമായവയും നീക്കം ചെയ്ത കെട്ടിടങ്ങളിലുണ്ട്.

നഗരത്തില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വം നഗരസഭ അതീവ ഗൗരവമായി എടുക്കുന്നതിനാലാണ് ഇത്തരമൊരു നടപടിയുമായി മുന്നോട്ടു പോകുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഓരോ കെട്ടിടത്തിന്റെയും ഉടമസ്ഥര്‍ക്ക് രേഖാ മൂലം അറിയിപ്പ് നല്‍കിയതിന് ശേഷമാണ് നഗരസഭ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയത്. നഗരസഭയുടെ നോട്ടീസ് ലഭിച്ചതനുസരിച്ച് പല കെട്ടിട ഉടമകളും പൊളിച്ചു മാറ്റാന്‍ സ്വയം തയ്യാറായി വന്നിരുന്നു. നോട്ടീസ് വകവെക്കാത്ത ഉടമസ്ഥരുടെ കെട്ടിടങ്ങള്‍ നഗരസഭ നേരിട്ട് ഇടപെട്ട് പൊളിച്ചു മാറ്റുകയായിരുന്നു. അതിന് ആവശ്യമായ സാമ്പത്തിക ബാധ്യത നഗരസഭ അധികൃതര്‍ കെട്ടിട ഉടമകളില്‍ നിന്ന് ഈടാക്കുകയായിരുന്നു.