Connect with us

Business

പ്രതീക്ഷ പകര്‍ന്ന് സെന്‍സെക്‌സും നിഫ്റ്റിയും

Published

|

Last Updated

വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജനുവരിയില്‍ ഇതു വരെ 1600 കോടി രൂപയുടെ നിക്ഷേപം നടത്തിയത് ഓപ്പറേറ്റര്‍മാരുടെ പ്രതീക്ഷകള്‍ക്ക് നിറം പകരുകയാണ്. ഈ വര്‍ഷം ഇതാദ്യയായി സെന്‍സെക്‌സും നിഫ്റ്റിയും പ്രതിവാര നേട്ടം കൈവരിച്ചും നിക്ഷേപകരുടെ പ്രതീക്ഷകള്‍ക്ക് ശക്തി പകരുകയാണ്. സെന്‍സെക്‌സ് 305 പോയിന്റ് വര്‍ധിച്ച് വാരാന്ത്യം 21,063 ലാണ്. 90 പോയിന്റ് ഉയര്‍ന്ന് നിഫ്റ്റി 6261 ലേക്ക് കയറി. അതേ സമയം മിഡ്കാപ്, സമോള്‍ കാപ് ഇന്‍ഡക്‌സുകള്‍ക്ക് തിളങ്ങാനായില്ല.
കോര്‍പ്പറേറ്റ് മേഖല തിളക്കമാര്‍ന്ന ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളാണ് പുറത്തുവിടുന്നത്. ഇതിനിടയില്‍ രാജ്യത്ത് നാണയപ്പെരുപ്പം കഴിഞ്ഞ മാസം കുറഞ്ഞതായുള്ള കണക്കുകളും നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് അടുപ്പിച്ചു.
മുന്‍ നിര ബേങ്കിംഗ് ഓഹരികളില്‍ നിക്ഷേപ താത്പര്യം നിറഞ്ഞു നിന്നു. എച്ച് ഡി എഫ് ഓഹരി വില അഞ്ച് ശതമാനം വര്‍ധിച്ചു. എസ് ബി ഐ, ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയവയും നേട്ടത്തിലാണ്. എല്‍ ആന്‍ഡ് റ്റി, ഭെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസീസ്, ഐ റ്റി സി എന്നിവയിലും നിക്ഷേപകര്‍ താല്‍പര്യം കാണിച്ചു.
ബോംബെ സെന്‍സെക്‌സ് താഴ്ന്ന നിലവാരമായ 21,012 പോയിന്റിലേയ്ക്ക് പരീക്ഷണം നടത്തിയ അവസരത്തിലെ വാങ്ങല്‍ താത്പര്യം വിപണിക്ക് പുതുജീവന്‍ പകര്‍ന്നു. ഈ വേളയിലെ ബുള്‍ തരംഗത്തില്‍ സെന്‍സെക്‌സ് 21,388 വരെ കയറി. അതേസമയം, ഉയര്‍ന്ന നിലവാരത്തില്‍ ആഭ്യന്തര വിദേശ ഫണ്ടുകള്‍ ലാഭമെടുപ്പിനു നീക്കം നടത്തിയത് വാരാന്ത്യം തളര്‍ച്ചയ്ക്ക് ഇടയാക്കി. വാരാന്ത്യം സൂചിക 21,063 ലാണ്.
വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ഈ മാസം ഇതു വരെ 1600 കോടി രൂപയുടെ നിക്ഷേപം നടത്തി. വിദേശ നിക്ഷേപത്തിന്റെ മികവില്‍ വിനിമയ വിപണിയില്‍ യു എസ് ഡോളറിനു മുന്നില്‍ രൂപ 61.60 ലേക്ക് കയറി.
ഡിസംബറില്‍ നാണയപ്പെരുപ്പം കുറഞ്ഞത് നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് ആകര്‍ഷിച്ചു. ഡിസംബറില്‍ നാണയപ്പെരുപ്പം 6.16 ലാണ്. നവംബറില്‍ ഇത് 7.52 ലായിരുന്നു. നവംബറില്‍ നാണയപ്പെരുപ്പം 14 മാസത്തിനിടയിലെ ഉയര്‍ന്ന തലത്തിലായിരുന്നു. മാസാവസാനം നടക്കുന്ന ആര്‍ ബി ഐ വായ്പ്പ അവലോകനത്തില്‍ പലിശ നിരക്കുകള്‍ കേന്ദ്ര ബേങ്ക് സ്‌റ്റെഡിയായി നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം നിക്ഷേപകര്‍.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 6235 വരെ താഴ്ന്ന ശേഷം 6346 ലേക്ക് കയറി. വ്യാപാരാന്ത്യം നിഫ്റ്റി സൂചിക 6261 ലാണ്. ഈവാരം ആദ്യ സപ്പോര്‍ട്ട് 6217-6173 ലാണ്. മുന്നേറ്റത്തിനു നീക്കം നടന്നാല്‍ 6323-6385 ല്‍ പ്രതിരോധം നേരിടാന്‍ ഇടയുണ്ട്.
യുറോപ്യന്‍ ഓഹരി വിപണികള്‍ മികവ് കാണിച്ചു. അതേ സമയം അമേരിക്കയില്‍ ഡൗ ജോണ്‍സ് , നാസ്ഡാക്ക് സൂചികള്‍ക്ക് തുടര്‍ച്ചയായ മുന്നാം വാരത്തിലും നേട്ടത്തിലേക്ക് പ്രവേശിക്കനായില്ല. ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1254 ഡോളറിലും ക്രുഡ് ഓയില്‍ ബാരലിനു 93.30 ഡോളറിലുമാണ്.

Latest