ഗ്രാമീണ റോഡ് വികസന പദ്ധതി നീളുന്നു

Posted on: January 20, 2014 12:16 pm | Last updated: January 20, 2014 at 12:16 pm

മങ്കട: പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ അടങ്കല്‍ തുകയില്‍ 20 ശതമാനം കൂട്ടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടും കരാര്‍ പണി ഏറ്റെടുക്കാന്‍ തയ്യാറാവാത്തത് കാരണം പദ്ധതി അനന്തമായി നീളുന്നു.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ എട്ടാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഴുപതോളം കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നതിന് ഒരു വര്‍ഷം മുമ്പെ ജില്ലയില്‍ അനുമതിയായിരുന്നു. 33 റോഡുകള്‍ക്കായി വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ മൊത്തം 45 കോടി രൂപയുടെ പദ്ധതി വിനീതമായിരുന്നു ജില്ലക്ക് ലഭിച്ചത്.
നിലവിലുള്ള ജോലിക്കാരുടെ കൂലിയും റോഡ് നിര്‍മിക്കുന്നതിനുള്ള വസ്തുക്കളുടെ വിലയും ഉയര്‍ന്നതിനാല്‍ അന്നത്തെ പദ്ധതിക്കനുസരിച്ചുള്ള തുക വകയിരുത്തിയാല്‍ പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കരാറുകാര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. കേന്ദ്ര വിഹിത ഫണ്ട് ആയതിനാല്‍ സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജോലിക്കൂലിയും അസംസ്‌കൃത വസ്തുക്കളുടെ വിലയും ഏറെ ഉയര്‍ന്നതെന്നാണ് കരാറുകാരുടെ വാദം. ഇതിനാല്‍ കഴിഞ്ഞ മൂന്ന് തവണ ടെന്‍ഡര്‍ വിളിച്ചിട്ടും കരാറുകാര്‍ പ്രതികരിച്ചില്ല. ഇതിന്റെ പശ്ചാത്തലത്തിലണ് അടങ്കല്‍തുകയുടെ 20 ശതമാനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന് ശേഷം ഈ കഴിഞ്ഞ പതിനഞ്ചാം തീയതി വീണ്ടും ടെന്‍ഡര്‍ വിളിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. നിലവില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സമ്മര്‍ദഫലമായി തങ്ങളുടെ ഏരിയയിലുള്ള കരാറുകാരെ അടിച്ചേല്‍പ്പിച്ച് കാളികാവ്, വണ്ടൂര്‍, കുറ്റിപ്പുറം, അരീക്കോട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ഓരോ റോഡ് വീതം പ്രദേശത്തെ കരാറുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറായിട്ടുണ്ട്. ഇതു തന്നെ പ്രവൃത്തികള്‍ തുടങ്ങുകയോ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ഇതുവരെയായിട്ടില്ല. പണി ഏറ്റെടുക്കുന്നതിനെതിരെ കരാറുകാരുടെ സംഘടനയുടെ നിരുത്സാഹപ്പെടുത്തലും മുറക്ക് നടക്കുന്നുണ്ടെന്നാണറിവ്. ഇവയുടെ വര്‍ക്ക് തുടങ്ങിയാല്‍ തന്നെ 33ല്‍ 28 റോഡും ഏറ്റെടുക്കാതെ കിടക്കുകയാണ്.
കേന്ദ്ര ഗവണ്‍മെന്റിന്റെ 45 കോടിയും സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്താന്‍ തീരുമാനിച്ച ഇതിന്റെ 20 ശതമാനമായ 9 കോടിയുമടക്കം ഈ പദ്ധതി നീണ്ടാല്‍ ജില്ലക്ക് നഷ്ടമാകുന്നത് മൊത്തം 54 കോടി രൂപയുടെ ഗ്രാമീണ റോഡ് വികസനമാണ്. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയുടെ എട്ടാം പദ്ധതിയായ ഇത് അനന്തമായി നീണ്ടാല്‍ അത് ഒന്‍പതാം പദ്ധതി തുടങ്ങുന്നതിനും തടസമാകും.
ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട റോഡുകള്‍ക്ക് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ അധീനതയിലുള്ളവയാണ്.
പാര്‍ലമെന്റ് ഇലക്ഷന് മുന്നെ ഈ റോഡുകളുടെ പണി ആരംഭിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിച്ചു. എന്നാല്‍ അടങ്കല്‍ തുകയുടെ 40 ശതമാനം എങ്കിലും വര്‍ധിപ്പിക്കാകെ പദ്ധതി ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് കരാറുകാരുടെ വാദം.
പി എം ജി എസ് വൈ സ്‌കീമിലെ റോഡുകളുടെ പണിക്ക് വളരെ ഏറെ നിര്‍ബന്ധങ്ങള്‍ ഉള്‍പ്പെടുത്തിയതും ജോലിക്ക് മുന്നേ മണ്ണ് പരിശോധന അടക്കം പ്രത്യേക ലബോറട്ടറി സജ്ജീകരിക്കേണ്ടതും വര്‍ക്ക് പൂര്‍ത്തിയായതിന് ശേഷം അഞ്ചു വര്‍ഷം റോഡിന് കരാറുകാരന്‍ വാറന്റി നല്‍കണമെന്ന നിര്‍ബന്ധം ഇതിനു വേണ്ടി അഞ്ച് വര്‍ഷത്തേക്ക് പദ്ധതി തുകയുടെ പത്ത് ശതമാനം സര്‍ക്കാര്‍ പിടിച്ച് വെക്കുന്നതും പദ്ധതി ഏറ്റെടുക്കുന്നതില്‍ നിന്ന് കരാറുകാരെ പിന്തിരിപ്പിക്കുന്നു.