കള്ളത്തോക്കുകള്‍ കണ്ടെടുത്ത സംഭവം; പ്രതികളെ പിടികൂടാനായില്ല

Posted on: January 20, 2014 12:15 pm | Last updated: January 20, 2014 at 12:15 pm

കാളികാവ്: ചോക്കാട് നെല്ലക്കര മലവാരത്തിലെ സ്വകാര്യ റബ്ബര്‍തോട്ടത്തിലെ ഏറുമാടത്തില്‍ നിന്ന് രണ്ട് കള്ളത്തോക്കുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനായില്ല.
സംഭവത്തില്‍ തോട്ടം ഉടമയുടെ മക്കള്‍ക്കെത്തിരെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഒരുനാടന്‍ ഒറ്റക്കുഴല്‍ തോക്കും, ഒറിജിനലിനെ വെല്ലുന്ന റിവാള്‍വറുമാണ് ഏറുമാടത്തില്‍ നിന്ന് കണ്ടെടുത്തത്.
നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന പതിനെട്ട് വെടിയുണ്ടകളും, റിവാള്‍വറില്‍ ലോഡ് ചെയ്തിരുന്ന മൂന്ന് ബുള്ളറ്റുകളും ഏറുമാടത്തിലെ രണ്ട് പെട്ടികളിലാക്കി ഒളിപ്പിച്ച് വെച്ച നിലയില്‍ കണ്ടിരുന്നു. പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സാധനങ്ങള്‍ കണ്ടെടുത്തത്. മാവോയിസ്റ്റുകളുടെ സാനിധ്യം ഉണ്ടെന്ന് കണ്ടെത്തിയ ടി കെ കോളനിക്ക് സമീപത്തെ കോഴിപ്ര മലവാരത്തോട് ചേര്‍ന്ന നെല്ലിക്കര മലവാരത്തിലെ റബ്ബര്‍ തോട്ടത്തിലെ ഏറുമാടത്തില്‍ നിന്നാണ് തോക്കുകള്‍ കണ്ടെടുത്തത് എന്നതിനാല്‍ പോലീസ് സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തില്‍ തോക്കുകളുടെ ഉറവിടം കണ്ടെത്തേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണ്. പ്രതികളെ പിടികൂടാതെ തോക്കിന്റെ ഉറവിടം കണ്ടെത്താന്‍ ഏറെ പ്രയാസമാണ്.
പെടയന്താളില്‍നിന്ന് മുമ്പും പല തവണ തോക്കുകള്‍ പിടികൂടിയിട്ടുണ്ട്. ചോക്കാട് പെടയന്താളില്‍ വാറണ്ട് നടപ്പിലാക്കാന്‍ എത്തിയ ഗ്രേഡ് എസ് ഐ യെ വെടിവെച്ചിട്ടതും നാടന്‍ തോക്ക് കൊണ്ടായിരുന്നു. കാട്ടുമൃഗങ്ങളുടെ അക്രമണത്തില്‍ നിന്ന് കൃഷിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഏറുമാടങ്ങള്‍ കെട്ടിയിരിക്കുന്നത്. എന്നാല്‍ തോക്കുകള്‍ എന്തിനാണ് ഇവര്‍ സൂക്ഷിക്കുന്നതെന്നും, നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിവെച്ചിട്ട 12 തിരകളും കണ്ടെത്തിയിരുന്നു. കാട്ടു പന്നികളും, കാട്ടാനകളുമാണ് പ്രദേശത്ത് കൂടുതലായി കൃഷി നശിപ്പിക്കുന്നത്.
ഒരു വര്‍ഷമായി സമീപത്തെ സ്വകാര്യ തോട്ടത്തിലെ കാവല്‍കാരനെ കാട്ടാന ചവിട്ടി കൊന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഏറുമാടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളത്.