Connect with us

Wayanad

കോണ്‍ഗ്രസിനും ബി ജെ പിക്കും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനാകില്ല: മാത്യു ടി തോമസ്‌

Published

|

Last Updated

കല്‍പ്പറ്റ: കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനങ്ങളില്‍ വേരറ്റുപോയ കോണ്‍ഗ്രസിനോ, ബി.ജെ.പിക്കോ 2014ലെ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയില്ലെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എല്‍.എ പ്രസ്താവിച്ചു.
കല്‍പറ്റയില്‍ ചേര്‍ന്ന ജനതാദള്‍ (എസ്) വയനാട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശ്, ഒറീസ, ബിഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ സാന്നിധ്യം തന്നെ അറിയിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ പാര്‍ട്ടികള്‍.
മൂലധന ശക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഇളവുകള്‍ വാരിവിതറുന്ന മന്‍മോഹന്‍ സര്‍ക്കാര്‍ ജനസാമാന്യത്തിന്റെ മിക്ക ആനുകൂല്യങ്ങളും എടുത്തുകളഞ്ഞു. സബ്‌സിഡികളില്ലാത്ത രാഷ്ട്രം എന്ന അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാനുള്ള മന്‍മോഹന്‍ സിങ്ങിന്റെ അജണ്ടý കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യപരിപാടിയായിപ്പോയി. ഈ വികലമായ സാമ്പത്തിക നയങ്ങളുടെ മറവില്‍ അഴിമതി വര്‍ധിച്ചു. ധാര്‍മിക മൂല്യങ്ങള്‍ക്ക് വിലയില്ലാതായി. ഇത് ചെറുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുക എന്നതാണ് ഏക പോം വഴി.
2004ല്‍ ഇടതു മുന്നണിക്കുണ്ടായ രാഷ്ട്രീയ തരംഗം 2014ലും ആവര്‍ത്തിക്കണമെങ്കില്‍ മുന്നണി കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുപോകണമെന്നും മാത്യു ടി. തോമസ് എം എല്‍ എ പറഞ്ഞു.
സംസ്ഥാന വൈ. പ്രസിഡന്റ് പി.എം. ജോയി അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം അഡ്വ. ടി. നാസര്‍ അഹമ്മദ്, സംസ്ഥാന ഭാരവാഹികളായ കെ.എസ്. പ്രദീപ്കുമാര്‍, പി.സി. ദിവാകരന്‍, ജില്ലാ പ്രസിഡന്റുമാരായ എന്‍.കെ. മുഹമ്മദ്കുട്ടി, കെ. ലോഹ്യ, കെ.എന്‍. രാമചന്ദ്രന്‍, നേതാക്കളായ പി.കെ. കേശവന്‍, വി.എം. വര്‍ഗീസ്, സാജു ഐക്കരക്കുന്നത്ത്, ബെഞ്ചമിന്‍ ഈശോ, സി.കെ. ഉമ്മര്‍, എം.ജെ. പോള്‍, അഷ്‌റഫ് എടപ്പറ്റ, വി.സി. കുഞ്ഞബ്ദുല്ല, പ്രേംരാജ് ചെറുകര, അന്നമ്മ പൗലോസ്, പി.ടി. സന്തോഷ്, പി. അബ്ദുല്‍ ഗഫൂര്‍, അഷ്‌റഫ് കരിപ്പാലി, വി.എം. കൃഷ്ണന്‍കുട്ടി, കുര്യാക്കോസ് മുള്ളന്‍മട എന്നിവര്‍ സംസാരിച്ചു.

 

Latest