Connect with us

Kozhikode

ആഭ്യന്തരമന്ത്രി സ്ഥാനം വെല്ലുവിളികള്‍ നിറഞ്ഞത്: രമേശ് ചെന്നിത്തല

Published

|

Last Updated

കോഴിക്കോട്: വെല്ലുവിളികള്‍ നിറഞ്ഞ പദവിയാണ് ആഭ്യന്തരമന്ത്രി സ്ഥാനമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ പി സി സി അധ്യക്ഷപദവിയെ അപേക്ഷിച്ച് അത്ര സുരക്ഷിതമല്ലാത്ത സ്ഥാനമാണിതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിബോധത്തോടെ മാതൃകാപരമായി ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന ചുമതല നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും ചെന്നിത്തല അറിയിച്ചു. കേന്ദ്രസര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ വിപുലമായ പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിക്കണം. 2009 നേക്കാള്‍ മികച്ച രീതിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാമെന്നാണ് കോണ്‍ഗ്രസും യു പി എയും പ്രതീക്ഷിക്കുന്നത്.
വര്‍ഗ്ഗീയത ആളിക്കത്തിച്ച് അധികാരത്തിലെത്തിക്കാന്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി നടത്തുന്ന ശ്രമങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. മതേതരത്വത്തെ നിരാകരിച്ച് ജനാധിപത്യസംവിധാനത്തെ തന്നെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയെ സഹായിക്കുന്ന നിലപാടാണ് സി പി എമ്മും ഇടതുപക്ഷ കക്ഷികളും സ്വീകരിക്കുന്നത്.
അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ട് യു പി എയെ താഴെയിറക്കി ബി ജെ പിയെ അധികാരത്തിലേറ്റാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. ഫെബ്രുവരിയോടെ പാര്‍ട്ടിയിലെ മണ്ഡലതലം മുതലുള്ള പുനഃസംഘടന പൂര്‍ത്തീകരിക്കുമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഡി സി സി പ്രസിഡന്റ് കെ സി അബു, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ എന്‍ സുബ്രഹ്മണ്യന്‍, കെ പി അനില്‍കുമാര്‍, ടി സിദ്ദിഖ്, സെക്രട്ടറിമാരായ എം പ്രേമചന്ദ്രന്‍, കെ ജയന്ത്, കെ പ്രവീണ്‍കുമാര്‍ പങ്കെടുത്തു.

Latest