നഗരത്തിന് ആവേശം പകര്‍ന്ന് കാര്‍ റാലി

Posted on: January 20, 2014 12:05 pm | Last updated: January 20, 2014 at 12:05 pm

കോഴിക്കോട്: നഗരത്തിന് ആവേശം പകര്‍ന്ന് വൈസ്‌മെന്‍സ് ക്ലബ്ബ് കാലിക്കറ്റ് മെട്രൊ ക്യാന്‍സര്‍ കെയറിന്റെ ഭാഗമായി കാര്‍ റാലി സംഘടിപ്പിച്ചു.
രാവിലെ എട്ടിന് ബീച്ച് ഹോട്ടല്‍ പരിസരത്ത് നിന്ന് തുടങ്ങിയ റാലി നിലമ്പൂര്‍ നാടുകാണി ചുരം വഴി 143.6 കിലോമീറ്റര്‍ താണ്ടി ഗൂഡല്ലൂരിലാണ് സമാപ്പിച്ചത്. റാലി സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഫഌഗ്ഓഫ് ചെയ്തു. 35 കാറുകളാണ് റാലിയില്‍ അണിചേര്‍ന്നത്.
റാലി പുറപ്പെടുന്നതിന് മുമ്പ് റൂട്ട് മാപ്പ് നാവിഗേറ്റര്‍ക്ക് നല്‍കുകയും മൂന്ന് മണിക്കൂര്‍ 42 സെക്കന്റുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുകയുമായിരുന്നു മത്സര രീതി. മത്സരത്തില്‍ വിനീഷ് കടലുണ്ടി, ഹബീബ് റഹ്മാന്‍, സലീം ചേറ്റുവ എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇവര്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ സമ്മാനം ലഭിച്ചു.
ഉദ്ഘാടനച്ചടങ്ങില്‍ വൈസ് മെന്‍സ് ക്ലബ്ബ് പ്രസിഡന്റ് എം എ സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് മെന്‍സ് ക്ലബ്ബ് ഡിസ്ട്രിക് ഗവര്‍ണര്‍ എം എന്‍ ജോര്‍ജ്, റാലി ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാന്‍ എം മൊയ്തീന്‍, എം എ കോയ, കെ ഹംസ, ടി ജി ജോസഫ് പ്രസംഗിച്ചു.