ചിട്ടി തട്ടിപ്പ് കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍

Posted on: January 20, 2014 12:04 pm | Last updated: January 21, 2014 at 9:31 pm

പാലക്കാട്: മുല്ലക്കല്‍ ചിട്ടി തട്ടിപ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ചിട്ടിക്കമ്പനി റീജനല്‍ മാനേജര്‍ എറണാകുളം ചെറായി പടിഞ്ഞാറെ കാട്ടില്‍ നിഷാദ് (29) ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം അന്വേഷണച്ചുമതലയുള്ള ചിറ്റൂര്‍ സി ഐ. ടി എ സിദ്ദീഖിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു.
ചിട്ടി ഉടമയും ഒന്നാം പ്രതിയുമായ എറണാകുളം പള്ളുരുത്തി പെരുമ്പടപ്പ് കിഴൂര്‍ ഹൗസില്‍ ആന്റണി കോശി (36)യെ ഡിസംബര്‍ 17ന് എറണാകുളത്തുനിന്ന് പോലീസ് പിടികൂടിയിരുന്നു. മാനേജിംഗ് പാര്‍ട്ണര്‍ ഷെറിന്‍ ആന്റണി, ജനറല്‍ മാനേജര്‍ സാബു, ഫീല്‍ഡ് മാനേജര്‍ ദിപിന്‍ കെ മോഹനന്‍ എന്നിവര്‍ ഒളിവിലാണ്. തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുല്ലക്കല്‍ ചിട്ടി ഫണ്ട് കമ്പനിക്ക് പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലായി ഒമ്പത് ബ്രാഞ്ചുകളുണ്ട്.
ഇതില്‍ ഏറ്റവുമധികം തട്ടിപ്പ് നടത്തിയത് ചിറ്റൂര്‍ ബ്രാഞ്ചില്‍ നിന്നാണ്. ഇടപാടുകാരില്‍നിന്ന് ഒരു കോടിയോളം രൂപ തട്ടിപ്പ് നടത്തിയ ചിട്ടിക്കമ്പനിക്കെതിരെ ചിറ്റൂര്‍ പോലീസില്‍ മാത്രം 1098 പരാതികളുണ്ട്. ചിറ്റൂര്‍ ഗവണ്‍മെന്റ് കോളജിന് എതിര്‍വശത്ത് കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച മുല്ലക്കല്‍ചിട്ടി കമ്പനി കഴിഞ്ഞ ഒക്ടോബറിലാണ് ഇടപാടുകാരെ കബളിപ്പിച്ച് ഓഫീസ് അടച്ചുപൂട്ടിയത്.
ഉടമയടക്കം പ്രധാന ജീവനക്കാര്‍ പണവുമായി മുങ്ങുകയായിരുന്നു. നിഷാദിനെ ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ്‌ചെയ്തു.