Connect with us

Kozhikode

കുട്ടികളുടെ മൗലികാവകാശ നിഷേധം: സി ഡബ്ല്യു സി കേസെടുത്തു

Published

|

Last Updated

വെള്ളമുണ്ട: ഗോത്രസാരഥി പദ്ധതി നിലച്ചതോടെ ആദിവാസി വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പഠനം ഉപേക്ഷിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കുട്ടികളുടെ മൗലികാവകാശ നിഷേധത്തിനെതിരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി (സി ഡബ്ല്യൂ സി)സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്രമാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സി ഡബ്ല്യു സി അന്വേഷണം ആരംഭിച്ചത്. വെള്ളമുണ്ട പഞ്ചായത്തിലെ മൊതക്കര ഗവ. എല്‍ പി സ്‌കൂളില്‍ നിന്ന് നിരവധി വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ചതായി റിപോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പി ടി എ ക്കും പ്രധാനാധ്യാപകര്‍ക്കും വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കും സി ഡബ്ല്യു സി നോട്ടീസയക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനെത്തുടര്‍ന്ന് പ്രധാനാധ്യാപകന്‍ നല്‍കിയ വിശദീകരണത്തില്‍ 77 കുട്ടികള്‍ ഈ പദ്ധതി പ്രയോജനപ്പെടുത്തി സ്‌കൂളില്‍ വന്നിരുന്നതായും നവംബറില്‍ പദ്ധതി പ്രകാരം ഫണ്ട് നല്‍കേണ്ട ട്രൈബല്‍ വകുപ്പ് ഫണ്ടില്ലെന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വാഹന സൗകര്യം നിലച്ചതോടെ ഇവരില്‍ ഭൂരിഭാഗം കുട്ടികളും സ്‌കൂളിലെത്തുന്നില്ലെന്നും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി ഡബ്ല്യു സി 153/13 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
സ്‌കൂളില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരമുള്ള വാളാരംകുന്ന് പണിയകോളനി സന്ദര്‍ശിച്ച കമ്മിറ്റി അംഗങ്ങളോട് 22 വിദ്യാര്‍ഥികള്‍ തങ്ങള്‍ വാഹനമില്ലാത്തിതിനാലാണ് സ്‌കൂളില്‍ പോകാത്തതെന്നറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പഠനം നിര്‍ത്തിയ ആദിവാസികള്‍ നിരവധിയാണ്. ഈ അധ്യയനവര്‍ഷാരംഭത്തിലാണ് ജില്ലയിലെ ജനപ്രതിനിധികൂടിയായ വകുപ്പ് മന്ത്രി ഏറെകൊട്ടിഘോഷിച്ച് ആദിവാസി വിദ്യാര്‍ഥികളെ വാഹനങ്ങളില്‍ വിദ്യാലയങ്ങളിലെത്തിക്കുന്ന ഗോത്രസാരഥിക്ക് തുടക്കമിട്ടത്. ഇതോടെ നേരത്തെ ഈ ദൗത്യം നിറവേറ്റിയിരുന്ന പല പഞ്ചായത്തുകളും ഈ ആവശ്യത്തിന് ഫണ്ടനുവദിക്കാതെയായി. ട്രൈബല്‍ വകുപ്പാകട്ടെ മൂന്ന് മാസം മാത്രമാണം ഈയിനത്തില്‍ പി ടി എക്ക് ഫണ്ട് നല്‍കിയത്. ഫലത്തില്‍ പഞ്ചായത്ത് ഫണ്ടും ട്രൈബല്‍ ഇല്ലാതെ കുട്ടികളുടെ വാഹന സൗകര്യം പാതിവഴിക്കു നിര്‍ത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സി ഡബ്ല്യു സി കുട്ടികളുടെ മൗലികാവകാശ നിഷേധത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്.
വാളാരംകുന്നില്‍ അന്വേഷണത്തിനായി ചെയര്‍മാന്‍ അഡ്വ. തോമസ് ജോസഫ് തേരകം, അഡ്വ. ബാലസുബ്രഹ്ണ്യന്‍, ഡോ. ബെറ്റി ജോസ്, പി ലക്ഷ്ണന്‍ എന്നിവരാണ് കോളനിയിലെത്തിയത്.

Latest