Connect with us

Articles

ഡല്‍ഹിയിലെ കൂട്ടബലാത്സംഗങ്ങള്‍

Published

|

Last Updated

ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമാണ്. മനുഷ്യന്റെ ശിരസ്സ് പോലെ സുരക്ഷിതമായി കാക്കേണ്ട സ്ഥലവും സുരക്ഷിതത്വം അനുഭവപ്പെടേണ്ട സ്ഥലവുമാണ് രാജ്യ തലസ്ഥാനം. എന്നാല്‍, രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലെന്നതിന് ധാരാളം ദാരുണ ദൃഷ്ടാന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി ബസ്സിനകത്ത് വെച്ച് കൂട്ടമാനഭംഗത്തിനിരയാകുകയും മരിക്കുകയും ചെയ്ത സംഭവം ഇന്ത്യാ മഹാരാജ്യത്താക്കെ വന്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായിരുന്നു. ജനങ്ങള്‍ സ്വമേധയാ പ്രക്ഷോഭത്തിന് ഡല്‍ഹി തെരുവീഥികളില്‍ അണി നിരന്നു. ഷീലാ ദീക്ഷിത് സര്‍ക്കാറിന്റെ പ്രതിച്ഛായയെ സാരമായി തകര്‍ക്കുന്നതിന് ആ കൂട്ടബലാത്സംഗവും ജനപ്രക്ഷോഭവും കാരണമാകുകയും ചെയ്തു. ഇവ്വിധത്തില്‍ പ്രതിച്ഛായ തകര്‍ന്നതിനാല്‍ കൂടിയാണ് വ്യക്തിപരമായി ഷീലാ ദീക്ഷിതും പ്രാസ്ഥാനികമായി കോണ്‍ഗ്രസ് പാര്‍ട്ടിയും തോറ്റമ്പിയതും ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കെജ്‌രിവാളും താരങ്ങളായതും.
എന്നാല്‍ കെജരിവാള്‍ മന്ത്രിസഭ കോണ്‍ഗ്രസ് പിന്തുണയോടെ അധികാരം ഏറ്റെടുത്തിട്ട് ഒരു മാസം തികയുന്നതിനു മുമ്പ് തന്നെ, ഇന്ത്യാ മഹാരാജ്യത്തെ ലോകസമക്ഷം തല കുനിപ്പിക്കാന്‍ കാരമായ മറ്റൊരു കൂട്ടബലാത്സംഗവും പിടിച്ചുപറിയും ഡല്‍ഹിയില്‍ നടന്നിരിക്കുന്നു. ഇത്തവണ ബലാത്സംഗത്തിന് ഇരയായത് ഡാനീഷ് മധ്യവയസ്‌കയാണ്. അമ്പത്തൊന്ന് വയസ്സുകാരിയായ വിനോദസഞ്ചാരിയാണ് ഡല്‍ഹി തെരുവില്‍ പിച്ചിച്ചീന്തപ്പെട്ടതും കൊള്ളയടിക്കപ്പെട്ടതും. പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനി ബസ്സിനകത്ത് വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായതില്‍ ഷീലാ ദീക്ഷിത് സര്‍ക്കാറിനുള്ള അതേ ധാര്‍മികോത്തവാദിത്വം ഡാനീഷ് വനിത കൂട്ടബലാത്സംഗത്തിന് ഇരയായതില്‍ കെജരിവാള്‍ സര്‍ക്കാറിനും ഉണ്ട്. ഭരണവും ഭരണകര്‍ത്താക്കളും മാറി എന്നതു കൊണ്ട് ഡല്‍ഹിയില്‍ സ്ത്രീകള്‍ സുരക്ഷിതരായിട്ടില്ലെന്ന് ചുരുക്കം. ബലാത്സംഗത്തിന് ഇരയായത് വിദേശ വനിത ആയതുകൊണ്ട് ഡല്‍ഹി നിവാസികള്‍ തെരുവില്‍ ഇറങ്ങി പ്രക്ഷോഭം കൂട്ടാനോ കെജരിവാളിന്റെ കോലം കത്തിക്കാനോ ഇടവരില്ല. പക്ഷേ, ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ ഡല്‍ഹിയില്‍ ഇനിമേല്‍ ഉണ്ടാകാതിരിക്കാന്‍ ഷീലാ ദീക്ഷിത് സര്‍ക്കാര്‍ അവലംബിച്ചതിനേക്കാള്‍ നടപടികളാണ് അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ കൈക്കൊള്ളാന്‍ പോകുന്നത് എന്ന ചോദ്യത്തിന് ആം ആദ്മി പാര്‍ട്ടി മറുപടി പറയേണ്ടിവരിക തന്നെ ചെയ്യും.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഒരു കൂട്ടം സാമൂഹികവിരുദ്ധരാണ് ഡാനീഷ് വനിതയെ കൊള്ളയടിച്ചതും ബലാത്സംഗം ചെയ്തതും എന്നാണ് ഡല്‍ഹി പോലീസ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മാനഭംഗം ചെയ്തവരും മദ്യത്തിന്റെ ലഹരിയിലായിരുന്നു. ഇതില്‍ നിന്ന് മനസ്സിലാകുന്നത് ഡല്‍ഹി സ്ത്രീസുരക്ഷാ പ്രദേശമാക്കിത്തീര്‍ക്കാന്‍ ഭരണകൂടം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉത്പാദനം, വിതരണം, വിപണനം എന്നിവക്ക് മേല്‍ കടുത്ത നിയന്ത്രണ നടപടികള്‍ കൊണ്ടുവന്നേ മതിയാകൂ എന്നാണ്. അല്ലാത്ത പക്ഷം തലക്ക് വെളിവില്ലാത്ത അഭിനവ ദുശ്ശാസനന്മാര്‍ പാഞ്ചാലിമാരെ തരം കിട്ടുന്നിടത്തെല്ലാം വെച്ച് വസ്ത്രാക്ഷേപം ചെയ്ത് ഇന്ത്യയുടെ മാനം കെടുത്തിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. പക്ഷേ, അരവിന്ദ് കെജരിവാള്‍ സര്‍ക്കാറോ ആം ആദ്മി പാര്‍ട്ടിയോ മദ്യത്തിനും മയക്കുമരുന്നിനും എതിരെ തങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്തെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. ജനങ്ങളുടെ തലക്ക് വെളിവില്ലാതാക്കുന്ന മദ്യവും മയക്കുമരുന്നുകളും നിരോധിക്കാതെ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഏതൊരു ജനപക്ഷ രാഷ്ട്രീയവും തലക്ക് വെളിവില്ലാത്തവരുടെ ഉച്ചക്കിറുക്കായി തീരാനും ഇടയുണ്ട്.
ഗാന്ധിജിയെയും അഭിനവ ഗാന്ധിയെന്നു ചിലരെങ്കിലും വിശേഷിപ്പിക്കാന്‍ ആവേശം കാണിക്കുന്ന അന്നാ ഹസാരെയെയും ആദര്‍ശമാതൃകകളാക്കി ഗാന്ധിത്തൊപ്പിയും ചൂലും അടയാളമാക്കി പ്രവര്‍ത്തിക്കുന്ന ഒരു നവ ലിബറല്‍ രാഷ്ട്രീയ പ്രസ്ഥാനമാണ് ആം ആദ്മി പാര്‍ട്ടി. അതിന്റെ മാര്‍ഗദര്‍ശന ഗ്രന്ഥം അരവിന്ദ് കെജരിവാള്‍ തയ്യാറാക്കിയ “സ്വരാജ്” എന്ന പുസ്തകമാണെന്ന് ആം ആദ്മി അംഗമായ സാറാ ജോസഫിനെ പോലുള്ളവര്‍ അവകാശപ്പെടുന്നതും കേട്ടുവരുന്നുണ്ട്. ഇവിടെ വെച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കാനുണ്ട്.
തനിക്ക് രാജ്യഭരണാവസരം കിട്ടിയാല്‍ താന്‍ ആദ്യം ചെയ്യുക മദ്യവും മയക്കുമരുന്നും പാടെ നിരോധിക്കുക എന്നതായിരിക്കും എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഒപ്പം ഗാന്ധിജി വിഭാവനം ചെയ്യുന്ന രാഷ്ട്രത്തില്‍ ഏത് നട്ടപ്പാതിരക്കും ഏത് തെരുവിലൂടെയും ഏത് സ്ത്രീക്കും നിര്‍ഭയം തനിയേ നടക്കാന്‍ തക്ക സുരക്ഷിതത്വം ഉണ്ടായിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ഗാന്ധിജി ആം ആദ്മി പാര്‍ട്ടിക്ക് മാതൃകാ നേതാവെങ്കില്‍, അവര്‍ ഭരണം കൈയാളിയ ഉടനെ ചെയ്യേണ്ടിയിരുന്നത് മദ്യവും മയക്കുമരുന്നും നിരോധിക്കുകയും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. അതവര്‍ ഡല്‍ഹിയില്‍ ചെയ്തു കണ്ടില്ല. പക്ഷേ, മദ്യത്തെയും മയക്കുമരുന്നിനെയും നിയമം മൂലം നിരോധിക്കാതെ ഡല്‍ഹി തെരുവുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന സാഹചര്യം ഉണ്ടാക്കുക എന്നത് ഏറെ അസാധ്യമായിരിക്കും. ഡാനീഷ് വനിത കൂട്ടബലാത്സംഗത്തിന് ഇരയായതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ അങ്ങനെ ചിന്തിക്കാനേ വഴി വെക്കുന്നുള്ളൂ. അഴിമതി പോലും മദ്യമെന്ന സഹചരനോടൊത്താണ് എപ്പോഴും നിലനില്‍ക്കുന്നത്. മദ്യപാനിയെ അഴിമതി ചെയ്യിപ്പിക്കാനുള്ളത്ര എളുപ്പം മദ്യപാനിയല്ലാത്തൊരാളെ അഴിമതി ചെയ്യിപ്പിക്കാന്‍ ഉണ്ടായിരിക്കില്ല. മാത്രമല്ല മദ്യവും മയക്കുമരുന്നും നാടിന്റെ മാത്രമല്ല വീടിന്റെയും ആഭ്യന്തര സമാധാനം തകര്‍ക്കുന്നതിനും കാരണമാണ്. അതിനാല്‍ നാട്ടിലും വീട്ടിലും സമാധാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഏതൊരു ആദര്‍ശാത്മക രാഷ്ട്രീയ പ്രയോഗവും മദ്യത്തിനും മയക്കുമരുന്നിനും എതിരെ കടുത്ത നിയമ നടപടികള്‍ കൈക്കൊള്ളാന്‍ പ്രതിജ്ഞാബദ്ധമായിരിക്കേണ്ടതുണ്ട്. ആം ആദ്മിയും അരവിന്ദ് കെജരിവാളും ആദര്‍ശരാഷ്ട്രീയത്തിന്റെ പ്രയോഗം നടത്തുന്നവരാണെന്നു ജനം കരുതിക്കൊണ്ടിരിക്കേ അവര്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എന്ത് നടപടി എടുക്കുമെന്ന കാര്യം ഉറ്റുനോക്കാന്‍ ആരും പ്രേരിതരാകുകയും ചെയ്യും.