വ്യക്തത വരട്ടെ

Posted on: January 20, 2014 6:00 am | Last updated: January 19, 2014 at 9:00 pm

കേന്ദ്രമന്ത്രി ഡോ. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മൃതദേഹം ലോധിറോഡ് വൈദ്യുതി ശ്മശാനത്തില്‍ അലിഞ്ഞുചേര്‍ന്ന് രണ്ട് ദിവസം പിന്നിടുകയാണ്. മരണം കഴിഞ്ഞ് മണിക്കൂറുകളേറെ കഴിഞ്ഞെങ്കിലും ഇതിന്റെ പ്രകമ്പനം കൂടുതല്‍ ശക്തമാകുന്നുണ്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ദിവസം ചെല്ലുംതോറും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ കനവും കൂടി വരുന്നു.

ഒരു മരണം ഇത്രമാത്രം ചര്‍ച്ചയാകേണ്ടതുണ്ടോയെന്ന സംശയങ്ങള്‍ ഉയര്‍ന്നേക്കാം. സുനന്ദയുടെ ഭര്‍ത്താവ് ശശി തരൂര്‍ ഒരു ജനപ്രതിനിധിയാണ്; മന്ത്രിയാണ്. ജനങ്ങളോട് ഉത്തരവാദിത്വമുള്ള വ്യക്തിയാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളേറെ ബാക്കിവെച്ചിട്ടുണ്ട് സുനന്ദ. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത് അന്വേഷണ സംഘമാണ്. മരണവുമായി ബന്ധപ്പെട്ട് ഒരു വ്യക്തത വരുന്നതു വരെ ശശി തരൂരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും നീതിയല്ല. ഇവിടെയാണ് സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതിന്റെ ആവശ്യത്തിന് പ്രസക്തിയേറുന്നത്. മരണ കാരണം കണ്ടെത്തേണ്ടത് മറ്റാരാക്കേളും ഇന്ന് ശശി തരൂരിന്റെ ആവശ്യമാണ്.
ഒരു കേന്ദ്രമന്ത്രിയുടെ ഭാര്യ ആയത് മാത്രമല്ല, സുനന്ദ പുഷ്‌കറിന്റെ മരണം ഇത്ര സജീവ ചര്‍ച്ചയാകുന്നത്. അവ്യക്തതകള്‍ നിറഞ്ഞതായിരുന്നു സുനന്ദ-തരൂര്‍ പ്രണയവും വിവാഹവും. പണമൊഴുക്കിന്റെ മേളയെന്ന് ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്ത ഐ പി എല്ലിലൂടെയാണ് തരൂര്‍-സുനന്ദ പ്രണയം പുറംലോകമറിയുന്നത്. ഐക്യരാഷ്ട്ര സംഘടനയില്‍ നിന്ന് വിരമിച്ച് രാഷ്ട്രീയ പ്രവേശം നടത്തി തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു വിദേശകാര്യ സഹമന്ത്രി പദം വഹിച്ച് കൊണ്ടിരുന്ന കാലത്താണ് കേരളത്തിന് സ്വന്തമായി ഒരു ഐ പി എല്‍ ടീം എന്ന സ്വപ്‌നം ശശി തരൂര്‍ പങ്ക് വെക്കുന്നത്. മലയാളിയുടെ അഭിമാനം ഉയര്‍ത്താന്‍ എന്ന മട്ടിലാണ് ഐ പി എല്ലില്‍ കൊച്ചി ടസ്‌കേഴ്‌സ് എന്ന ടീമിനെ തരൂര്‍ അവതരിപ്പിക്കുന്നത്. എന്നാല്‍, മലയാളിയുടെ ആത്മാഭിമാനത്തിനപ്പുറം കൊച്ചി ടസ്‌കേഴ്‌സിന്റെ തിരശ്ശിലീക്ക് പിന്നിലെ കളികള്‍ പുറം ലോകം അറിഞ്ഞത് ഐ പി എല്ലിനെ അന്ന് നയിച്ചിരുന്ന ലളിത് മോഡിയിലൂടെയാണ്. കൊച്ചി ടീമില്‍ കാശ്മീര്‍ സ്വദേശിനിയായ സുനന്ദ പുഷ്‌കറിന് വിയര്‍പ്പ് ഓഹരിയുണ്ടെന്നും തരൂരിന് ഇവരുമായി ബന്ധമുണ്ടെന്നുമായിരുന്നു ലളിത് മോഡിയുടെ വെളിപ്പെടുത്തല്‍. ശശി തരൂരിന്റെ മന്ത്രിപദവും ലളിത് മോഡിയുടെ ഐ പി എല്‍ ചെയര്‍മാന്‍ പദവിയും തെറിക്കുന്നതിലേക്കാണ് ഈ വെളിപ്പെടുത്തല്‍ വിവാദം വളര്‍ന്നത്.
മന്ത്രിപദം രാജി വെച്ച തരൂര്‍ പിന്നീട് സുനന്ദയെ വിവാഹം ചെയ്യുന്നതാണ് കണ്ടത്. ജനപ്രതിനിധിയെങ്കിലും വ്യക്തി ജീവിതത്തില്‍ ‘അപ്പര്‍ ക്ലാസ്’ സംസ്‌കാരം കൊണ്ടുനടക്കുന്ന രണ്ട് പേരുടെ പ്രണയവും വിവാഹവുമെന്ന നിലയിലാണ് കേരളം ഇതിനെ ഉള്‍ക്കൊണ്ടത്. കുറഞ്ഞ കാലം കൊണ്ട് തന്നെ സുനന്ദ മലയാളിക്ക് ചിരപരിചിതയുമായി. രണ്ടാമതും ശശി തരൂര്‍ മന്ത്രിപദത്തിലെത്തിയ കാലം മുതല്‍ തന്നെ സുനന്ദ-തരൂര്‍ ബന്ധത്തിലെ വിള്ളലും ഉപശാലകളില്‍ കേട്ടു തുടങ്ങി. ഇതിന്റെ പ്രത്യാഘാതം മനസ്സിലാക്കിയ തരൂര്‍ തിരുവനന്തപുരത്തെ പൊതുപരിപാടികളില്‍ സുനന്ദയെ കൂടെ കൂട്ടിയാണ് തങ്ങളുടെ ‘ദാമ്പത്യ ബന്ധം ദൃഢമാക്കി’യിരുന്നത്. ബന്ധത്തിലെ ഉലച്ചിലിന് പിന്നില്‍ പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍ ആണെന്നും തങ്ങള്‍ വേര്‍പിരിയുകയാണെന്നും സുനന്ദ തന്നെ വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ കൈവിടുന്ന സാഹചര്യമുണ്ടായി. സംയുക്ത പ്രസ്താവന ഇറക്കിയാണ് തരൂര്‍ ഈ വിവാദത്തില്‍ നിന്ന് തലയൂരിയത്.
എന്നാല്‍, കാര്യങ്ങള്‍ നല്ല നിലയിലാകുമെന്ന തരൂരിന്റെ പ്രതീക്ഷകളെല്ലാം തല്ലിസെറസടുത്തുന്നതാണ് സുനന്ദയുടെ മരണം. സംശയങ്ങളുടെ വലിയൊരു പുകമറയാണ് സുനന്ദ അവശേഷിപ്പിച്ചിരിക്കുന്നത്. ഒരു നിഗമനത്തിലെത്തും മുമ്പ് തരൂരിനെ ക്രൂശിക്കാനുമാകില്ല. മരണ വീട്ടിലെ ദുഃഖം മാറും മുമ്പ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയത്തിലേക്ക് വരെ ഇതിനെ വലിച്ചുനീട്ടുന്നത് ദൗര്‍ഭാഗ്യകരമാണ്. നീതി ആര്‍ക്കും നിഷേധിക്കപ്പെടരുത്. സുനന്ദയുടെ ആത്മാവിനും ശശി തരൂരിനും ഒരുപോലെ നീതി ലഭിക്കണം. അതിനു വേണ്ടത് കൃത്യവും നിഷ്പക്ഷവുമായ അന്വേഷണമാണ്. അന്വേഷണമാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് തരൂര്‍ തന്നെ കത്ത് നല്‍കിയത് ശ്രദ്ധേയമാണ്. ബാഹ്യ ഇടപെടലുകള്‍ അനുവദിക്കരുത്. സംശയങ്ങള്‍ക്ക് ഇട നല്‍കാത്ത വിധം മരണ കാരണം പുറം ലോകത്തെ അറിയിക്കാന്‍ കഴിയണം. ഒപ്പം ഇത്തരം വിഷയങ്ങളിലെ പ്രതികരണങ്ങളില്‍ അവധാനത പുലര്‍ത്താനും പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം.