Connect with us

International

ഈജിപ്ത് ഭരണഘടനക്ക് 98 ശതമാനം ജനങ്ങളുടെ പിന്തുണ

Published

|

Last Updated

കൈറോ: ഈജിപ്തിലെ പുതിയ ഭരണഘടനക്ക് രാജ്യത്തെ 98.1 ശതമാനം ജനങ്ങളുടെയും പൂര്‍ണ പിന്തുണ. പുതിയ ഭരണഘടനയുടെ അംഗീകാരം ആവശ്യപ്പെട്ട് ഇടക്കാല സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടന്ന ഹിത പരിശോധനയുടെ ഫലം ശനിയാഴ്ച അര്‍ധ രാത്രിയോടെ പ്രഖ്യാപിച്ചു. ഇതോടെ ബ്രദര്‍ഹുഡ് നേതാവും മുന്‍ പ്രസിഡന്റുമായ മുഹമ്മദ് മുര്‍സി കൊണ്ടുവന്ന ഭരണഘടന റദ്ദാക്കിയിട്ടാണ് ഇടക്കാല സര്‍ക്കാറും സൈനിക നേതൃത്വവും പുതിയ ഭരണഘടന തയ്യാറാക്കിയത്. ജനകീയ പ്രക്ഷോഭത്തിനെ തുടര്‍ന്ന് മുഹമ്മദ് മുര്‍സിയും ബ്രദര്‍ഹുഡ് ഭരണകൂടവും പുറത്തായ സാഹചര്യത്തില്‍ പഴയ ഭരണഘടനയെ അംഗീകരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ജനഹിത പരിശോധനക്ക് മുമ്പ് സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചിരുന്നു. 38.6 ശതമാനം പോളിംഗാണ് നടന്നതെന്നും 5.3 കോടി ജനങ്ങള്‍ വോട്ട് ചെയ്‌തെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താക്കള്‍ അറിയിച്ചു.
രാജ്യത്തെ നിരോധിത സംഘടനയായ ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ അക്രമാസക്തമായ പ്രക്ഷോഭം നടക്കാന്‍ സാധ്യതയുള്ളതിനാലാണ് ശനിയാഴ്ച ഏറെ വൈകി ഫലം പ്രസിദ്ധീകരിച്ചതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബ്രദര്‍ഹുഡ് ബഹിഷ്‌കരിച്ച ഹിത പരിശോധനക്കിടെ വ്യാപകമായ ആക്രമണങ്ങളായിരുന്നു കഴിഞ്ഞയാഴ്ച നടന്നത്. 11 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനിടെ നിരവധി ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് ഹിതപരിശോധന നടന്നത്. പുതിയ ഭരണഘടനക്ക് ജനങ്ങളുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ ബ്രദര്‍ഹുഡ് പ്രക്ഷോഭം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേതുടര്‍ന്ന് തലസ്ഥാനമായ കൈറോയിലും മറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മുര്‍സിയുടെ ഭരണകാലത്ത് കൊണ്ടുവന്ന ഭരണഘടന ഹിത പരിശോധനക്കിട്ടപ്പോള്‍ 33 ശതമാനം പോളിംഗാണ് നടന്നതെങ്കില്‍ ഇപ്രാവിശ്യം 38.6 ശതമാനം പോളിംഗ് നടന്നിട്ടുണ്ട്. 64 ശതമാനം മാത്രമായിരുന്നു മുര്‍സിക്ക് അനുകൂലമായി അന്ന് വോട്ട് ചെയ്തതെങ്കില്‍ ഔദ്യോഗിക കണക്കനുസരിച്ച് പുതിയ ഭരണഘടനക്ക് 98.1 ശതമാനം ജനങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
പുതിയ ഭരണഘടന അംഗീകരിക്കില്ലെന്നും ഹിത പരിശോധന പ്രഹസനമാണെന്നും ബ്രദര്‍ഹുഡ് നേതാക്കള്‍ കുറ്റപ്പെടുത്തി. പുതിയ ഭരണഘടന ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും മാനിക്കുന്നതാകണമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു.

Latest